ഞാനറിയുന്ന അൻസിബയല്ല ഇത്, വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകി കൊടുക്കരുത്: മല്ലിക സുകുമാരൻ
അമ്മ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമാകവെ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. അൻസിബ ഹസൻ ടിനി ടോമിനെതിരെ ഉന്നയിച്ച പരാതിയിൽ മല്ലിക സുകുമാരൻ സംശയം പ്രകടിപ്പിച്ചു. അൻസിബയെ ജിഹാദി എന്ന് വിളിച്ചെന്ന് പറയുന്നു. പിന്നീട് അതേ അൻസിബ പറയുന്നു എന്നോട് നേരിട്ട് നീന കുറുപ്പ് ചേച്ചി കേട്ടതാണെന്ന്. അൻസിബ എന്ന കുട്ടിയെ മെയ് അഞ്ചാം തിയതി വരെ വളരെ അടുത്ത് അറിയാം. ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഇതൊക്കെ ആണോ വലിയ കാര്യം, മിടുക്കിയല്ലേ, സ്മാർട്ടായി നിൽക്കണം, സ്മാർട്ടായി നിൽക്കണം എന്നൊക്കെ മകളെ പോലെ ഞാൻ പറഞ്ഞതാണ്. മെെക്കിന് മുന്നിൽ നിന്ന് പിന്നീട് അൻസിബ സംസാരിക്കുന്നുണ്ട്. ഞാൻ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ അൻസിബ ആയിരുന്നില്ല അത്. സംസാര രീതി മാറി. ഒരു റിബൽ ടെെപ്പ് ആയി അൻസിബ.
ടിനി ഇങ്ങനെ ചെയ്തല്ലോ, എന്തൊരു വൃത്തികേടാ എന്നെനിക്ക് തോന്നി. പിന്നീടാണ് നേരിട്ടല്ല കേട്ടത് നീന കുറുപ്പ് പറഞ്ഞതാണെന്ന്. അപ്പോൾ ഞാൻ അന്വേഷിച്ചു. അതിന്റിടയിൽ കൂടെ അൻസിബ ഒരു വാചകം പറഞ്ഞു. കുടപ്പനക്കുന്ന് രാജീവും മകനും ഈ കഥ പറഞ്ഞില്ലായിരുന്നെങ്കിൽ എന്നെ പിടിച്ച് ജയിലിൽ അടയ്ക്കില്ലായിരുന്നോ എന്ന്. അവിടെയാണ് അൻസിബയെക്കുറിച്ചുള്ള എന്റെ അഭിപ്രായം പോയത്. കുടപ്പനക്കുന്ന് രാജീവിന്റെ മെസേജ് അൻസിബയ്ക്ക് എവിടെ നിന്ന് കിട്ടി. സ്പോൺസറിംഗുമായി ബന്ധപ്പെട്ട് അൻസിബ പറഞ്ഞത് മതപരമായി ബന്ധപ്പെട്ട് ഒരുത്തന്റെയും ഡിസ്പ്ലേ അവിടെ വരാൻ പാടില്ല എന്നാണ്.

അത് പറയാൻ എന്ത് വികാരമാണ് അൻസിബയ്ക്ക് തോന്നിയത്. അൻസിബയ്ക്ക് ഹിന്ദുക്കളോട് വിരോധം ഇല്ലല്ലോ. അതേ അമ്പലത്തിൽ അൻസിബ പോയിട്ടുണ്ട്. പരിപാടിക്കാണോ എന്നറിയില്ല. ടിനി ജിഹാദി എന്ന് വിളിക്കുന്നത് ഞങ്ങളാരും കേട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ഞാൻ മനസിലാക്കിയത് ഇതൊന്നും അൻസിബയോട് നേരിട്ട് ചെയ്ത കാര്യങ്ങളല്ലെന്നാണെന്നും മല്ലിക സുകുമാരൻ പറയുന്നു.
അൻസിബയുടെ ദൃശ്യം സിനിമ ഹിന്ദുക്കളാരും കണ്ടിട്ടില്ലേ. വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിത്തിരുകി കൊടുക്കരുത് എന്നേ എനിക്ക് പറയാനുള്ളൂയെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു.മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അൻസിബ ഹസൻ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അൻസിബയ്ക്ക് അമ്മ സംഘടന കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സംഘടനയ്ക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തി അമ്മയെ തകർക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ് നോട്ടീസ്. ഇതിന് അൻസിബ മറുപടി നൽകി. കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നും സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായി താനെന്ത് ചെയ്തെന്നും അൻസിബ ഹസൻ ചോദിച്ചു. ടിനി ടോമിനെതിരായ ആരോപണത്തിൽ അമ്മ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് താൻ പരാതി നൽകാൻ നിർബന്ധിതയായതെന്നും അൻസിബ ഹസൻ വ്യക്തമാക്കി. അൻസിബയുടെ ആരോപണങ്ങൾ ടിനി ടോം നിഷേധിക്കുന്നു. താൻ അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നും അപവാദം പ്രചരിപ്പിച്ചിട്ടില്ലെന്നും ടിനി ടോം പറയുന്നു.


Click it and Unblock the Notifications
