മലയാള സിനിമ കരകയറുന്നു
2015 ആദ്യമൂന്നു മാസം കഴിയുമ്പോള്‍ മലയാള സിനിമയുടെ സാമ്പത്തിക സ്ഥിതി അല്‍പം മെച്ചപ്പെടുന്നു. മൂന്നുമാസത്തില്‍ 38 സിനിമകളാണ് റിലീസ് ചെയ്തത്. അതില്‍ ഫയര്‍മാന്‍, എന്നും എപ്പോഴും വടക്കന്‍ സെല്‍ഫി, 100 ഡെയ്‌സ് ലവ് എന്നീ ചിത്രങ്ങളാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. എങ്കിലും മൊത്തത്തില്‍ നോക്കുമ്പോള്‍ വന്‍നഷ്ടം തന്നെയാണ് ഇതുവരെ കാണിക്കുന്നത്. റിലീസ് ചെയ്തതില്‍ മുപ്പതോളം സിനിമകള്‍ക്ക് പത്തുലക്ഷം രൂപ പോലും ഗ്രോസ് കലക്ഷന്‍ ലഭിച്ചിട്ടില്ല. വിഷുചിത്രങ്ങള്‍ക്കു മുന്‍പ് ഫയര്‍മാനു മാത്രമേ മുടക്കിയ പണവും അല്‍പം ലാഭവും തിരിച്ചുകിട്ടിയിട്ടുള്ളൂ.
ഫയര്‍മാന്‍, മിലി, 100 ഡെയ്‌സ് ഓഫ് ലവ്, പിക്കറ്റ് 43 എന്നിവ നിര്‍മാതാക്കള്‍ക്കു വലിയ ലാഭമുണ്ടാക്കിയില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുകിട്ടിയെന്ന് ആശ്വസിക്കാവുന്നതാണ്.

ജനുവരിയില്‍ ഒറ്റ ചിത്രംപോലും സാമ്പത്തികനേട്ടം ഉണ്ടാക്കിയിരുന്നില്ല. സാന്‍ഡ് സിറ്റി എന്ന ചിത്രത്ോടെയാണ് വര്‍ഷം തുടങ്ങുന്നത്. നടന്‍ ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം വന്‍ പരാജയമായി. തുടര്‍ന്ന് ആകാശങ്ങളില്‍, സിക്‌സ്, അറ്റ് വണ്‍സ്, പേരറിയാത്തവര്‍, എല്ലാം ചേട്ടന്റെ ഇഷ്ടംപോലെ, അമ്മയ്‌ക്കൊരു താരാട്ട്, മായാപുരി ത്രിഡി, വില്ലേജ് ഗയ്‌സ് എന്നിവ റിലീസ് ചെയ്തു. ഇതില്‍ ഒന്നുപോലും ഒരാഴ്ച തിയറ്ററില്‍ ഓടിയില്ല.
തുടര്‍ന്നാണ് മറിയംമുക്ക്, മിലി, പിക്കറ്റ് 43, രസംഎന്നിവ ഒന്നിച്ചെത്തുന്നത്. ഫഹദിന്റെ മറിയംമുക്ക് വന്‍ പരാജയമായി.നിവിന്‍പോളിയുടെ മിലിയും പൃഥ്വിയുടെ പിക്കറ്റ് 43യും അല്‍പം പിടിച്ചുനിന്നു. ഇന്ദ്രജിത്തിന്റെ രസവും വന്‍ പരാജയമായി.
തുടര്‍ന്ന് ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയല്ല എത്തി. വന്‍ പരാജയമായിരുന്നു ഈ ചിത്രം. തുടര്‍ന്നെത്തിയ മമ്മൂട്ടിയുടെ ഫയര്‍മാന്‍ ആണ് അല്‍പമെങ്കിലും തിയറ്ററില്‍ ചലനമുണ്ടാക്കിയത്. ഫഹദിന്റെ ഹരം എത്തി വന്‍ പരാജയം ഏറ്റുവാങ്ങി.
മാര്‍ച്ചില്‍ ധാരാളം ചിത്രങ്ങളെത്തിയെങ്കിലും വിഷുവിനുമുന്നോടിയായെത്തിയ ചിത്രങ്ങളാണ് സാമ്പത്തിക സ്ഥിതി അല്‍പമെങ്കിലും മെച്ചപ്പെടുത്തിയത്. ഇക്കൂട്ടത്തിലെത്തിയ ആസിഫ് അലിയുടെ യൂ ടൂ ബ്രൂട്ടസ് പരാജയമായി. വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രജിത്ത് സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രം. തൊട്ടുപിന്നാലെ മോഹന്‍ലാല്‍ ചിത്രമായ എന്നും എപ്പോഴും. ദിലീപിന്റെ മര്യാദരാമനും മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ് റാസ്‌കലും എത്തുന്നതോടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചമാകും.


Click it and Unblock the Notifications











