സീരിയല്‍ ലോകത്ത് നിന്ന് പെട്ടന്ന് കാണാതായ താരങ്ങള്‍, ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്??
സിനിമാ നടിമാരെക്കാള്‍ വീട്ടമ്മമാര്‍ക്ക് ഇഷ്ടവും അടുപ്പവും തോന്നുന്നത് ടെലിവിഷന്‍ സീരിയല്‍ താരങ്ങളോടാണ്. എന്നും തങ്ങളുടെ സ്വീകരണ മുറിയിലെത്തുന്ന ഇവരെ സ്വന്തം വീട്ടിലെ കുട്ടികളെ പോലെയാണ് പല വീട്ടമ്മമാരും മുത്തശ്ശിമാരും കാണുന്നത്. അതുകൊണ്ടും തന്നെ അവരെ കാണാതായാല്‍ തിരക്കുന്നത് സ്വാഭാവികം.
ഒരു മെഗാ സീരിയല്‍ തീരുവോളം ഒന്നോ രണ്ടോ മൂന്നോ വര്‍ഷം നമ്മുടെ മുന്നില്‍ തന്നെയുണ്ടാവും ഈ താരങ്ങള്‍. എന്നും കാണുന്നവരെ പെട്ടന്ന് കാണാതാവുമ്പോള്‍ തിരക്കുന്നത് സ്വാഭാവികമല്ലേ.. അങ്ങനെ പെട്ടന്ന് കാണാതായ ചില ടെലിവിഷന്‍ നായികമാരിതാ ഇവിടെ..

രസ്‌ന
പാരിജാതം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നടിയാണ് രസ്‌ന. സീമ, സീന എന്നീ ഇരട്ട വേഷം ചെയ്തുകൊണ്ട് പ്രായത്തെ വെല്ലുന്ന അഭിനയം കാഴ്ചവച്ചു. എന്നാല്‍ പാരിജാതത്തിന് ശേഷം രസ്‌നയെ ആരും കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നന്ദനം എന്ന സീരിയലിലൂടെ സ്ലിം ബ്യൂട്ടിയായി രണ്ടാം വരവ് നടത്തിയെങ്കിലും ആ സീരിയല്‍ പാതിയില്‍ വച്ചു നിന്നുപോയി.

ചന്ദ്ര ലക്ഷ്മണ്‍
2003 മുതല്‍ മലയാളം ടിവി സീരിയല്‍ രംഗത്ത് തിളങ്ങി നിന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. സ്വന്തം, മേഘം, ദേവി, സ്ത്രീ, ജലം, കടമറ്റത്ത് കത്തനാര്‍, ഉണ്ണിയാര്‍ച്ച എന്നീ സീരിയലുകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖം. സീരിയലില്‍ നിന്ന് പിന്നീട് സിനിമയിലേക്കും അവസരം ലഭിച്ചു. പിന്നെ പിന്നെ ചന്ദ്രയെ മലയാളത്തില്‍ കാണാതെയായി. 2006 മുതല്‍ തമിഴ് സീരിയലുകളില്‍ മിന്നുന്ന താരമായി. മകള്‍, സ്വന്തം ബന്ധം, പാസമലര്‍ എന്നീ സീരിയലുകളിലൂടെ തമിഴകത്തിന്റെ സ്വന്തമായി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അവിടെ നിന്നും അപ്രത്യക്ഷമാണ് നടി.

സംഗീത മോഹന്‍
മലയാളം സീരിയല്‍ എന്ന് പറഞ്ഞാല്‍ സംഗീതയുടെ മുഖം ഓര്‍മവരുന്ന ഒരു കാലമുണ്ടായിരുന്നു കേരളക്കരയില്‍. ഡിഡി മലയാളം ചാനല്‍ മാത്രമുണ്ടായിരുന്ന കാലത്ത് സൗമിനി, ചന്ദ്രോദയം, ജ്വാലയായി എന്നീ സീരിയലുകളിലൂടെ പ്രേക്ഷകരിലേക്കിറങ്ങിയെത്തി. അന്ന് സംഗീതയ്‌ക്കൊക്കെ കിട്ടിയത്ര പേരും പ്രശസ്തിയും ഇന്നൊരു സീരിയതല്‍ താരത്തിനും കിട്ടുന്നില്ല എന്നതാണ് ഒരു സത്യം. പതിനഞ്ചിലധികം മെഗാ സീരിയലുകളില്‍ അഭിനയിച്ച സംഗീത മോഹന്‍ ഇപ്പോള്‍ സീരിയലിന്റെ പിന്നണിയില്‍ പ്രവൃത്തിയ്ക്കുന്നുണ്ട്. ഓണ്‍സ്‌ക്രീനില്‍ കാണുന്നില്ലെങ്കിലും, ഏഷ്യനെറ്റിലെ സീതാ കല്യാണം എന്ന സീരിയലിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീതയാണ്.

