'അമ്മയായതിന് ശേഷവും ഞാന്‍ സുന്ദരിയാണെന്ന് അദ്ദേഹം പറയുന്നു'; 45 ദിവസം കൊണ്ട് ഭാരം കുറച്ച് സുന്ദരിയായി ലിന്റു!
സോഷ്യൽമീഡിയ ഉപഭോക്താക്കൾക്ക് ലിന്റു റോണിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. വ്ലോഗർ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന നിലയിലും പ്രശസ്തയാണ് നടി ലിന്റു റോണി. താരത്തിന്റെ റീൽസ് വീഡിയോകളെല്ലാം വളരെ വേഗത്തിലാണ് വൈറലാകാറുള്ളത്. അടുത്തിടെയാണ് ലിന്റുവിന് കുഞ്ഞ് പിറന്നത്.
ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി ലിന്റു തന്റെ ആരാധകരെ അറിയിച്ചിരുന്നു. ആൺകുഞ്ഞാണ് താരത്തിന് പിറന്നത്. ലെവി എന്നാണ് കുഞ്ഞിന് താരം പേരിട്ടിരിക്കുന്നത്. അടുത്തിടെ മകന്റെ നൂലുകെട്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ ലിന്റു പങ്കുവെച്ചിരുന്നു.
സിസേറിയനിലൂടെയാണ് ലിന്റു കുഞ്ഞിന് ജന്മം നൽകിയത്. പ്രസവം കഴിഞ്ഞ് നാൽപ്പത്തിയഞ്ച് ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ ദിവസം മനോഹരമായൊരു ഡാൻസ് വീഡിയോ താരം പങ്കുവെച്ചിരുന്നു. വീഡിയോ കണ്ട എല്ലാവരും അത്ഭുതപ്പെട്ടത് ലിന്റുവിന്റെ ശരീരഭാരം അതിവേഗത്തിൽ കുറഞ്ഞതെങ്ങനെ എന്ന് ആലോചിച്ചാണ്.

വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ ഏറെയും എങ്ങനെയാണ് വേഗത്തിൽ മെലിഞ്ഞത് എന്ന് ചോദിച്ചുള്ളതായിരുന്നു. പ്രസവം കഴിഞ്ഞിട്ട് 45 ദിവസം... ഒരു അമ്മയായതിന് ശേഷവും ഞാന്‍ സുന്ദരിയാണെന്ന് അദ്ദേഹം പറയുന്നു എന്ന ക്യാപ്ഷനോടെയാണ് ഡാന്‍സ് വീഡിയോ ലിന്റു പങ്കുവെച്ചിരിയ്ക്കുന്നത്. എന്നാൽ മെലിഞ്ഞതിന് പിന്നിലെ രഹസ്യം ലിന്റു വെളിപ്പെടുത്തിയിട്ടില്ല.
എല്ലാം കമന്റുകൾക്കും താഴെ ചിരിക്കുന്നതും, സയലന്റ് എന്ന് കാണിക്കുന്നതുമായ ഇമോജികളാണ് ലിന്റു പങ്കുവെച്ചത്. 2014ല്‍ റോണി ഈപ്പന്‍ മാത്യുവിനെ വിവാഹം ചെയ്തതോടെ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് ലിന്റു. ലണ്ടനില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം അവിടെ സെറ്റില്‍ഡാണ് ലിന്റു.
നീണ്ട ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലിന്റുവിനും റോണിക്കും കുഞ്ഞ് പിറന്നത്. കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ താൻ നേരിട്ട പരിഹാസങ്ങളെയും വിഷമങ്ങളെയും കുറിച്ച് ലിന്റു തന്നെ വെളിപ്പെടുത്തിയിരുന്നു. ഗർഭകാലം ലിന്റുവിനെ പോലെ ആഘോഷിച്ച മറ്റൊരു സ്ത്രീയുണ്ടോയെന്ന് സംശയമാണ്.
കുഞ്ഞിന് ദോഷം വരാത്ത രീതിയിൽ തനിക്ക് വേണ്ട എല്ലാ സന്തോഷവും താൻ ആസ്വദിച്ചിരുന്നുവെന്ന് ലിന്റു തന്നെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. പ്രസവത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഫോട്ടോഷൂട്ട് നടത്തിയും ലിന്റു അത്ഭുതപ്പെടുത്തിയിരുന്നു. സിസേറിയനിലൂടെയാണ് ലിന്റു കുഞ്ഞിന് ജന്മം നൽകിയത്.

അവസാന നിമിഷം തനിക്ക് സി സെക്ഷന്‍ വേണ്ടി വന്നതിന് കാരണം കുഞ്ഞ് ബ്രീച്ച് പൊസിഷനിലാണെന്നതായിരുന്നു എന്നാണ് ലിന്റു പറഞ്ഞത്. നോര്‍മല്‍ ഡെലിവറി ആഗ്രഹിച്ചതായിരുന്നു താനെന്നും ലിന്റു പറഞ്ഞിരുന്നു. ജനിച്ച് 24 മണിക്കൂറിന് മുമ്പ് കുഞ്ഞിന് ചെറിയ ഒരു ഇന്‍ഫക്ഷന്‍ വന്നതിനെ കുറിച്ചും അതിനെ തുടര്‍ന്നുള്ള മാനസിക വിഷമത്തെ കുറിച്ചുമൊക്കെ ലിന്റു പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നത് ലിന്റുവിന്റെ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും വ്യക്തമാണ്. കുഞ്ഞിന്റെ ജെന്‍ഡര്‍ റിവീല്‍ ഒരു എയര്‍ ഷോയിലൂടെയാണ് ലിന്റു നടത്തിയത്. വിദേശത്തായതുകൊണ്ടാണ് അതിന് ലിന്റുവിന് സാധിച്ചത്.
ഒരമ്മയാവാന്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. മരിച്ചുപോയ ഭിന്നശേഷിക്കാരനായ തന്റെ സഹോദരന്റെ പേരാണ് കുഞ്ഞിന് ലിന്റു നൽകിയിരിക്കുന്നത്. തനിക്കും തന്റെ സഹോദരനെ പോലൊരു കുഞ്ഞാണ് പിറക്കുകയെന്ന് പലരും പറഞ്ഞ് കുത്തി വേദനിപ്പിച്ചിട്ടുണ്ടെന്ന് ലിന്റു തന്നെ വെളിപ്പെടുത്തിയിരുന്നു.
എന്ന് സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ മകന്‍, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെയാണ് ലിന്റു ശ്രദ്ധിക്കപ്പെട്ടത്. വാടാമല്ലി, മാന്ത്രികന്‍, ചങ്ക്‌സ്, ആദം ജോണ്‍ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലും കന്നഡയിലും സാന്നിധ്യം അറിയിച്ചു.


Click it and Unblock the Notifications