'നീയെനിക്കെന്റെ അമ്മയെ പോലെയായെന്ന് പറയുമായിരുന്നു, വയ്യായ്കകൾ പറഞ്ഞിരുന്നു'; കൂട്ടുകാരിയെ കുറിച്ച് ദേവിചന്ദന
സുബി സുരേഷിന്റെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് സഹപ്രവർത്തകരും ബന്ധുക്കളും ആരാധകരുമെല്ലാം. ഇത്രപെട്ടന്നൊരു വേർപാട് സുബിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്.
തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.
കരൾരോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കരൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ടിനി ടോം, സുരേഷ് ഗോപി തുടങ്ങിയവരെല്ലാം വളരെ നാളുകളായി സുബിയെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു.
വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവിൽ സുബി താമസിച്ചിരുന്നത്. സംസ്കാരം നാളെ രണ്ടിന് ചേരാനല്ലൂർ പൊതുശ്മശാനത്തിലാണ് നടക്കുക.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്ക് വന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. കനകസിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്.

ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ്' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. വിദേശത്തും നാട്ടിലുമായി നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുള്ള സുബിയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് നടി ദേവി ചന്ദന.
സുബിയുടെ മരണവാർത്ത അറിഞ്ഞതോടെ ആകെ തളർന്ന ദേവി ചന്ദന സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

'നീയെനിക്കെന്റെ അമ്മയെ പോലെയായെന്ന് സുബി തന്നോട് പറയുമായിരുന്നു എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ദേവി ചന്ദന പറഞ്ഞത്. സുബിയെപ്പോലെ തന്നെ ദേവി ചന്ദനയും നല്ലൊരു നർത്തകിയാണ്. അടുത്തുള്ളപ്പോഴും അകലെയായിരിക്കുമ്പോഴും സുബി എനിക്ക് പ്രിയപ്പെട്ടവളാണെന്ന ഫീൽ എപ്പോഴുമുണ്ട്.'
'ആ സൗഹൃദം തുടങ്ങുന്നത് സ്കൂൾ കാലം തൊട്ടേയാണ്. അന്ന് ഞാന്‍ ആലപ്പുഴയിലും സുബി എറണാകുളത്തുമാണ്. എൻസിസി ക്യാമ്പിലെ സ്ഥിരം മുഖം ഹൃദയമറിയുന്ന കൂട്ടുകാരിയായി മാറിയത് അതിവേഗം.'

'അന്ന് സുബിയും ഞാനും സ്റ്റേജ് ഷോകളിലോ സിനിമയിലോ ഒന്നും സാന്നിധ്യം അറിയിച്ചിട്ടില്ല. കലയുടേയും ചിരിയുടേയും വഴി തിരഞ്ഞടുത്ത് ഞങ്ങൾ ഒരേ പാതയിൽ സഞ്ചരിച്ച് തുടങ്ങിയപ്പോൾ ആ പഴയ കൂട്ടുകാരിയെ വീണ്ടും എനിക്ക് കിട്ടി. കെഎസ് പ്രസാദേട്ടന്റെ കൊച്ചിൻ ഗിന്നസ് എന്ന മിമിക്രി ട്രൂപ്പിൽ ഡാൻസറായാണ് സുബി വരുന്നത്.'
'ഞാനും അപ്പോൾ ട്രൂപ്പിന്റെ ഭാഗമായിരുന്നു. അവിടുന്നങ്ങോട്ട് എത്രയോ പ്രോഗ്രാമുകൾ ഒരുമിച്ച് ചെയ്തു. അടുത്തിടെ മനോജ് കെ ജയന്റെ അമേരിക്കൻ ഷോയുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.'

'അവളെപ്പോഴും പറയും ഷോയ്ക്ക് നീയുണ്ടെങ്കിൽ എന്റെ അമ്മയ്ക്ക് എപ്പോഴും സമാധാനമാണെന്ന്. സുബിയുടെ അമ്മ നോക്കും പോലെ ഞാൻ നോക്കിക്കോളുമെന്ന് പറയുമത്രേ. സമയത്തിന് ഭക്ഷണം കഴിക്കാനൊക്കെ പുള്ളിക്കാരിക്ക് മടിയാണ്. ഞാനാകുമ്പോൾ അവളുടെ കാര്യങ്ങൾ കൃത്യമായി നോക്കിക്കോളും എന്ന വിശ്വാസമാണ് അമ്മയ്ക്ക്.'
'അവളുടെ വയ്യായ്കകളെക്കുറിച്ച് അറിയാമായിരുന്നു. ഗുരുതരമായ പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും പറഞ്ഞിരുന്നു. പക്ഷെ ഈ മടക്കം അത് പെട്ടെന്നായിപ്പോയി. പ്രിയപ്പെട്ടവളുടെ ആത്മാവിന് ശാന്തി നേരുന്നു. അവൾ തന്ന് പോയ ചിരിയോർമകൾ കൂട്ടിനുണ്ടാകും' എന്നാണ് ദേവി ചന്ദന പറയുന്നത്.


Click it and Unblock the Notifications