'ഓർമ നശിച്ചു... ആരും വിളിക്കാനുമില്ല..., കെ.ബി ഗണേഷ്‌കുമാർ ഇടക്കിടെ കാണാനെത്തും'; ടി.പി മാധവന്റെ ജീവിതം!
500ൽ അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച മലയാളത്തിന്റെ പ്രിയതാരമാണ് ടി.പി മാധവൻ. വാർധക്യ കാലത്ത് പത്തനാപുരത്ത് ഗാന്ധിഭവനിൽ ഓർമകൾ നഷ്ടപ്പെട്ട് കഴിയുകയാണ് താരം. ഒരു കാലത്ത് മോഹൻലാൽ മമ്മൂട്ടി സിനിമകളിൽ ടി.പി മാധവൻ സ്ഥിരം സാന്നിധ്യമായിരുന്നു.
മറവി പിടികൂടിയതോടെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും കുറിച്ചുള്ള ഓർമകൾ നഷ്ടപ്പെട്ടു. വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെ ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ശിഷ്ടകാലം കഴിച്ച് കൂട്ടുകയാണ് താരം. അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയൊക്കെ ആയിരുന്നു ടി.പി മാധവൻ.
പക്ഷെ ഇപ്പോൾ തന്റെ സഹപ്രവർത്തകരുമായൊന്നും താരം ബന്ധം പുലർത്തുന്നില്ല. പലരുടെയും മുഖങ്ങളും പേരുകളും വരെ മറന്ന് പോയിരിക്കുന്നു. മലയാള സിനിമയിൽ നിന്നുള്ള വളരെ ചുരുക്കം താരങ്ങൾ മാത്രമാണ് മാധവനെ സന്ദർശിക്കാൻ ഗാന്ധി ഭവനിൽ ഇതുവരെ എത്തിയിട്ടുള്ളത്. സുരേഷ് ഗോപി, ഗണേഷ് കുമാർ, ജയരാജ് വാര്യർ, നടി ചിപ്പി, താരത്തിന്റെ ഭർത്താവും നിർമാതാവുമായ എം.രഞ്ജിത്ത്, മധുപാൽ തുടങ്ങിയവരാണ് അവർ.

ഇടയ്ക്കിടെ ടി.പി മാധവനെ കുറിച്ചുള്ള കുറിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഗാന്ധിഭവനിൽ എട്ട് വർഷം പൂർത്തിയാക്കിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചുള്ള വിശദ വിവരം ഗാന്ധിഭവന്റെ സോഷ്യൽമീഡിയ പേജിൽ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. പുതുവസ്ത്രങ്ങൾ ധരിച്ച് സന്തോഷവാനായി ഇരിക്കുന്ന മാധവനാണ് പുതിയ വീഡിയോയിലുള്ളത്.
ഓർമകൾ നഷ്ടപ്പെട്ടതിനാൽ മറുപടികൾ പറയുന്നതിൽ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടുകളുണ്ട്. ആര് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ എന്നെ കാണാൻ ആര് വരാൻ എന്നാണ് മറുപടി. അടുത്തിടെ മാധവന്റെ മകൻ അദ്ദേഹത്തെ ഗാന്ധിഭവനിൽ വന്ന് സന്ദർശിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ആ വാർത്തയിൽ സത്യമില്ലെന്നും അങ്ങനൊന്ന് സംഭവിച്ചിട്ടില്ലെന്നും അമൽ രാജ് പറയുന്നു. 'ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി.'
'ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു', എന്നാണ് ഓണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ടി.പി മാധവൻ പറഞ്ഞത്. സഹപ്രവർത്തകരെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... 'സഹപ്രവർത്തകരെ പ്രതീക്ഷിക്കുന്നു. പക്ഷെ അവർക്കൊന്നും ഇങ്ങോട്ടുപോകാനുള്ള സമയവും വഴിയുമില്ല. റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ. ഞാൻ എങ്ങും പോകുന്നില്ല', എന്നായിരുന്നു മറുപടി.

പ്രസാദ് നൂറനാടാണ് ടി.പി മാധവനെ എട്ട് വർഷം മുമ്പ് ഗാന്ധി ഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ വന്നശേഷവും അദ്ദേഹം ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. ശേഷമാണ് മറവി രോഗം പിടിപെട്ടത്. ഗാന്ധിഭവനിലെ പ്രധാന ഓഫീസിന് മുകളിലുള്ള മുറിയാണ് ടി.പി മാധവൻ താമസിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും മറ്റും ഈ മുറിയിൽ തന്നെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
പ്രേം നസീർ പുരസ്‌കാരം, രാമു കാര്യാട്ട് അവാർഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങൾ അദേഹത്തിന് ലഭിച്ചത് ഗാന്ധി ഭവനിൽ എത്തിയശേഷമാണ്. എട്ട് വർഷത്തിനിടെ അദ്ദേഹത്തെ കാണാൻ ചലച്ചിത്ര മേഖലയിൽ നിന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമാണ് എത്തിയത്. പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി ഗണേഷ്‌കുമാർ ഇടക്കിടെ അദ്ദേഹത്തെ സന്ദർശിക്കാറുണ്ട്.
സുരേഷ് ഗോപി വന്ന് കണ്ട് സഹായങ്ങൾ ചെയ്തിരുന്നു. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയിട്ടുള്ളത് എന്നാണ് ഗാന്ധിഭവന്റെ നടത്തിപ്പുകാരിൽ ഒരാളായ അമൽ രാജ് പറഞ്ഞത്.
സിനിമ വിട്ട് ഹരിദ്വാറിൽ തീർഥാടനത്തിന് പോയ ടി.പി മാധവൻ അവിടെ തമാസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും.


Click it and Unblock the Notifications