സജിത ബേട്ടി
സംഗീത മോഹനൊക്കെ തിളങ്ങിയ കാലത്ത് തന്നെ തുടക്കം കുറിച്ചതാണ് തലശ്ശേരിക്കാരി സജിത ബേട്ടിയും. ബാലതാരമായി സിനിമയിലേത്തി പിന്നീട് സീരിയലിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തിയ നടിയാണ് സജിത ബേട്ടി. സ്ത്രീ, സ്വന്തം, ആലിപ്പഴം തുടങ്ങി മുപ്പതോളം സീരിയലുകളില്‍ സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്. പണ്ടത്തെ പോലെ സജീവമല്ലന്നേയുള്ളൂ, ചെറിയ റോളുകളില്‍ ഇപ്പോഴും സജിത ബേട്ടി രംഗത്തുണ്ട്. കളേഴ്‌സ് ടിവിയിലെ സീത എന്ന സീരിയലില്‍ ഒരു കഥാപാത്രം ചെയ്യുന്നു.

ശ്രീകല ശശിധരന്‍
എന്റെ മാനസപുത്രിയിലെ സോഫിയയെ ഇനിയും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും ശ്രീകല ശശിധരന്‍ ഓര്‍മിക്കപ്പെടുന്നത് സോഫിയയിലൂടെയാണ്. വിവാഹ ശേഷം ചെറിയൊരു ഇടവേള എടുത്ത് അമ്മ എന്ന സീരിയലിലൂടെ തിരിച്ചെത്തി. അത്ര സജീവമല്ലെങ്കിലും ശ്രീകലയും ഇപ്പോഴും ഇന്റസ്ട്രിയിലുണ്ട്. ഇടയ്ക്ക് തമിഴിലേക്കൊന്ന് പോയതുകൊണ്ടാണ് കാണാതായത്.

അനില ശ്രീകുമാര്‍
സീരിയല്‍ ലോകത്തെ ലേഡി സൂപ്പര്‍ ആയിരുന്നു അനില ശ്രീകുമാര്‍. സൂര്യപുത്രി എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇളം തെന്നല്‍ പോലെ, ദീപങ്ങള്‍ക്ക് ചുറ്റും തുടങ്ങി ഒത്തിരി മെഗാപരമ്പരകളുടെ ഭാഗമായി. ചിന്നത്തമ്പി എന്ന സീരിയലിലൂടെ തമിഴകത്തും പ്രിയപ്പെട്ടവളാണ്. സിനിമയിലും സജീവമായിരുന്ന അനിലയെ ഇപ്പോള്‍ അധികം കാണാനില്ല.

നിയ രഞ്ജിത്ത്
കല്യാണി എന്ന സീരിയലിലൂടെയാണ് നിയ പ്രേക്ഷക പ്രിയം നേടിയത്. നാട്ടിന്‍പുറത്തുകാരിയായ കല്യാണി പട്ടണത്തിലൊരാളെ വിവാഹം ചെയ്യുന്നതും ഭര്‍ത്താവിന്റെ പീഡനങ്ങള്‍ക്കിരയാകുന്നതും, തുടര്‍ന്ന് അതിനെരിതെ കല്യാണി പ്രതികരിക്കുന്നതുമാണ് സീരിയല്‍. കല്യാണിയ്ക്ക് ശേഷം അമ്മ എന്ന സീരിയലിലും ശ്രദ്ധേയ വേഷം ചെയ്ത നിയയെ ഇപ്പോള്‍ അധികം കാണാറില്ല.

അമൃത
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയതാണ് അമൃത. അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഓട്ടോഗ്രാഫിലൂടെ തന്നെ അമൃത ശ്രദ്ധിക്കപ്പെട്ടു. സൂര്യ ടിവിയിലെ വധു എന്ന സീരിയലിലൂടെ സ്വന്തം കുട്ടി എന്ന തോന്നല്‍ കേരളത്തിലെ വീട്ടമ്മമാര്‍ക്കും വന്നുതുടങ്ങി. എന്നാലിപ്പോള്‍ അമൃത അത്ര സജീവമല്ല.

ശ്രീദേവി അനില്‍
1997 ല്‍ സീരിയല്‍ രംഗത്തെത്തിയ നടിയാണ് ശ്രീദേവി അനില്‍. 21 വര്‍ഷത്തെ അഭിനയ ജീവിത്തില്‍ ഒത്തിരി സീരിയലുകളില്‍ നെഗറ്റീവ് വേഷത്തിലും പോസിറ്റീവ് വേഷത്തിലുമെത്തി. ഏറ്റവുമൊടുവില്‍ മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലാണ് ശ്രീദേവിയെ കണ്ടത്.

സുമി സന്തോഷ്
അങ്ങാടിപ്പാട്ട് എന്ന സീരിയലിലൂടെ പ്രേക്ഷക മനം കീഴടക്കിയ നടിയാണ് സുമി സന്തോഷ്. തുടര്‍ന്ന് അവകാശികള്‍, മംഗല്യപ്പട്ട്, ഒരിടത്തൊരിടത്ത്, ശ്രീ ഗുരുവായൂരപ്പന്‍, സ്ത്രീജന്മം, വധു തുടങ്ങിയ സീരിയലിലൂടെ സുപരിചിതയായ സുമി ഇപ്പോള്‍ അത്ര സജീവമല്ല.


Click it and Unblock the Notifications











