'നീ പഠിച്ചിട്ട് ഗുണമില്ലെന്ന് പറഞ്ഞ് സ്കൂളിൽ നിന്നും ടിസി തന്നുവിട്ടു, ഞാൻ തോൽക്കാത്ത ക്ലാസുകൾ ചുരുക്കം'
ഒറ്റ സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ ബാല താരമാണ് ഗോവിന്ദ് വി പൈ. 2017ൽ പുറത്തിറങ്ങിയ സൗബിൻ ഷാഹിർ സിനിമയായ പറവയിൽ ദുൽഖറിന്റെ സഹോദരന്മാരായിട്ടായിരുന്നു മട്ടാഞ്ചേരി സ്വദേശികളായ ഗോവിന്ദ് വി. പൈയും അമൽഷായും അഭിനയിച്ചത്. സിനിമ പുറത്തിറങ്ങിയപ്പോൾ കൊച്ചിക്കാരുടെ മുത്തായി മാറി രണ്ടുപേരും. അഭിനയത്തിൽ മുൻ പരിചയമൊന്നുമില്ലായിരുന്നു ഗോവിന്ദിന്. തന്നെ നടനാക്കി മാറ്റിയതിന്റെ മുഴുവൻ ക്രെഡിറ്റും സൗബിനിക്കയ്ക്കാണെന്ന് ഗോവിന്ദ് പറവയുടെ വിജയത്തിനുശേഷം സംസാരിക്കവെ പറഞ്ഞത്.
പറവയ്ക്കുശേഷം കിങ് ഓഫ് കൊത്ത അടക്കമുള്ള സിനിമകളിലും ഗോവിന്ദ് അഭിനയിച്ചു. പറവയിൽ അഭിനയിച്ചശേഷമാണ് തനിക്ക് സിനിമയോടും അഭിനയത്തോടും മോഹം വന്ന് തുടങ്ങിയതെന്നാണ് ഗോവിന്ദ് പറയുന്നത്. മീഡിയാ വണ്ണിന് നൽകിയ അഭിമുഖത്തിൽ പുത്തൻ സിനിമ വിശേഷങ്ങളും ജീവിതത്തിലെ സിനിമാ വിശേഷങ്ങളും ഗോവിന്ദ് പങ്കിട്ടു.

പുതിയ സബ്ജെക്ടുകൾ കേട്ടുകൊണ്ടിരിക്കുകയാണെന്നും നെഗറ്റീവ് റോളുകൾ ചെയ്യാനാണ് കൂടുതൽ താൽപര്യമെന്നും ഗോവിന്ദ് പറയുന്നു. പുതിയ സബ്ജെക്ടുകൾ കേട്ടുകൊണ്ടിരിക്കുകയാണ്. പറവയിലെ എന്റെ കഥാപാത്രം എങ്ങനെയായിരുന്നുവോ അതുപോലെയാണ് ഞാൻ ഇപ്പോഴും പട്ടം പറപ്പിക്കാറുണ്ട്, സൈക്കിൾ യാത്ര ചെയ്യാറുണ്ട് ചുരുക്കി പറഞ്ഞാൽ പറവയിലെ എന്റെ കഥാപാത്രമായ ഹസീബ് ചെയ്തതെല്ലാം ഞാനും ഇപ്പോൾ ചെയ്യുന്നുണ്ട്.
ഹസീബിന്റെ വീട്ടിലുള്ളത് പോലെ എന്റെ വീട്ടിൽ ഇപ്പോഴും പ്രാവുണ്ട്. എട്ടാം ക്ലാസ് മുതൽ ഞാൻ പ്രാവുകളെ വളർത്തുന്നുണ്ട്. ഞാൻ പഠനത്തിൽ വളരെ പിന്നിലാണ്. ഞാൻ തോൽക്കാത്ത ക്ലാസുകൾ ചുരുക്കമാണ്. പ്ലസ് വണ്ണിൽ ഒരു സ്കൂളിൽ ചേർന്നപ്പോൾ നീ പഠിച്ചിട്ട് ഗുണമില്ലെന്ന് പറഞ്ഞ് ടിസി തന്നുവിട്ടതാ എനിക്ക്. ശേഷം ഞാൻ വേറൊരു സ്കൂളിൽ ചേർന്നു.
പക്ഷെ പ്ലസ്ടുവിൽ ഇപ്പോഴും എനിക്ക് അഞ്ച് സപ്ലിയുണ്ട്. പഠിക്കാൻ താൽപര്യമില്ലെങ്കിൽ വീട്ടിൽ ഇരുന്നോളാനാണ് വീട്ടിൽ നിന്നും പറഞ്ഞത്. പറവയിലെ പ്രാവുകളെ നാഗർകോവിലിൽ നിന്നും കൊണ്ടുവന്ന് ഒന്നര വർഷം ട്രെയിൻ ചെയ്ത് എടുപ്പിക്കുകയായിരുന്നു. സിജെ വർക്ക് വളരെ കുറവാണ് പറവയിൽ. പറവയിൽ പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് കൂട്ടുകാർക്കൊന്നുമറിയില്ലായിരുന്നു.
ഞാൻ മട്ടാഞ്ചേരി സ്വദേശിയാണ്. ഒരു തട്ടുകടയിൽ വെച്ച് കണ്ടിട്ട് ഇഷ്ടപ്പെട്ടിട്ടാണ് പറവയിലേക്ക് സൗബിനിക്ക എന്നെ കാസ്റ്റ് ചെയ്തത്. ചെറുപ്പം മുതൽ വീട്ടിൽ എല്ലാവരും എന്നെ മൊട്ടേ എന്നാണ് വിളിക്കുന്നത്. വീട്ടിൽ പോയി ഗോവിന്ദ് എവിടെയെന്ന് അമ്മയോട് ചോദിച്ചാൽ അമ്മ ആരാണ് ഗോവിന്ദെന്ന് ചോദിക്കും. അമ്മ ആ പേര് ഉപയോഗിച്ച് എന്നെ വിളിക്കാറില്ല.

മൊട്ടേ എന്നുള്ള വിളി എനിക്കും ഇഷ്ടമാണ്. ഞാൻ ഇപ്പോൾ ഒരു തട്ടുകടയും നടത്തുന്നുണ്ട്. ഉപരി പഠനത്തിന് നല്ലൊരു കോഴ്സ് കണ്ടെത്താനുള്ള ശ്രമമാണ്. ഓൺലൈൻ വഴി പഠിക്കാം എന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കിൽ സിനിമയിൽ അഭിനയിക്കാനും കഴിയും. എനിക്ക് നെഗറ്റീവ് റോളുകൾ ചെയ്യാനാണിഷ്‍ടം.
കാരണം പോസിറ്റീവിനേക്കാൾ നെഗറ്റീവ് ആളുകളുടെ മനസിൽ നിൽക്കും. സൗബിക്കയുമായി മെസേജ് അയക്കാറുണ്ട്. പറവ ചെയ്യുന്നതിന് മുമ്പ് വരെ അഭിനയം മനസിലുണ്ടായിരുന്നില്ല. റിയൽ ഇൻസിഡൻസ് ആലോചിച്ചാണ് ഇമോഷണൽ സീനുകൾ ചെയ്യുന്നതെന്നും ഗോവിന്ദ് പറയുന്നു.


Click it and Unblock the Notifications