'ഡിഒപി എന്താണെന്ന് അറിയില്ലായിരുന്നു, ഞാൻ ഫെമിനിസ്റ്റല്ല, ഒന്നിലും ഇടപെടാറില്ല'; നടി ശാന്തി കൃഷ്ണ പറയുന്നു
രണ്ടാം വരവിലും പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടികൾ വളരെ ചുരുക്കമാണ് ഇന്ത്യൻ സിനിമയിൽ. എന്നാൽ ശാന്തികൃഷ്ണയെ അന്നും ഇന്നും ആരാധകർക്കേറെയിഷ്ടമുള്ള നടിയാണ്. വ്യക്തി ജീവിതത്തിൽ ധാരാളം കനൽവഴികൾ താണ്ടിയെത്തിയ പ്രിയ നായികയെ ഏറെ കരുതലോടെയാണ് സിനിമാപ്രേമികൾ കൊണ്ടുനടക്കുന്നത്.
1980ൽ മലയാളസിനിമയിലെ നായികാ സാന്നിധ്യമായ ശാന്തികൃഷ്ണ വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് വിട്ടുനിന്നത്. വിവാഹബന്ധം പരാജയമായതോടെ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്ന ശാന്തികൃഷ്ണ വീണ്ടും വിവാഹിതയായതോടെ വെള്ളിത്തിരയോട് വിടപറഞ്ഞു.
രണ്ടാം വിവാഹബന്ധവും തകർന്നതോടെയാണ് 2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളെ എന്ന ചിത്രത്തിലൂടെ നായികാ പ്രാധാന്യമുള്ള ഒരു വേഷം ചെയ്ത് മലയാള സിനിമയിൽ വീണ്ടും ചുവടുറപ്പിച്ചത്.
അമ്മ വേഷങ്ങളിലൂടെയാണ് മടങ്ങി വരവ് എങ്കിൽപ്പോലും ശക്തമായ കഥാപാത്രങ്ങളായിരുന്നു ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചതെല്ലാം. കുട്ടനാടൻ മാർപാപ്പ പോലുള്ള ചെറിയ സിനിമകളിൽ ശാന്തി കൃഷ്ണ അഭിനയിച്ചത് പോലും അമ്മ വേഷമാണെങ്കിലും ആ കഥാപാത്രത്തിന്റെ പ്രാധാന്യം വലുതായിരുന്നു എന്നതുകൊണ്ടാണ്.

മാർഗം കളി, ഉൾട്ട എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ശാന്തി കൃഷ്ണയുടെ സിനിമകൾ. തിരികെ, ഗോൾഡ് എന്നിവയടക്കം നിരവധി സിനിമകൾ റിലീസിനെത്താൻ തയ്യാറെടുക്കുകയുമാണ്.
ഒരു കാലത്ത് മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയിട്ടുള്ള നടി ഇപ്പോഴത്തെ സിനിമാ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബിഹൈൻഡ് വു്സിന് നൽകിയ അഭിമുഖത്തിൽ.
മലയാളി അല്ലെങ്കിൽ പോലും വലിയ സ്വീകാര്യത തൊണ്ണൂറുകളിൽ ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു.

'ഇന്നത്തെ സിനിമയും ഷൂട്ടിങ് സെറ്റപ്പുകളുമെല്ലാം മാറി. ലൊക്കേഷനിൽ ചെന്നാൽ പല കാര്യങ്ങളും മനസിലാക്കിയെടുക്കാൻ സമയമെടുക്കും.'
'പണ്ടൊക്കെയാണെങ്കിൽ സംവിധായകൻ, പ്രൊഡക്ഷൻ മാനേജർ, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി നമ്മൾ എപ്പോഴും പറയുന്ന കുറച്ച് പേരുകളെ ഉണ്ടാകൂ... എന്നാൽ ഇപ്പോൾ ഡിഒപി, ഏഡീസ് തുടങ്ങി പുതിയ പുതിയ കുറെ ആളുകളും അവരുടെ സേവനങ്ങളും സിനിമയിലുണ്ട്.'
'ആദ്യമൊക്കെ ഡിഒപി എന്താണെന്ന് മനസിലായിരുന്നില്ല. അർഥം അറിയില്ലായിരുന്നു. പിന്നീടത് ചോദിച്ച് മനസിലാക്കുകയായിരുന്നു. മാത്രമല്ല പണ്ട് മോണിറ്ററിൽ നോക്കുന്ന പരിപാടിയില്ലായിരുന്നു.'

'ഇപ്പോൾ ഷോട്ട് കഴിഞ്ഞാൽ കൂടെ അഭിനയിക്കുന്നവരെല്ലാം ഉടൻ മോണിറ്റർ നോക്കാൻ പോകും. എനിക്ക് അത് ശീലമില്ലാത്തതിനാൽ മറന്ന് പോകും. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അവർ എനിക്കും സൂപ്പർസ്റ്റാറുകൾ തന്നെയാണ്.'
'ഞാൻ ഓവർ ഫ്രീഡമെടുത്ത് സംസാരിക്കാൻ പോകാറില്ല. എംടി സാറാണ് സുകൃതത്തിന് തിരക്കഥയൊരുക്കിയത്. ജീവിതത്തിലെ തന്നെ വലിയൊരു സുകൃതമാണ് ആ കഥാപാത്രം. ആ സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു ഞാൻ.'
'ഡബ്ലുസിസിയെന്ന സംഘടനയുടെ രൂപീകരണത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചോ എന്റെയടുത്ത് ചോദിക്കരുത്. ഞാൻ ഫെമിനിസ്റ്റല്ല. ഒന്നിലും ഞാൻ ഇടപെടാറില്ല.'
Recommended Video

'ഒന്നിനെക്കുറിച്ചും സംസാരിക്കാറുമില്ല. അതേക്കുറിച്ച് സംസാരിക്കേണ്ടതില്ല. ഫെമിനിസത്തെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ ചിന്താഗതികളുണ്ടാവും. ആ വഴിക്ക് പോകുന്നയാളല്ല ഞാൻ.'
'വേദന എല്ലാവർക്കും ഒരുപോലെയാണെന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇത്തരം കാര്യത്തിൽ ഉള്ളൂവെന്ന് തോന്നുന്നു' ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിലും പ്രാധാന്യമുള്ള വേഷമാണ് ശാന്തി കൃഷ്ണ ചെയ്യുന്നത്.
പൃഥ്വിരാജാണ് ചിത്രത്തിൽ നായകൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് സിനിമയുടെ നിർമാണം. നയൻതാരയാണ് നായിക.


Click it and Unblock the Notifications