കാവ്യയുടെയും ദിലീപിന്റെയും മാത്രമല്ല, ഈ വര്‍ഷം വിവാഹിതരായ 19 ജോഡികളിതാ...
കാവ്യ മാധവന്റെയും ദിലീപിന്റെയും വിവാഹമാണ് ഇപ്പോഴും മലയാള സിനിമയിലെ ചര്‍ച്ചാ വിഷയം. തീര്‍ച്ചയായും, ഒറ്റ സുപ്രഭാതത്തില്‍ എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള കാവ്യയുടെയും ദിലീപിന്റെയും വിവാഹം എല്ലാവരെയും ഞെട്ടിച്ചിരുന്നു.
2016 മോഹന്‍ലാലിന് മാത്രമുള്ളതാണ്; ഇന്റര്‍വെല്ലിന് ശേഷം തനി ലാലിസമായിരുന്നു!!
എന്നാല്‍ കാവ്യയും ദിലീപും മാത്രമല്ല ഈ വര്‍ഷം വിവാഹിതരായത്. ശ്രുതി ലക്ഷ്മി മുതല്‍ ശ്രീനാഥ് ഭാസി വരെ ഈ പട്ടികയില്‍ പെടുന്നു. നോക്കാം 2016 ല്‍ വിവാഹിതരായ ആ 19 ജോഡികള്‍ ആരൊക്കെയാണെന്ന്

ശ്രുതി ലക്ഷ്മി
ജനുവരി മൂന്നിനായിരുന്നു നടി ശ്രുതി ലക്ഷ്മി (ശ്രുതി ജോസ്) യുടെയും അവിന്‍ ആന്റോയുടെയും വിവാഹം. രണ്ടിന് നടന്ന വിവാഹ നിശ്ചയവും മൂന്നിന് നടന്ന കല്യാണവുമൊക്കെ വളരെ ആര്‍ഭാടമായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി
സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി വിവാഹിതനായതും 2016 ന്റെ തുടക്കത്തിലാണ്. ജനുവരി 10 നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ജാസ്മിന്റെയും വിവാഹം

അസിന്‍
2016 അവസാനത്തിന്റെ ആഘോഷം ദിലീപ് - കാവ്യ വിവാഹമാണെങ്കില്‍, തുടക്കത്തില്‍ ആഘോഷം അസിന്റെയും രാഹുലിന്റെയും വിവാഹമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം അസിന്റെയും രാഹുല്‍ ശര്‍മയുടെയും വിവാഹത്തില്‍ പങ്കെടുത്തു. മൈക്രോമാക്‌സ് ഉടമയാണ് അസിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ജനുവരി 23 നായിരുന്നു ആ താരമാംഗല്യം

അര്‍ച്ചന കവി
മലയാളത്തിന്റെ നീലത്താമരയുടെ വിവാഹവും ജനുവരി 23 നായിരുന്നു. ബാല്യകാല സുഹൃത്തായ അഭിഷ് മാത്യുവാണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം.

രാധിക
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട രാധിക വിവാഹിതയായതും 2016 ന്റെ തുടക്കത്തിലാണ്. ഫെബ്രുവരി 12 ന്, അഭില്‍ കൃഷ്ണയാണ് അര്‍ച്ചനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തമിഴ് ബ്രാഹ്മാണാചാര പ്രകാരമായിരുന്നു വിവാഹം. മാട്രമോണി വഴി നടന്ന വിവാഹമാണ് രാധികയുടേത്.

ഊര്‍മിള മണ്ഡോത്കര്‍
തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ ബോളിവുഡ് താരം ഊര്‍മിള മണ്ഡോത്കറും 2016 മാര്‍ച്ച് 4 ന് വിവാഹിതയായി. കശ്മീര്‍ മോഡലും ബിസ്‌നസുകാരനുമായ അക്തര്‍ മിര്‍ ആണ് ഊര്‍മിളയെ വിവാഹം ചെയ്തത്.

ഋഷി ശിവകുമാര്‍
കുഞ്ചാക്കോ ബോബനെയും ശാമിലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ രംഗത്തെത്തിയ ഋഷി ശിവകുമാര്‍, സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹിതനായി. ഏപ്രില്‍ 17 നാണ് ലക്ഷ്മി പ്രേം കുമാറും ഋഷി ശിവകുമാറും തമ്മിലുള്ള വിവാഹം നടന്നത്

ബോബി സിംഹയും രശ്മി മേനോനും
നേരം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് നടന്‍ ബോബി സിംഹയും വിവാഹിതനായി. മലയാളിയും നടിയുമായ രശ്മി മേനോനാണ് വധു. ഏപ്രില്‍ 22 ന് തിരുപ്പതിയില്‍ വച്ചാണ് വിവാഹം നടന്നത്.

