'മുരളിയെ വെച്ച് ഞാൻ ആലോചിച്ചിരുന്നു, ലാലേട്ടനൊപ്പം അത് സാധിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്'; ഹരിദാസ്!
മലയാള സിനിമയിൽ മാസ് പരിവേഷമുള്ള നായകനുള്ള നിരവധി സിനിമകളുണ്ട്. അക്കൂട്ടത്തിൽ എല്ലാക്കാലവും മുന്നിൽ നിൽക്കുന്ന കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠൻ. ദേവാസുരം എന്ന എക്കാലത്തേയും ഹിറ്റ് ചിത്രത്തിൽ നായകൻ മോഹൻലാലായിരുന്നു. നായകന് മാത്രമല്ല ദേവാസുരം കണ്ടശേഷം വില്ലൻ കഥാപാത്രമായ മുണ്ടക്കൽ ശേഖരനെ അവതരിപ്പിച്ച നെപ്പോളിയനും ആരാധകരുണ്ട്.
ചിത്രത്തിലെ പല ഡയലോഗുകളും പാട്ടുകളും ഇന്നും മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. രേവതിയായിരുന്നു സിനിമയിൽ നായിക. രഞ്ജിത്ത് തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്തത് ഐ.വി ശശിയായിരുന്നു. മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രവും സൂപ്പർസ്റ്റാർ പദവിയിലേക്ക് മോഹൻലാലിനെ ഉയർത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഇരുന്നൂറാമത്തെ സിനിമ കൂടിയായിരുന്നു ദേവാസുരം. 1993ലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തിന് വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം വരികയും ചെയ്തിരുന്നു.

രാവണപ്രഭു എന്ന പേരിലാണ് രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. മോഹൻലാൽ ചിത്രത്തിൽ ഡബിൾ റോളിലാണ് അഭിനയിച്ചത്. മംഗലശ്ശേരി നീലകണ്ഠനായതും മകൻ മംഗലശ്ശേരി നീലകണ്ഠൻ കാർത്തികേയനായതും മോഹൻലാൽ തന്നെയായിരുന്നു. രണ്ടാം ഭാഗം എഴുതിയതും സംവിധാനം ചെയ്തതും രഞ്ജിത്ത് തന്നെയായിരുന്നു.
2001ൽ തിയേറ്ററുകളിലെത്തിയ സിനിമയിൽ വസുന്ധര ദാസായിരുന്നു നായിക. നിർമാണം ആന്റണി പെരുമ്പാവൂരായിരുന്നു. ഇപ്പോഴിത ആദ്യം ഭാഗം ദേവാസുരവുമായി ബന്ധപ്പെട്ട ചില അറിയാക്കഥകൾ പ്രേക്ഷകർക്കായി മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഹരിദാസ്.
തൊണ്ണൂറുകളിൽ നിരവധി ഫീൽഗുഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഹരിദാസ്. ഇരുപതോളം സിനിമകൾ ഹരിദാസിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയിട്ടുണ്ട്. ഇപ്പോൾ പക്ഷെ സിനിമയിൽ അത്ര സജീവമല്ല.
ദേവാസുരം താൻ മുരളിയെ വെച്ച് ചെയ്യാൻ പ്ലാനിട്ടിരുന്ന സിനിമയായിരുന്നുവെന്നും എന്നാൽ പിന്നീട് അത് നടന്നില്ലെന്നും പാലക്കാടുള്ള മനവരെ താനാണ് കണ്ടെത്തിയതെന്നും ഹരിദാസ് പറയുന്നു.
'ദേവാസുരം ഞാൻ മുരളിയെ വെച്ചിട്ട് ആലോചിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. പിന്നീട് ഒരു ദിവസം അഗസ്റ്റിൻ വിളിച്ച് പറഞ്ഞു... ദേവാസുരം ചെയ്യാൻ വേണ്ടി രഞ്ജിത്തിന് മോഹൻലാൽ ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞുവെന്ന്. വി.ബി.കെ മേനോനാണ് പ്രെഡ്യൂസറെന്നും അഗസ്റ്റിൻ പറഞ്ഞു.'

'അവർ അത് ചെയ്യുകയാണെങ്കിൽ ചെയ്യട്ടെ... പെട്ടന്ന് നടക്കുമല്ലോയെന്നും പറഞ്ഞു. ആ സമയത്ത് ഞാൻ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. ആ സിനിമയിൽ കാണിച്ചിരിക്കുന്ന ഇന്ന് വളരെ പ്രസിദ്ധമായ ഒറ്റപ്പാലത്തുള്ള ആ മന ഞാനാണ് ലൊക്കേഷനായി കണ്ടുപിടിച്ചത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ മുതൽ ഞാൻ അന്വേഷിച്ച് കണ്ടെത്തി വെച്ചിരുന്നതാണ്.'
'ആ സിനിമയുടെ സബ്ജക്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. ഞാൻ ആ സിനിമ ചെയ്യാത്തതിൽ രഞ്ജിത്തിനും ഖേദമുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ കമ്പനിയോടൊപ്പം വേറെ രണ്ട് സിനിമകൾ ഞാൻ ചെയ്തു. ആ സിനിമ ചെയ്യാൻ പറ്റാതെ പോയതിൽ ഇന്നും എനിക്ക് വിഷമമുണ്ട്', ഹരിദാസ് പറയുന്നു.
ഇപ്പോഴും നമുക്ക് ഒരുമിച്ച് സിനിമ ചെയ്യാമെന്ന് മോഹൻലാൽ തന്നോട് പറയാറുണ്ടെന്നും എന്നാൽ ദേവാസുരത്തിനും മുകളിൽ നിൽക്കുന്നൊരു പടം മോഹൻലാലിനെ വെച്ച് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹരിദാസ് പറയുന്നു.


Click it and Unblock the Notifications











