ഫുൾ കോൺഫിഡൻസിൽ തെലുങ്കിൽ ഒരു സ്പീച്ച്, കിങ്‍ഡം പ്രസ് റിലീസ് ഇവന്റ് തൂക്കി മലയാളികളുടെ വെങ്കി, വീഡിയോ വൈറൽ!
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ ട്രെന്റിങ്ങാകുന്നതും ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോ ഒരു യുവനടന്റെ പ്രസംഗമാണ്. അത് മറ്റാരുമല്ല നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനും അവതാരകനും നായിക നായകൻ റിയാലിറ്റി ഷോ ഫെയിമുമായ വെങ്കിടേഷ് വി പി എന്ന വെങ്കിയുടെ പ്രസംഗമാണ്.
തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ റിലിസീനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ കിങ്ഡത്തിൽ വില്ലനായി അഭിനയിക്കുന്നത് വെങ്കിടേഷാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന കിങ്‍ഡം പ്രസ് റിലീസ് ഇവന്റിൽ അതിഥിയായി വെങ്കിടേഷും പങ്കെടുത്തിരുന്നു. ചടങ്ങിനിടെ പ്രസംഗിക്കാൻ വെങ്കിടേഷിനും അവസരം കിട്ടി. തെലുങ്കിൽ താരം ചെയ്യുന്ന ആദ്യ സിനിമയാണ് കിങ്ഡം.

മലയാളിയായ യുവനടൻ എന്ത് പ്രസംഗിക്കാനാണ്... ഇംഗ്ലീഷിൽ രണ്ട് ലൈനിൽ നന്ദി പറഞ്ഞ് മടങ്ങുമായിരിക്കും എന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് ഫുൾ കോൺഫിഡൻസിൽ ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഒരു തെലുങ്ക് പ്രസംഗം വെങ്കിടേഷ് ഒരു തെറ്റ് പോലും സംഭവിക്കാതെ കാച്ചി. എനർജറ്റിക്കായ പ്രസംഗത്തിലൂടെ തെലുങ്ക് ഓഡിയൻസ് മുഴുവൻ വെങ്കിയുടെ പോക്കറ്റിനുള്ളിലായി.
ഇത്രത്തോളം വലിയ സദസും വലിയൊരു വേദിയും എന്റെ ജീവിതത്തിൽ ആദ്യമായാണ് സംഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വെങ്കിടേഷ് സംസാരിച്ച് തുടങ്ങുന്നത്. ഇത്രത്തോളം വലിയ സദസും വലിയൊരു വേദിയും എന്റെ ജീവിതത്തിൽ ആദ്യമായാണ് സംഭവിക്കുന്നത്. ഇങ്ങനൊരു വേദി വളരെ നാളുകളായുള്ള എന്റെ സ്വപ്നമായിരുന്നു.
സ്വപ്നം സാധിച്ചത് കിങ്ഡം സിനിമ കാരണമാണ്. എന്റെ സ്ഥലം കേരളമാണ്. പേര് വെങ്കിടേഷ്. നിങ്ങൾക്ക് എന്നെ വെങ്കിയെന്ന് വിളിക്കാം. മലയാളം ഇന്റസ്ട്രിയിൽ ബാഗ്രൗണ്ട് ആർട്ടിസ്റ്റായും ഒറ്റ ഡയലോഗ് മാത്രമുള്ള കഥാപാത്രമായും ചെറിയ ചെറിയ വേഷങ്ങൾ ചെയ്തും തമിഴ് സിനിമയിൽ വില്ലൻ വേഷം ചെയ്തും ആണ് ഞാൻ ഇന്ന് കിങ്ഡത്തിൽ എത്തി നിൽക്കുന്നത്.
ഒമ്പത് വർഷത്തെ യാത്രയാണ്. ഈ നിമിഷത്തിൽ എന്നെ കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു. കിങ്ഡത്തിൽ അവസരം കിട്ടിയതിലും ഞാൻ ഹാപ്പിയാണ്. സിത്താര എന്റർടെയ്ൻമെന്റ്സിനാണ് എനിക്ക് ആദ്യം നന്ദി പറയാനുള്ളത്.

ഞാൻ ഇതുവരെ പ്രവർത്തിച്ചതിൽ ഏറ്റവും ബെസ്റ്റ് പ്രൊഡക്ഷൻ സിത്താര എന്റർടെയ്ൻമെന്റ്സിന്റേതാണ്. എനിക്ക് കാരവാൻ ലഭിച്ച ആദ്യത്തെ സിനിമയും കിങ്ഡമാണ്. അത് എനിക്ക് വളരെ വലിയ കാര്യമാണ്. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ കാര്യത്തിലും ഞാൻ വളരെ നന്ദിയുള്ള ആളാണ്.
കിങ്ഡത്തിന്റെ മുഴുവൻ കാസ്റ്റ് ആന്റ് ക്രൂവിനും ഞാൻ ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. മെച്ചപ്പെട്ട രീതിയിൽ തന്നെ എന്നെ ഏൽപ്പിച്ച ജോലി കിങ്ഡത്തിൽ ഞാൻ ചെയ്തുവെന്ന് കരുതുന്നു. എനിക്ക് എന്നെത്തന്നെ ഒരു ഹീറോയായി കാണാനാണ് ഇഷ്ടം. അതിന് വേണ്ടിയാണ് താടിപോലും കട്ട് ചെയ്ത് വന്നത്. കിങ്ഡത്തിന് വേണ്ടി ഡബ്ബ് ചെയ്തതും ഞാനാണ്. സംവിധായകരും നിർമാതാക്കളും പരിഗണിക്കുമെന്ന് കരുതുന്നു.
അനിരുദ്ധ് മ്യൂസിക്ക് ചെയ്ത സിനിമയിൽ അഭിനയിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഞാൻ വലിയൊരു തലൈവർ രജിനി സാർ ആരാധകനാണ്. ഓഡിഷൻ പോലും ഇല്ലാതെയാണ് എന്നെ ഗൗതം സാർ ഈ റോളിന് തെരഞ്ഞെടുത്തതെന്നും വെങ്കിടേഷ് പറഞ്ഞു. സഹതാരങ്ങളേയും സഹപ്രവർത്തകരേയും എല്ലാം പേരെടുത്ത് പറഞ്ഞ് നന്ദി അറിയിക്കാനും വെങ്കിടേഷ് മറന്നില്ല. വിജയ് ദേവരകൊണ്ട അടക്കം സദസിലിരുന്ന എല്ലാവരും പ്രസംഗം ആസ്വദിച്ചുവെന്നത് വീഡിയോയിൽ വ്യക്തം.


Click it and Unblock the Notifications