ഹരികൃഷ്ണന്‍
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തില്‍ പ്രവീണ്‍ എന്ന കഥാപാത്രമായി എത്തിയ നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. ദിവ്യയാണ് വധു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് കൂടാതെ സഹസ്രം, ചട്ടക്കാരി, നീഹാരിക, മോനായി അങ്ങനെ ആണായി, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി, പിക്കിള്‍, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സാന്ദ്ര തോമസ്
നടിയും നിര്‍മാതാവും ബിസ്‌നസുകാരിയുമൊക്കെയായ സാന്ദ്ര തോമസ് ജൂലൈ 11 ന് വിവാഹിതയായി. എറണാകുളത്തെ പള്ളിയില്‍ വച്ചാണ് വില്‍സണ്‍ തോമസിന്റെയും സാന്ദ്ര തോമസിന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

ഇവ പവിത്രനും പ്രതീഷും
നടി ഇവ പവിത്രനും പ്രശസ്ത ഛായാഗ്രാഹകന്‍ പ്രതീഷ് എം വര്‍മയും ആഗസ്റ്റ് 27 ന് വിവാഹിതരായി. തൃശ്ശൂരില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ സിനിമയില്‍ നിന്നുള്ള ജയറാം, പാര്‍വ്വതി ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തു. അന്തരിച്ച സംവിധായകന്‍ പവിത്രന്റെ മകളാണ് ഇവ. വികെ പ്രകാശ് സംവിധാനം ചെയ്ത ദ റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മേനോന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്.

നിഥിന്‍ രണ്‍ജി പണിക്കര്‍
മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കറും സെപ്റ്റംബര്‍ 8 ന് വിവാഹിതനായി. കുമ്പനാട് സ്വദേശി ടെനി സാറ ജോണ്‍ ആണ് വധു. എറണാകുളത്തെ വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തില്‍ വളരെ ലളിതമായി വിവാഹ ചടങ്ങുകള്‍ നടന്നു.

ശാലു മേനോന്‍
സിനിമാ - സീരിയല്‍ നടി ശാലു മേനോന്‍ വിവാഹിതയായതും സെപ്റ്റംബര്‍ 8 നാണ്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. കൊല്ലം സ്വദേശി സജി ജി നായരാണ് വരന്‍.

നിഖിത
കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തിയ കന്നട നടി നിഖിതയും വിവാഹിതയായി. മുംബൈ സ്വദേശി ഗഗന്‍ദീപ് മാഗോ ആണ് വരന്‍. ഒക്ടോബര്‍ ഏഴിന് മെഹന്ദി ആഘോഷങ്ങളോടെയാണ് ചടങ്ങ് തുടങ്ങിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൈ എത്തും ദൂരത്ത് കൂടാതെ, മമ്മൂട്ടിയുടെ ബസ് കണ്ടക്ടര്‍, മോഹന്‍ലാലിന്റെ കനല്‍ എന്നീ ചിത്രങ്ങളിലും നിഖിത അഭിനയിച്ചിട്ടുണ്ട്.

ശ്രുതി രാമചന്ദ്രന്‍
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേത്തിലെ നായികമാരിലൊരാളായ ശ്രുതി രാമചന്ദ്രന്‍ നവംബര്‍ മാസത്തില്‍ വിവാഹിതയായി. ഫ്രാന്‍സിസ് തോമസാണ് വരന്‍. എറണാകുളത്ത് വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പ്രണയ വിവാഹമാണ്.

സരയു
നടി സരയു നവംബര്‍ 12 ന് വിവാഹിതയായി. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്ന സനല്‍ വി ദേവാണ് വരന്‍. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ എറണാകുളത്ത് വച്ചായിരുന്നു വിവാഹം.

കാവ്യ മാധവന്‍ ദിലീപ്
നവംബര്‍ 25 നാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കാവ്യ മാധവനും ദിലീപും വിവാഹിതരായത്. വിവാഹ ദിവസമാണ് മാധ്യമങ്ങളെയും ആരാധകരെയും വിവാഹം അറിയിച്ചത്. ഏറെ നാളത്തെ പ്രണയ ഗോസിപ്പുകള്‍ക്ക് ശേഷമാണ് കാവ്യയുടെയും ദിലീപിന്റെയും വിവാഹം നടന്നത്.

ഗായത്രി
പ്രശസ്ത ഗായിക ഗായത്രി ഡിസംബര്‍ 4 ന് വിവാഹിതയായി. സംഗീത സംവിധായകനും ഗായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ശ്രീനാഥ് ഭാസി
ടെലിവിഷന്‍ താരവും സിനിമാ താരവുമായ ശ്രീനാഥ് ഭാസി ഡിസംബര്‍ 9 ന് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ റീതു സക്കറിയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.


Click it and Unblock the Notifications











