കല്യാണം കഴിക്കുമെന്ന ഉറപ്പ് വന്നപ്പോൾ ഡബ്ബിങ് നിർത്തിക്കോളാൻ സുകുവേട്ടൻ പറഞ്ഞു, പെൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്നു?
നടൻ സുകുമാരന്റെ ഭാര്യ, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്നീ ടാഗുകളിൽ മാത്രം ഒതുങ്ങിപ്പോകേണ്ട വ്യക്തിത്വമല്ല മല്ലിക സുകുമാരന്റേത്. പക്ഷെ സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ താരത്തിന്റെ കലാജീവിതത്തിന് വേണ്ടത്ര ശ്രദ്ധ പലപ്പോഴും ലഭിക്കാറില്ലെന്നതാണ് സത്യം. അഭിമുഖങ്ങളിൽ പോലും നടിയുടെ കലാജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വളരെ വിരളമായി മാത്രമെ ഉണ്ടാകാറുള്ളു.
അഭിനേത്രി എന്നതിലുപരി എഴുത്ത്, ഡബ്ബിങ്, സംഗീതം എന്നിവയിലെല്ലാം വാസനയുള്ളയാളാണ് മല്ലിക. നടി സീമയുടെ എക്കാലതത്തെയും ഹിറ്റ് ചിത്രമായ അവളുടെ രാവുകളിൽ സീമയ്ക്ക് ശബ്ദം നൽകിയത് മല്ലികയാണ്. പക്ഷെ പലർക്കും ഇക്കാര്യം അറിയില്ലെന്നതാണ് സത്യം. അവളുടെ രാവുകളിൽ സീമയ്ക്ക് ശബ്ദം നൽകിയത് ഞാനാണെന്ന് അറിയാത്തവരുണ്ട്.

അവളുടെ രാവുകൾ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്ന് ചിലരൊക്കെ പറയുന്നത് കേൾക്കുമ്പോൾ ശബ്ദം കൊടുത്തത് ഞാനാണെന്ന് പറയാറുണ്ടെന്ന് മല്ലിക സുകുമാരൻ സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. സുകുവേട്ടൻ, കുതിരവട്ടം പപ്പു ചേട്ടൻ, നിർമാതാവ് രാമചന്ദ്രൻ എന്നിവരെല്ലാം ഒരുമിച്ചായിരുന്നു അക്കാലത്ത് താമസം.
മാത്രമല്ല ഐവി ശശി സാർ ഇവരുടെയെല്ലാം അടുത്ത സുഹൃത്തുമാണ്. ഞാനും സുകുവേട്ടനും പരിചയപ്പെട്ട സമയമായിരുന്നു അത്. സുകുവേട്ടന്റെ അനിയത്തി എനിക്കൊപ്പം പഠിച്ചതാണ്. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ട് സംസാരിച്ച് തുടങ്ങിയ സമയത്താണ് അവളുടെ രാവുകൾ അവർ എടുക്കുന്നത്. സീമയുടെ അമ്മയുടെ കഥാപാത്രം ഞാനാണ് ചെയ്തത്. സുകുവേട്ടനൊക്കെ പറഞ്ഞിട്ടാണ് അഭിനയിച്ചത്.
വ്യത്യസ്തമായ ഒരു വോയ്സ് സീമയ്ക്ക് ഈ സിനിമയിൽ വേണമെന്ന് അവർക്ക് ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഡബ്ബ് ചെയ്യുന്നത്. അവളുടെ രാവുകളിൽ മാത്രമല്ല അടവുകൾ പതിനെട്ട് അടക്കം സീമയുടെ കുറേ സിനിമകൾക്ക് ഡബ്ബ് ചെയ്തു. പിന്നെ ഞാനും സുകുവേട്ടനും കല്യാണം കഴിക്കുമെന്ന കാര്യത്തിൽ ഉറപ്പ് വന്നപ്പോൾ ഡബ്ബിങ് നിർത്തിക്കോളാൻ സുകുവേട്ടൻ പറഞ്ഞു.
ശാരദയുടെ തെലുങ്ക് പടം മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോഴും ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട് മല്ലിക പറയുന്നു. സുകുവേട്ടൻ പാട്ട് പാടും. പക്ഷെ അത് ആർക്കും അറിയില്ലെന്ന് മാത്രം. പഴയ മലബാർ കാർന്നോർ എന്നാണ് ഞാൻ സുകുവേട്ടനെ കുറിച്ച് പറയാറ്. പ്രേമം പ്രകടിപ്പിക്കാൻ പോലും താൽപര്യമില്ലാത്തയാളാണ് മല്ലിക കൂട്ടിച്ചേർത്തു. അകാലത്തിൽ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട കലാകാരനാണ് സുകുമാരൻ.

അദ്ദേഹം മരിക്കുമ്പോൾ നാൽപ്പതുകളിലായിരുന്നു മല്ലിക. പിന്നീട് മറ്റൊരു വിവാഹത്തിന് പോലും മുതിരാതെ മക്കൾക്ക് വേണ്ടി മല്ലിക ജീവിച്ചു. മക്കളെ കുറിച്ച് പറയുന്നതിനേക്കാൾ സുകുമാരനെ കുറിച്ച് പറയുമ്പോഴാണ് മല്ലികയുടെ മുഖത്ത് കൂടുതൽ സന്തോഷവും പ്രസരിപ്പും കാണാൻ കഴിയുക. ഒരു പെൺകുഞ്ഞ് കൂടി വേണമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തോടും അഭിമുഖത്തിൽ മല്ലിക പ്രതികരിച്ചു.
പതിവുപോലെ സരസമായ മറുപടിയായിരുന്നു. ഒരു പെൺകുഞ്ഞിനെ കൂടി വേണമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. രണ്ട് ആൺമക്കളുണ്ടെങ്കിൽ രണ്ട് പെൺകുട്ടികൾ വരും. കൊണ്ടുകൊടുത്താലും അവർ വിളിച്ചോണ്ട് വന്നാലും രണ്ട് പെൺകുട്ടികൾ വരും. മക്കളോട് ഞാൻ പറഞ്ഞത്... ഇനിയുള്ള ജീവിതത്തിൽ അവർ തെറ്റ് ചെയ്താൽ നിങ്ങളും നിങ്ങൾ തെറ്റ് ചെയ്താൽ അവരും തുറന്ന് പറയുന്ന സ്വാതന്ത്ര്യമുണ്ടാകണമെന്ന് പറഞ്ഞിട്ടുണ്ട്.
അല്ലാതെ വൺ വേ ട്രാഫിക്ക് ആകരുതെന്നും പറഞ്ഞ് കൊടുത്തിരുന്നു. തെറ്റ് കണ്ടാൽ പറയാൻ പേടി രണ്ടുപേർക്കും ഉണ്ടാകരുതെന്നും പറഞ്ഞിട്ടുണ്ട്. ഞാനും സുകുവേട്ടനും പരസ്പരം മനസ് അറിഞ്ഞ് ജീവിച്ചവരാണ്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ എനിക്ക് അറിയാം. എന്റെ താൽപര്യങ്ങൾ അദ്ദേഹത്തിനും അറിയാം.
അങ്ങനെ പോയതുകൊണ്ടാണ് ഞങ്ങൾക്ക് എടപ്പാളിൽ പോയാലും തിരുവനന്തപുരത്ത് വന്നാലും ഒരുപോലത്തെ സുഖകരമായ ജീവിതം ഉണ്ടായത്. മക്കൾക്കും മരുമക്കൾക്കും നമ്മളോടുള്ള സ്നേഹവും പെരുമാറ്റവുമാണ് നമ്മൾ എന്നും ഓർക്കുന്നത്. അല്ലാതെ കുട്ടി എങ്ങനെ വന്നുവെന്നുള്ള ചോദ്യം അപ്രസക്തമാണ് എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.


Click it and Unblock the Notifications











