'ഇപ്പോൾ കണ്ടാൽ തന്നെ 150 കിലോയുണ്ടെന്ന് പറയുമല്ലോ....'; നടി മഞ്ജു പത്രോസിന്റെ വർക്കൗട്ട് വീഡിയോയ്ക്ക് പരിഹാസം!
ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തം വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടെത്തുന്ന മഞ്ജുവിന് എതിരെ സൈബർ ആക്രമണവും പതിവായിരുന്നു. ഇതിനെതിരെ പലപ്പോഴും മഞ്ജു ലൈവിൽ എത്തിയിട്ടുണ്ട്.
അടുത്തിടെയാണ് വളരെ നാളുകളായി മനസിൽ കൊണ്ടുനടന്നിരുന്ന വീടെന്ന സ്വപ്നം മഞ്ജു പത്രോസ് സാധിച്ച് എടുത്തത്. സ്വന്തമായി ഭൂമി വാങ്ങി അതിൽ മനോഹരമായ ഒരു വീട് വെക്കാൻ സാധിച്ചത് തന്റെ മാത്രം പ്രയത്നം കൊണ്ടല്ലെന്നും സുഹൃത്തുക്കളുടേയും ഫാമിലിയുടേയും അകമഴിഞ്ഞ പിന്തുണ കൊണ്ട് കൂടിയായിരുന്നുവെന്നും മഞ്ജു പത്രോസ് അടുത്തിടെ പറഞ്ഞിരുന്നു.
വെറുതെ അല്ല ഭാര്യയിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാൻ എത്തിയ മഞ്ജു പിന്നീട് പതിയെ അഭിനയത്തിലേക്ക് ചുവടുമാറ്റി. മോഹൻലാലിനൊപ്പം വരെ ശ്രദ്ധേയ വേഷങ്ങൾ മഞ്ജു പത്രോസ് ചെയ്തിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ വലിയ വിമർശനമാണ് പലപ്പോഴും മഞ്ജുവിന് ലഭിക്കുന്നത്. ഇപ്പോഴിത വീണ്ടും ബോഡി ഷെയ്മിങിന് ഇരയായിരിക്കുകയാണ് മഞ്ജു പത്രോസ്.

മഞ്ജു കസ്റ്റമറായ ഫിറ്റ്നസ് സെന്ററിന്റെ പ്രമോഷന് വേണ്ടി തന്റെ ട്രെയിനർക്കൊപ്പം ഒരു പ്രമോഷൻ വീഡിയോ മഞ്ജു പത്രോസ് ചെയ്തിരുന്നു. ഒരു മാസം കൊണ്ട് വളരെ ഹെൽത്തിയായി വർക്ക് ഔട്ട് ചെയ്ത് താൻ നാലര കിലോ ഭാരം വരെ കുറച്ചുവെന്നാണ് പ്രമോഷൻ വീഡിയോയിൽ പറയുന്നത്.
വളരെ പെട്ടന്ന് ഇരുപത് കിലോ ഭാരം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് പലരും പരസ്യത്തിൽ വാഗ്ദാനം ചെയ്യുമെന്നും അതിലൊന്നും വിശ്വസിക്കരുതെന്നും പിന്നീട് അതൊക്കെ ശരീരത്തെ ദോഷമായി ബാധിക്കുമെന്നുമാണ് പ്രമോഷൻ വീഡിയോയിൽ ട്രെയിനർക്കൊപ്പം നിന്ന് സംസാരിച്ച് മഞ്ജു പത്രോസ് പറയുന്നത്.
വീഡിയോ വൈറലായതോടെ മഞ്ജുവിന് നിരവധി ബോഡി ഷെയ്മിങ് കമന്റുകൾ ലഭിക്കാൻ തുടങ്ങി. ഇപ്പോൾ കണ്ടാൽ തന്നെ 150 കിലോയുണ്ടെന്ന് പറയുമല്ലോ..., ഇതേതാ പുതിയ ലേഡി സൂപ്പർ ചാർ എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്. മുമ്പും പലതവണ ബോഡി ഷെയ്മിങ്, കുടുംബം എന്നിവയുടെ പേരിൽ വിമർശനം വന്നപ്പോൾ ആദ്യമൊന്നും മഞ്ജു പ്രതികരിച്ചിരുന്നില്ല. പിന്നീട് കമന്റുകൾ പരിധിവിടുന്നുവെന്ന് തോന്നിയപ്പോഴാണ് മഞ്ജു പത്രോസ് ശക്തമായി പ്രതികരിച്ചത്.
മഞ്ജുവിന് ഒരു മകനാണുള്ളത്. പുതിയ വീടിന്റെ പാല് കാച്ചൽ വീഡിയോ മഞ്ജു പങ്കുവെച്ചപ്പോഴും വിമർശനം വന്നിരുന്നു. ഭർത്താവ് സുനിച്ചൻ എവിടെ?, നിങ്ങൾ തമ്മിൽ ഡിവോഴ്സായോ?, ഇത്ര പ്രധാനപ്പെട്ട ചടങ്ങായിട്ടും ഭർത്താവ് വന്നില്ലെ? എന്നെല്ലാമാണ് കമന്റുകൾ വന്നത്.

മഞ്ജുവിന്റെ ഉറ്റ സുഹൃത്ത് സിമിയും മഞ്ജുവും ലെസ്ബിയൻസാണെന്ന തരത്തിലും വിമർശനങ്ങൾ വരാറുണ്ട്. 'മരിക്കാത്തവനെ കൊന്നും ഡിവോഴ്സ് ആകാത്തവരെ തമ്മിൽ പിരിച്ചും ഗർഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങൾ മാധ്യമധർമ്മം നിറവേറ്റാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ... ഒരു മുറിയും ഒരു ഫോണും ഇൻർനെറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങൾക്ക് ഇതിനൊക്കെയുള്ള ലൈസൻസ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ് തെരുവ് നായ്ക്കൾക്ക് പോലുമുണ്ട്.'
'ഒരു കാര്യം നിങ്ങൾ മനസിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങൾക്ക് ഓരോരുത്തർക്കുമുണ്ട്. ഞാനൊരു സെലിബ്രിറ്റി അല്ല. അഭിനയം എന്റെ തൊഴിൽ മാത്രമാണ്. ജീവിതം കൈവിട്ട് പോകാൻ പോകുന്നു എന്നറിഞ്ഞ നിമിഷത്തിൽ അത് കെട്ടിപ്പടുക്കാൻ അഹോരാത്രം ഓടിയ ഒരുത്തിയാണ് ഞാൻ.'
'എന്നെപ്പോലെ ഒരുപാട് സ്ത്രീകൾ ഇവിടെയുണ്ട്. ബാങ്കിൽനിന്ന് ലോണെടുത്തും പണിയെടുത്തും ഒരു വീട് വച്ചപ്പോൾ അത് കോടികളുടെ വീടാക്കി നിങ്ങൾ... നിങ്ങളാണോ എന്റെ വീട്ടിൽ കോടികൾ കൊണ്ട് തന്നത് ?ഹൗസ് വാമിങ്ങിന് സുനിച്ചനെ കാണാതായപ്പോൾ, നല്ലകാലം വന്നപ്പോൾ അവനെ ഒഴിവാക്കി അവൾ ആഘോഷിക്കുന്നു എന്ന് പറഞ്ഞു നിങ്ങൾ.. സുനിച്ചനെ ഡൈവോഴ്സ് ചെയ്തു പോലും.. അതൊക്കെ നിങ്ങൾ സ്വയമങ്ങ് തീരുമാനിച്ചാൽ മതിയോ?'
'അല്ലെങ്കിൽ ആ മനുഷ്യൻ എവിടെയെങ്കിലും വന്നു നിങ്ങളോട് പറഞ്ഞോ ഞാൻ അദ്ദേഹത്തിനെ ഒഴിവാക്കിയെന്ന്? അതൊക്കെ പോട്ടെ ഞങ്ങൾ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ മാധ്യമങ്ങളെ നിങ്ങൾക്ക് എന്താണ്? കേരളം നേരിടുന്ന ആഭ്യന്തരപ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യം?' എന്നാണ് ക്ഷമ നശിച്ച് മോശം കമന്റുകളിൽ പ്രതിഷേധിച്ച് മഞ്ജു പത്രോസ് കുറിച്ചത്.


Click it and Unblock the Notifications











