ഓഡർ പെട്ടന്ന് എത്തിക്കാനുള്ള നെട്ടോട്ടത്തിൽ അവർ സ്വന്തം ജീവന് വില നൽകില്ല, ഡെലിവറി ജീവനക്കാരും മനുഷ്യർ; ബാദുഷ
കേരളത്തിലെ വലിയ നഗരങ്ങളിൽ എല്ലാം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫാസ്റ്റ് ഫുഡ് ഡെലിവറി സംവിധാനങ്ങൾ സജീവമാണ്. വലിയൊരു വിഭാഗം ആളുകൾ ഇത്തരം ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിക്കുന്നവരാണ്. നിരവധി പുരുഷന്മാരും സ്ത്രീകളും ഡെലിവറി ബോയ് ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്നുമുണ്ട്. കൃത്യസമയത്ത് കസ്റ്റമർക്ക് ഡെലവറി എത്തിക്കുക എന്നതാണ് ഡെലിവറി ബോയ്സ് നേരിടുന്ന പ്രധാന വെല്ലുവിളി. വൈകി ഡെലിവറി ചെയ്താൽ സ്ഥാപനത്തിൽ നിന്നും കസ്റ്റമറിൽ നിന്നും പ്രതികരണങ്ങൾ ഉണ്ടാവുകയും ജോലിയേയും മാസ ശമ്പളത്തേയും അത് ബാധിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ പൊരിവെയിലാണോ മഴയാണോ ട്രാഫിക്കാണോ തകർന്ന റോഡാണോ എന്നതൊന്നും ശ്രദ്ധിക്കാതെ ജീവൻ പണയം വെച്ചാണ് ഭൂരിഭാഗം ഡെലിവറി ബോയ്സും കിലോമീറ്ററുകളോളം സഞ്ചരിച്ച് ഫുഡ് ഡെലിവറി ചെയ്യുന്നത്.

ഡെലിവറി ജീവനക്കാരും മനുഷ്യരാണെന്ന് ഫുഡ് ഓഡർ ചെയ്ത് കാത്തിരിക്കുന്നവർ മനസിലാക്കണമെന്ന് ഓർമിപ്പിക്കുന്ന വീഡിയോയും കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. തന്റെ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോയാണ് ബാദുഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
കൃത്യസമയത്ത് ഡെലിവറി നടത്താനായി അമിതവേഗതയിൽ പായുകയായിരുന്ന ഡെലവറി ബോയിയുടെ ബൈക്ക് ഒരു വാഹനത്തിൽ ഇടിച്ച് ഡെലിവറി ബോയ് റോഡിലേക്ക് തെറിച്ച് വീഴുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ബാദുഷയും മറ്റ് നാട്ടുകാരും ചേർന്നാണ് രക്ഷിച്ചതും ആശുപത്രിയിലേക്ക് കൊണ്ടുപോയതും. സൊമാറ്റോയും സ്വിഗ്ഗിയും ഓടിക്കുന്നവരും മനുഷ്യരാണ്. ഓർഡർ കൊടുക്കുന്നവർ ദയവ് ചെയ്ത് എവിടെ എത്തി? എപ്പോൾ എത്തും? എത്താറായോ? എന്നൊന്നും ചോദിച്ച് ഫോൺ വിളിച്ചോണ്ടിരിക്കാതെ...
ഓർഡർ ചെയ്യുമ്പോൾ കാണിക്കുന്ന സമയത്ത് അവർ എത്തിക്കുമെന്ന് വിശ്വസിച്ചാൽ ഇങ്ങനെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പറ്റും. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ വിതരണക്കാരൻ സ്വന്തം ജീവനും കുറച്ച് വില നൽകിയാൽ നന്നായിരിക്കും. നിങ്ങളെ പ്രതീക്ഷിച്ച് ഒരു കുടുംബം കാത്തിരിക്കുന്നത് ഓർക്കുക... ജാഗ്രതൈ എന്നാണ് ബാദുഷ കുറിച്ചത്. വീഡിയോയും കുറിപ്പും വൈറലായതോടെ അപകടത്തിൽപ്പെട്ട ഡെലിവറി ബോയിയുടെ അവസ്ഥയെ കുറിച്ച് അന്വേഷിച്ചായിരുന്നു ഏറെയും കമന്റുകൾ.
ആ പയ്യൻ സേഫ് ആണല്ലോ അല്ലേ ഇക്കാ...? എന്ന തരത്തിൽ നിരവധി ചോദ്യങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഡെലവറി ബോയ് സേഫാണെന്ന് ബാദുഷയും മറുപടി നൽകി. ഡെലിവറി വൈകിയതിന്റെ പേരിൽ കസ്റ്റമറിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള നിരവധി ഡെലിവറി ബോയ്സുണ്ട്.

ചിലരിൽ നിന്നും ശാരീരികമായ ഉപദ്രവങ്ങളും ആക്ഷേപങ്ങളും വരെ ഡെലിവറി ജീവനക്കാർക്ക് നേരിടേണ്ടി വരാറുണ്ട്. ജോലിയെ ബാധിക്കും എന്നതുകൊണ്ട് തന്നെ എല്ലാം സഹിക്കുകയാണ് ഒട്ടുമിക്ക ജീവനക്കാരും ചെയ്യാറുള്ളത്. ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ വെല്ലുവിളികൾ നേരിട്ട് മനസിലാക്കാൻ വേണ്ടി മുമ്പ് നോർത്ത് ഇന്ത്യയിൽ ഒരു സിഇഒ നടത്തിയ പരീക്ഷണം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഒരു മാളിൽ ചെന്നപ്പോൾ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും പടികൾ കയറി പോകണമെന്നും പറഞ്ഞെന്നായിരുന്നു ആരോപണം. മാളിൽ മാത്രമല്ല വേറെ പലയിടങ്ങളിലും ഇത്തരത്തിലുള്ള വേർതിരിവുകൾ ഡെലിവറി ജീവനക്കാർക്ക് അനുഭവിക്കേണ്ടി വരാറുണ്ടെന്നാണ് അന്ന് നിരവധി പേർ കമന്റ് ചെയ്തിരുന്നു. ബാദുഷ സഞ്ചരിച്ച വാഹനത്തിലാണോ ബൈക്ക് വന്ന് ഇടിച്ചതെന്ന് വ്യക്തമല്ല.
വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ബാദുഷ പങ്കുവെച്ചത് എന്നാണ് മനസിലാകുന്നത്. 170ഓളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബാദുഷ. കുഞ്ഞുനാൾ മുതൽ സിനിമ മോഹം ബാദുഷയ്ക്കുണ്ടായിരുന്നു. ദൂരദര്‍ശനില്‍ കിഴക്കിന്റെ വെനീസ് എന്ന ടെലിഫിലിം നിര്‍മിച്ചായിരുന്നു തുടക്കം.


Click it and Unblock the Notifications











