'പളുങ്കിന് ഡബ്ബ് ചെയ്യാൻ ജലദോഷം മാറരുതെന്ന് പ്രാർഥിച്ചു'; അനുഭവം പങ്കുവെച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ദേവി!
സിനിമ-സീരിയൽ താരങ്ങളുടെ അഭിമുഖങ്ങൾ കാണുമ്പോൾ അവരുടെ ശരിയായ ശബ്ദം കേട്ട് നെറ്റിചുളിച്ചിട്ടുള്ളവരാണ് നമ്മളിലേറെയും. സ്‌ക്രീനിൽ ഇടിവെട്ട് ശബ്ദം ഉള്ളവർ ഓഫ് സ്ക്രീനിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ ചിലപ്പോൾ അരോചകമായി തോന്നും.
ഇവരിൽ നിന്നും ഈ ശബ്ദമല്ല പ്രതീക്ഷിച്ചത് എന്നുവരെ പലപ്പോഴും ആസ്വാദകൻ പറഞ്ഞ് പോകും. അതിന് കാരണം സിനിമകളിലും സീരിയലുകളിലും അവർക്ക് ശബ്ദം നൽകുന്ന ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. അന്യഭാഷ താരങ്ങളുടെ യഥാർഥ ശബ്ദം കേൾക്കുമ്പോഴാണ് പ്രേക്ഷകന് ഇത്തരം ചിന്തകൾ കൂടുതലായും ഉണ്ടായിട്ടുണ്ടാവുക.

ഒരു കഥാപാത്രത്തെ പൂർണമാക്കുന്നതിന് ഡബ്ബിങ് ആർട്ടിസ്റ്റുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ആ കൂട്ടത്തിൽ ഒരാളാണ് ദേവി. കുട്ടിക്കാലം മുതൽ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ദേവി ഇതിനോടകം നൂറ് കണക്കിന് സീരിയലുകൾക്കും സിനിമകൾക്കും വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഒട്ടുമിക്ക സീരിയലുകളുടേയും മുഖ്യകഥാപാത്രത്തിന് നമ്മൾ കേൾക്കുന്നത് ദേവിയുടെ ശബ്ദം തന്നെയാണ്. ബാല താരമായി സീരിയൽ രംഗത്തെത്തി ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങുന്ന ദേവി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ്.
ദൃശ്യം 2 വിൽ മീന അവതരിപ്പിച്ച റാണിയ്ക്ക് ശബ്ദം നൽകിയതിനാണ് ദേവിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. ദൃശ്യത്തിലെ റാണിയ്ക്ക് പുറമെ പുലിമുരുകനിലെ മൈന, വെറുതെ ഒരു ഭാര്യയിലെ ബിന്ദു അങ്ങനെ മലയാളികൾ നെഞ്ചേറ്റിയ പല നായിക കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ദേവിയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ദേവി. 2007ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ മീനയുടെ ശ്രീദേവി എന്ന കഥാപാത്രം മുതൽ ഇങ്ങോട്ട് ഒരു ചിത്രമൊഴികെ ബാക്കി എല്ലാ സിനിമകൾക്കും മീനയ്ക്ക് ശബ്ദം നൽകിയതും ദേവിയായിരുന്നു. ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിക്കാറുള്ളത് മീനയ്ക്ക് ഡബ്ബ് ചെയ്യുമ്പോഴാണെന്നാണ് ദേവി പറയാറുള്ളത്.

ഇപ്പോൾ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡബ്ബിങ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദേവി. 'പുലിമുരുകനിലെ നായികയ്ക്ക് ഡബ്ബ് ചെയ്യാനാണ് ഏറെ പ്രയാസപ്പെട്ടത്. അന്യഭാഷ നടിയായതിനാൽ ലിപ് സിങ് സാധിക്കുന്നില്ലായിരുന്നു.'
'വളരെ കഷ്ടപ്പെട്ടും കഴിവിന്റെ പരമാവധി പുറത്തെടുത്തുമാണ് ഡബ്ബ് ചെയ്തത് എന്നിട്ടും തൃപ്തി കിട്ടിയില്ല. അണിയറപ്രവർത്തകർക്കും സംതൃപ്തി ഉണ്ടായിരുന്നില്ല. കുറച്ച് ഭാഗം മാത്രമാണ് ആദ്യം ഡബ്ബ് ചെയ്തത്. അത് ഡബ്ബ് ചെയ്ത് തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ ആലോചിച്ചിരുന്നു.'
'എന്തിനാണ് ഞാൻ ഡബ്ബ് ചെയ്തതെന്ന്. സിനിമ റിലീസ് ചെയ്ത് കഴിയുമ്പോൾ എല്ലാവരും കളിയാക്കുമല്ലോയെന്ന ടെൻഷനായിരുന്നു. ഞാൻ വിചാരിച്ചത് അവർ മറ്റൊരാളെ കൊണ്ട് മാറ്റി ഡബ്ബ് ചെയ്യിപ്പിക്കുമായിരിക്കും എന്നാണ്.'
'പക്ഷെ അവർ വീണ്ടും എന്നെ തന്നെ വിളിച്ചു. ഇനി വന്നാലും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ അണിയറപ്രവർത്തകരോട് പറഞ്ഞിരുന്നു. പക്ഷെ അവിടെ പോയി വീണ്ടും മുഴുവൻ റീ ഡബ്ബ് ചെയ്തു. അതുപോലെ പളുങ്ക് സിനിമയിൽ ഡബ്ബ് ചെയ്യാൻ വേണ്ട് കടുത്ത ജലദോഷം മാറാതിരിക്കാൻ മരുന്ന് വരെ ഉപേക്ഷിച്ചിരുന്നു.'
'അടഞ്ഞ ശബ്ദം പളുങ്കിലെ കഥാപാത്രത്തിന് ചേരുന്നുണ്ടെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. മൂന്ന് ദിവസം ജലദോഷം മാറാതിരിക്കാൻ പ്രാർഥിക്കേണ്ടി വന്നു' ദേവി പറയുന്നു. 1993ൽ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ദേവി എത്തി.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചൈൽഡ് വോയ്സിൽ നിന്ന് നായികയ്ക്ക് ദേവി ഡബ്ബ് ചെയ്ത് തുടങ്ങിയത്.


Click it and Unblock the Notifications