മക്കൾക്ക് അറിയാവുന്നതാണ്; പറഞ്ഞത് സുകുവേട്ടൻ; ആദ്യ വിവാഹത്തെക്കുറിച്ച് പരോക്ഷമായി മല്ലിക സുകുമാരൻ
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരൻ. വർഷങ്ങളായി സിനിമാ രംഗത്തുള്ള മല്ലിക 69ാം വയസിലും അഭിനയ രംഗത്ത് സജീവമാണ്. അഭിമുഖങ്ങളിൽ രസകരമായി സംസാരിക്കുന്ന മല്ലിക സുകുമാരന് കോമഡി വേഷങ്ങൾ ചെയ്യാൻ പ്രത്യേക മിടുക്കുണ്ടെന്ന് പ്രേക്ഷകർ പറയാറുണ്ട്. പൃഥിരാജ്, ഇന്ദ്രജിത്ത് എന്നീ താരങ്ങളുടെ അമ്മ എന്നതിനപ്പുറം സിനിമാ ലോകത്തും പൊതുസമൂഹത്തിലും തന്റേതായ സ്ഥാനവും മല്ലിക സുകുമാരനുണ്ട്.
കോളേജ് പഠന കാലത്ത് ജീവിതത്തിലെടുത്ത തെറ്റായൊരു തീരുമാനത്തെക്കുറിച്ച് പരോക്ഷമായി പരാമർശിച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. കൗമുദി മൂവീസിലാണ് പ്രതികരണം. കലാ ജീവിതത്തിനുള്ള അംഗീകാരങ്ങൾ കുറേശ്ശേ കോളേജ് തലത്തിൽ നേടിത്തുടങ്ങി. ബെർലിൻ ഫെസ്റ്റിവൽ എന്ന വലിയൊരു ഫെസ്റ്റ് നടന്നു. ഒരു വിധപ്പെട്ട എല്ലാ കോളേജുകാരെയും പങ്കെടുപ്പിച്ചു. കഴിഞ്ഞ ഏതാണ്ട് 40 വർഷക്കാലമായി ആ ബെർലിൻ ഫെസ്റ്റിവലിൽ അപക്വമായ തീരുമാനത്തിന്റെ പേരിൽ എന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷമായുണ്ടായ വഴിത്തിരിവിനെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്.

എല്ലാവർക്കും അറിയാം. ആ മാറ്റത്തിന്റെ കഥ ആദ്യം എന്റെ മക്കളോട് പറയുന്നത് എന്റെ സുകുവേട്ടൻ തന്നെയാണ്. അതുകൊണ്ട് എനിക്കൊരു മടിയും ഇല്ല. ഇനിയും അത് പറയേണ്ടതില്ല. അവിടെ നിന്നുണ്ടായ മാറ്റത്തിന്റെ പേരിലാണ് കലാ പരമായ കാര്യങ്ങൾ വേണ്ടെന്ന് വെക്കുന്നതെന്നും മല്ലിക സുകുമാരൻ ഓർത്തു.
നടൻ ജഗതി ശ്രീകുമാറുമായുണ്ടായ പ്രണയവും വിവാഹവുമാണ് മല്ലിക സുകുമാരൻ സൂചിപ്പിച്ചത്. ഇരുവരും കോളേജ് പഠനകാലത്താണ് പ്രണയത്തിലാകുന്നതും വീട്ടുകാരെ എതിർത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതും. എന്നാൽ പിന്നീട് അസ്വാരസ്യങ്ങൾ വന്നതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതിന് ശേഷമാണ് നടൻ സുകുമാരൻ മല്ലികയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

കോളേജ് പഠനകാലത്തെ സൗഹൃദങ്ങളെക്കുറിച്ചും മല്ലിക സുകുമാരൻ കൗമുദി മൂവീസിൽ സംസാരിക്കുന്നുണ്ട്. അന്നത്തെ സൗഹൃദങ്ങൾ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. സൗഹൃദത്തിന് തനിക്കൊരു കുറവും ഉണ്ടായിട്ടില്ല. എന്നാൽ ഇന്ന് സൗഹൃദങ്ങൾ രാഷ്ട്രീയ താൽപര്യം വെച്ചാണ്. അത് ശരിയല്ലെന്ന് മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു. യുവതലമുറയ്ക്കുള്ള ഉപദേശവും നടി പങ്കുവെച്ചു.
മാന്യമായ രീതിയിൽ ജോലി ചെയ്ത് മാന്യമായി ജീവിക്കണം. വേറൊരുത്തന്റെ കഥ കള്ളക്കഥയാക്കി കാശുണ്ടാക്കി പോക്കറ്റിലിടുന്നതല്ല ആണത്തവും സഭ്യതയും. കള്ളം പറയേണ്ട കാര്യമില്ല. ഉള്ളത് ഉള്ളത് പോലെ പറയുക. അപ്പോൾ കേൾക്കുമ്പോഴുള്ള പ്രയാസമേ ഉണ്ടാവൂ. അതൊക്കെ പെട്ടെന്നങ്ങ് മാറും. മറ്റുള്ളവരെ കുറ്റം പറയാൻ താൽപര്യം കാണിക്കുന്നത് അവനവന് ഐഡന്റിറ്റി ഇല്ലാത്തവരാണ്. വിവരവും വിദ്യാഭ്യാസവും ഉള്ള യുവ തലമുറ അതിനൊന്നും മറുപടി പറയാൻ നിൽക്കരുത്. സ്നേഹമുള്ള അമ്മയോ അമ്മൂമ്മയോ പറയുന്നതായി കണ്ടാൽ മതി.
ഇപ്പോൾ ഞാൻ പറഞ്ഞ എന്റെ കഥ എത്രയോ ഭാഗങ്ങളാക്കി ചെറിയ സംഭവങ്ങൾ ചേർത്ത് വേണമെങ്കിൽ എനിക്ക് പറയാം. ആദ്യം എന്നെ തെറി വിളിച്ചവർ താനൊരു ഭാഗ്യവതിയാടോ രക്ഷപ്പെട്ടു എന്ന് തിരിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് പറഞ്ഞ് ഞാൻ സുഖം കണ്ടെത്തുന്നതല്ല മാന്യത. അതൊക്കെ അവരുടെ അപ്പോഴത്തെ വിവരക്കേട്.
അവരെന്താണെന്ന് വെച്ചാൽ പറയട്ടെ എന്ന വിശാല മനസ് എല്ലാവർക്കും കിട്ടുന്നതല്ല. അതിന് ദൈവം കൂടി അനുഗ്രഹിക്കണം. അതില്ലാത്തവരാണ് എങ്ങനെ കെെയും കാലുമിട്ട് അടിച്ചാലാണ് നീന്താൻ പറ്റുകയെന്ന് അറിയാതെ സമൂഹത്തിൽ ജീവിച്ച് പോകുന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.


Click it and Unblock the Notifications











