'അതിജീവിത അനുഭവിച്ചതിന്റെ നാലിൽ ഒരു അംശം അൻസിബ അനുഭവിച്ചിട്ടില്ല, ഇല്ലാത്തത് കുത്തിതിരുകി കൊടുക്കരുത്'
താരസംഘടനയായ എഎംഎംഎയിൽ നടക്കുന്ന പ്രശ്നങ്ങൾക്കും അതിനെ ചുറ്റിപറ്റിയുണ്ടായ വിവാദങ്ങളെ കുറിച്ചും മനസ് തുറന്ന് മല്ലിക സുകുമാരൻ. സംഘടനകളിൽ കർശന നിയമങ്ങൾ കൊണ്ടുവരണമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. എവിടെയൊക്കയോ എന്തൊക്കയോ ചീഞ്ഞ് നാറിയപ്പോൾ ചിലതിന് ഉത്തരമുണ്ട് ചിലതിന് ഇല്ല. അതാണ് പ്രശ്നങ്ങളുടെ സത്യാവസ്ഥയെന്നും താരം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മല്ലിക സുകുമാരന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അമ്മ സംഘടനയുടെ ഓഫീസിലേക്ക് ഹാന്റ് ബാഗും തൂക്കി ചുമ്മ കയറി പോകുന്ന ചിലരുണ്ട്.
വൈകീട്ട് ആറ് മണിക്ക് ഓഫീസ് അടയ്ക്കില്ല. തോന്നുമ്പോൾ ഓരോരുത്തർ ഓഫീസിൽ കയറി ഇരിക്കും. അഞ്ചര മണിക്ക് ഡ്യൂട്ടി തീരുന്ന ക്ലർക്ക് എട്ട് മണിക്ക് വന്ദേഭാരതിൽ വരുന്ന താരത്തിന് ചായ കൊടുക്കാനായി ഓഫീസിൽ തുടരേണ്ട അവസ്ഥയുണ്ട്.

ക്ലർക്ക് അല്ലേ അവർ അതോ അടുക്കളക്കാരിയാണോയെന്ന് ഞാൻ തന്നെ ഒരിക്കൽ ചോദിച്ചു. ഇതൊക്കെ എന്തുകൊണ്ട് ശ്വേത ശ്രദ്ധിക്കുന്നില്ലെന്നത് എനിക്ക് ഇന്നും അറിയില്ല. ഒരു ഓഫീസ് ടൈം നിശ്ചയിക്കേണ്ടേ?. ഒരുത്തിക്ക് ചായ ഇട്ടുകൊടുക്കാൻ വേണ്ടി വൈകീട്ട് വീട്ടിൽ പോകേണ്ട കൊച്ചിനെ രാത്രി വരെ പിടിച്ച് ഇരുത്തുന്നത് ശരിയാണോ?.
പത്ത് മണിക്കും പന്ത്രണ്ട് മണിക്കും ആളുകൾ ഓഫീസിൽ കയറി ഇറങ്ങുന്നു. അമ്മ ഹോട്ടൻ എന്ന് എഴുതി വെക്കുന്നത് അല്ലേ നല്ലത്. അമ്മ സംഘടന പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷെ അടി കാരണം അതിനൊന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. പെൻഷൻ കൊടുക്കുന്നുണ്ട്. അത് പലർക്കും വലിയ ആശ്വാസവുമാണ്.
സ്ത്രീകൾ സ്ത്രീകൾക്ക് സംരക്ഷകരായി നിൽക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഡബ്ല്യു സിസി തുടങ്ങിയത്. അവർക്ക് മതിയായെന്ന് തോന്നുന്നു. മിണ്ടുന്നില്ല. വല്ലപ്പോഴും റിമയോ പാർവതിയോ എന്തെങ്കിലും മിണ്ടിയാലായി. എന്നെ ലൂസ് ടോക്കറെന്ന് വിളിച്ചപ്പോൾ അമ്മ സംഘടന വിശദീകരണം ചോദിച്ചോ... ഇല്ലല്ലോ?. നിലപാട് പറയണമെന്ന് തോന്നിയാൽ ഇനിയും ഞാൻ പറയും.
എന്റെ പിള്ളേർ എന്നെ വഴക്ക് പറയും. അമ്മ ചുമ്മാതിരിക്ക് എന്നൊക്കെ പറയും. എത്ര കാലം കൂടി ഞാൻ ജീവിച്ചിരിക്കാനാണ്. ഞാൻ പോയി കഴിയുമ്പോൾ ആളുകൾ പറയും ആ തള്ളയുണ്ടായിരുന്നുവെങ്കിൽ ഒരു മറുപടി പറഞ്ഞേനെയെന്ന്. അതുകൊണ്ട് ഞാൻ പറയും എന്നാണ് മക്കളോട് പറയാറുള്ളത്. സംഘടനകളിൽ കർശന നിയമങ്ങൾ കൊണ്ടുവരണം.

സ്ത്രീകളെ സംരക്ഷിച്ച് തള്ളുകയാണ് ഇവരുടെ ലക്ഷ്യമെങ്കിൽ അതിജീവിതയുടെ കാര്യം എവിടെ നിൽക്കുന്നു ഇപ്പോൾ?. ഞങ്ങൾ ആരും പറഞ്ഞിട്ടില്ല ഇന്നാരാണ് ആ തെറ്റ് ചെയ്തതെന്ന്. പറയുകയുമില്ല. ആ റോഡിൽ അങ്ങനൊരു സംഭവം നടന്നു. അതുകൊണ്ട് ജയിലിൽ കിടക്കുന്നവനാണെങ്കിലും ശരി അല്ലെങ്കിലും ശരി. അത് പച്ചയ്ക്ക് പറഞ്ഞിട്ട് ശിക്ഷിക്കുക. അല്ലാതെ ഉരുട്ടി കളിക്കരുത്.
സിനിമാ ഫീൽഡ് തന്നെ വിട്ടുപോകാൻ തീരുമാനിക്കുന്ന തരത്തിൽ വേദന അതിജീവിത അനുഭവിച്ചു. ആ കുട്ടി അനുഭവിച്ചതിന്റെ നാലിൽ ഒരു അംശം അൻസിബ അനുഭവിക്കുന്നില്ലല്ലോ. അമ്പലം, പള്ളി എന്ന് പറഞ്ഞ് എന്തിനാണ് വഴക്ക്. അൻസിബയുടെ ദൃശ്യം ഹിന്ദുകൾ കണ്ടിട്ടില്ലേ?. വേണ്ടാത്തത് പറഞ്ഞ് ഇല്ലാത്തത് കുത്തിതിരുകി കൊടുക്കരുത് അൻസിബ എന്നാണ് എനിക്ക് പറയാനുള്ളത്. അൻസിബയും സൂക്ഷിച്ച് സംസാരിക്കണം.
ടിനിയായാലും അങ്ങനെ തന്നെ. അഞ്ഞൂറ് പേരോളം ഉള്ള വലിയ സംഘടനയാണത്. എവിടെ എങ്കിലും ചെന്ന് ഇരിക്കുമ്പോൾ എന്താ സംഘടനയിൽ പ്രശ്നമെന്ന് ചോദ്യം വരും. ഒഴിവാക്കി വിടാൻ പറ്റില്ലാത്ത അവസ്ഥയായി. എവിടെയൊക്കയോ എന്തൊക്കയോ ചീഞ്ഞ് നാറിയപ്പോൾ ചിലതിന് ഉത്തരമുണ്ട് ചിലതിന് ഇല്ല. അതാണ് സത്യാവസ്ഥ എന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications


