പൃഥ്വിരാജ് കരഞ്ഞ് അവരുടെ കാലിൽ വീണോ? അന്ന് യഥാർത്ഥത്തിലുണ്ടായത്; മല്ലിക സുകുമാരൻ പറയുന്നു
പൃഥ്വിരാജിന്റെ കരിയറിൽ ഏറ്റവും വിവാദമായ സിനിമയാണ് എമ്പുരാൻ. കേരളത്തിലെ രാഷ്ട്രീയ വിഷയമായി എമ്പുരാൻ മാറി. റിലീസ് ചെയ്ത ശേഷം വീണ്ടും സെൻസർ ചെയ്യേണ്ട സാഹചര്യമുണ്ടായി. പൃഥ്വിരാജ് സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത സിനിമയാണ് എമ്പുരാൻ. വിവാദം ചൂട് പിടിച്ച സമയത്ത് പൃഥ്വിരാജ് പ്രതികരിച്ചിരുന്നില്ല. അമ്മ മല്ലിക സുകുമാരനാണ് പൃഥ്വിക്ക് വേണ്ടി സംസാരിച്ചത്. പുതിയ അഭിമുഖത്തിൽ മകനെക്കുറിച്ച് വന്ന വാർത്തകളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
വർഗീയത എല്ലാ പാർട്ടിയിലും ഒരു വിഭാഗത്തിലുണ്ട്. പ്രധാന ചാനലുകൾ എടുത്താൽ കുറച്ച് പേർക്ക് കോൺഗ്രസിനോടായിരിക്കാം അവരുടെ ചായ്വ്. ചിലർക്ക് കമ്മ്യൂണിസത്തോടും ചിലർക്ക് ബിജെപിയോടുമായിരിക്കും. റിപ്പോർട്ടറിലെ സുജ ബിജെപിയാണെന്നൊക്കെ പറയുന്നു. നല്ല കാര്യം. പക്ഷെ നമ്മൾ ഒരു ചാനലിൽ വർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ആ കുട്ടി ഒരു ദിവസം ന്യൂസിൽ പറഞ്ഞതാണ്, സെൻസർ ചെയ്തപ്പോൾ പൃഥ്വിരാജ് സെൻസർകാരുടെ കാലിൽ വീണു. എന്റെ പടം എങ്ങനെയെങ്കിലും ഇറക്കണേ എന്ന് പറഞ്ഞ് കരഞ്ഞെന്ന്. പൃഥ്വിരാജിനെക്കുറിച്ചാണ് ഈ പറയുന്നത്. അവൻ എന്റെ കാലിലെങ്കിലും വീണിരുന്നെങ്കിൽ എന്ന് പറഞ്ഞാണ് നമ്മൾ ജീവിക്കുന്നത്.

അന്ന് അവൻ ഹെെദരാബാദിൽ നിന്ന് കൊച്ചിയിൽ വന്ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്കത്തെ ഫ്ലെെറ്റിൽ സെൻസർ ബോർഡിനടുത്തേക്ക് വന്നപ്പോഴേക്കും ഇവിടെ പടം തുടങ്ങി. അപ്പോൾ അവനവിടെ വെയ്റ്റ് ചെയ്തു. കുറച്ച് സംശയങ്ങളുണ്ടെന്ന് പറഞ്ഞ് അവനെ അകത്ത് വിളിച്ച് സംസാരിച്ചു. അത് കഴിഞ്ഞ് അവനവന്റെ പാട്ടിന് ആറ് മണിക്ക് ഫ്ലെെറ്റിൽ തിരിച്ച് പോയി.
പിന്നെ നാല് ദിവസം പടം ഓടി. പിന്നെ എവിടെ നിന്നാണ് ഈ ന്യൂസുകൾ കുത്തിപ്പൊക്കിയത്. ഇതേക്കുറിച്ച് പിന്നീട് താൻ അന്വേഷിച്ചിരുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞു. എമ്പുരാനെതിരെ ചരട് വലിച്ചത് മുഴുവൻ ബിജെപിക്കാരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ബിജെപിയോട് അനുഭാവമുള്ള, ബിജെപിയിൽ സ്ഥാനമാനം വേണം, സാമ്പത്തിക സഹായം വേണം എന്ന് വിചാരിക്കുന്നവരാണ് പിന്നിൽ. എനിക്ക് ബിജെപിയിൽ ഒരുപാട് ബഹുമാനമുള്ളവരുണ്ട്.


Click it and Unblock the Notifications