'സീരിയസായി ചിന്തിക്കുന്നയാളാണ്, മടിയിൽ കിടന്ന് ദേവു ഏങ്ങി കരഞ്ഞു, സ്റ്റേറ്റ് അവാർഡ് ബാധിച്ചില്ല'; അച്ഛൻ!
ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ബാലതാരം ആരാണെന്ന് ചോദിച്ചാൽ അതിന് ഭൂരിഭാഗം പേരും പറയാൻ പോകുന്നത് മാളികപ്പുറം താരം ദേവനന്ദയുടെ പേരായിരിക്കും. ഒറ്റ സിനിമകൊണ്ട് ഒട്ടുമിക്ക മലയാളികളുടെയും മനസ് കീഴടക്കി കഴിഞ്ഞു ഈ കൊച്ചുമിടുക്കി. മാളികപ്പുറത്തിന് മുമ്പും ദേവനന്ദ സിനികൾ ചെയ്തിട്ടുണ്ട്.
പക്ഷെ ശ്രദ്ധിക്കപ്പെട്ടതും ആഘോഷിക്കപ്പെട്ടതും മാളികപ്പുറത്തിലെ കഥാപാത്രമാണെന്ന് മാത്രം. ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ദേവനന്ദയ്ക്ക് ആരാധകർ നിരവധിയാണ്.
എവിടെപോയാലും ഓടിവന്ന് സ്നേഹം പ്രകടിപ്പിക്കാനും സെൽഫിയെടുക്കാനും ഒരുപാട് പേർ എത്തും. ഒരുപക്ഷേ ദേവനന്ദ എന്ന് പറയുന്നതിനേക്കാൾ കൂടുതൽ കല്യാണി എന്ന് പറഞ്ഞാൽ ആയിരിക്കും താരത്തെ ആളുകൾക്ക് മനസിലാവുക. മാളികപ്പുറത്തിലെ അയ്യപ്പ ഭക്തയായ കല്ലുവിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല എന്നതാണ് സത്യം.

പലരും വിചാരിച്ചിരിക്കുന്നത് ദേവനന്ദയുടെ ആദ്യചിത്രമാണ് മാളികപ്പുറം എന്നതാണ്. എന്നാൽ അങ്ങനെയല്ല. ദേവനന്ദ ഇതിന് മുമ്പും നിരവധി സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ട്. ദേവനന്ദയുടെ പന്ത്രണ്ടാമത്തെ ചിത്രമാണ് മാളികപ്പുറം. ഇതിനു മുമ്പ് 11 സിനിമകളിൽ ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. ഇത് മിക്ക മലയാളികൾക്കും അറിയാത്ത ഒരു കാര്യമാണ്.
മിന്നൽ മുരളി എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ തന്നെയാണ് ദേവനന്ദ അവിസ്മരണീയമാക്കിയിരിക്കുന്നത്. ഇത് കൂടാതെ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈ സാന്റ, സൈമൺ ഡാനിയൽ, തൊട്ടപ്പൻ, ഹെവൻ, ടീച്ചർ എന്നീ സിനിമകളിലും ദേവനന്ദ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആരാധകർ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് തന്നെയാണ്. ഈ ചിത്രത്തിലെ പ്രകടനം താരത്തിന് നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ദേവനന്ദയ്ക്ക് ലഭിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ അവസാന നിമിഷം അത് കൈവിട്ട് പോയപ്പോൾ ഒരു പരാതിയും ദേവനന്ദയ്ക്കുണ്ടായിരുന്നില്ല.
വളരെ പക്വതയോടെയാണ് ഈ കൊച്ചുമിടുക്കി ആ സമയത്തുണ്ടായ വിവാദങ്ങളോട് പ്രതികരിച്ചത്. സ്റ്റേറ്റ് അവാർഡ് ലഭിക്കാത്തത് ഒരു തരത്തിലും ദേവനന്ദയെ ബാധിച്ചില്ലെന്നും കാര്യങ്ങൾ പോസിറ്റീവ് തോട്ടിൽ കാണാൻ ഇഷ്ടപ്പെടുന്നയാളാണ് ദേവനന്ദയെന്നും പറയുകയാണ് താരത്തിന്റെ അച്ഛൻ.

'സാധാരണ ഒരു കാര്യത്തിനും ദേവൂന് വിഷമം വന്ന് ഞാൻ കണ്ടിട്ടില്ല. ദേവു കുറച്ച് കൂടി സീരിയസായി ചിന്തിക്കുന്ന ആളാണ്. സ്റ്റേറ്റ് അവാർഡിന്റെ കാര്യം ഒക്കെ ഉണ്ടായിരുന്നല്ലോ. അതൊന്നും അവളെ ബാധിച്ചതേയില്ല. ഒരു പോസിറ്റീവ് തോട്ടിലാണ് അവൾ മുന്നോട്ട് പോകുന്നത്. ദേവു എപ്പോഴും ചിരിക്കുന്ന ആളാണ്. അങ്ങിനെ പെട്ടെന്നൊന്നും സങ്കടപ്പെടുന്ന ആളല്ല. ചിരിച്ച മുഖത്തോടെ ആളുകളോട് ഇടപെടുന്ന ആളാണ്.'
'എനിക്ക് എപ്പോഴും തോന്നാറുണ്ട് അവൾക്ക് കരയാനാണ് ബുദ്ധിമുട്ടെന്ന്. ദേവു ശരിക്കും കരഞ്ഞ് ഞാൻ കാണുന്നത് മാളികപ്പുറം സിനിമ കണ്ടിട്ടാണ്. ഞങ്ങൾ എല്ലാവരും തീയറ്റർ വിസിറ്റും അങ്ങിനെയുള്ള എല്ലാ കാര്യങ്ങൾക്കും പോകാറുണ്ടായിരുന്നു. ആ സിനിമ ഇറങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരിക്കൽ ഞങ്ങൾ തിരുവനന്തപുരത്ത് എത്തി.'
'അന്ന് തിരുവനന്തപുരത്ത് ഒരു തീയറ്ററിൽ രാത്രി പതിനൊന്നരയ്ക്ക് മാളികപ്പുറത്തിന്റെ നൈറ്റ് ഷോയുണ്ടായിരുന്നു. അതിനുപോകാൻ ഞങ്ങൾ തീരുമാനിച്ചു. സിനിമ കണ്ട് തുടങ്ങി. സിനിമയുടെ കഥ മുഴുവൻ അവൾക്ക് അറിയാമായിരുന്നു. അവൾ അഭിനയിച്ചതാണ്. കഥ കുറെ പ്രാവശ്യം കേട്ടതാണ്. അവൾ തന്നെ ഡബ്ബും ചെയ്തതാണ്.'
'മാത്രമല്ല കുറെ തീയറ്റർ വിസിറ്റും അവൾ ചെയ്തത് ആയിരുന്നു. സിനിമ തുടങ്ങി കുറച്ചുനേരം കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ അവൾ ഇരുന്ന സീറ്റിൽ നിന്നും തൊട്ട് അടുത്ത സീറ്റിൽ അവളുടെ അമ്മ പ്രീതയിരിപ്പുണ്ടായിരുന്നു. അവൾ നേരെ പ്രീതയുടെ മടിയിലേക്ക് കയറി. പിന്നെ ഞാൻ നോക്കുമ്പോൾ അവൾ ഭയങ്കരമായിട്ട് ഏങ്ങലടിച്ച് കരയുന്നു.'
'ലാസ്റ്റ് പ്രീതയ്ക്ക് ടെൻഷനായി. ഏങ്ങിയേങ്ങി കരയുവായിരുന്നു. അവളെ ഞാൻ അങ്ങിനെ മുമ്പൊന്നും കരഞ്ഞ് കണ്ടിട്ടില്ല. അന്നാദ്യമായിട്ടാണ് അവളെ ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ കാണുന്നത്', ദേവനന്ദയുടെ അച്ഛൻ ജിബിൻ പറഞ്ഞു. സോമന്റെ കൃതാവാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദേവനന്ദയുടെ സിനിമ.


Click it and Unblock the Notifications