'മമ്മൂട്ടിയോട് അഭിപ്രായം ചോദിച്ചാൽ ആത്മാർത്ഥമായി ഉത്തരം പറയും, ലാലിനെ കുഞ്ഞായിട്ടാണ് കാണുന്നത്'; മല്ലിക!
കാലങ്ങളായി പലരോടും ചോദിക്കുന്ന ഒരു ചോദ്യമാണ് മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടമെന്നത്. സെലിബ്രിറ്റികൾ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ കേൾക്കാറുള്ള ക്ലീഷെ ചോദ്യങ്ങളിൽ ഒന്നുകൂടി ആണിത്. പലരും ഡിപ്ലോമാറ്റിക്കായി മറുപടി പറഞ്ഞ് ഒഴിയാറാണ് പതിവ്.
അതേസമയം ഇതേ ചോദ്യം ഒരു യഥാർത്ഥ സിനിമാസ്നേഹിയോട് ചോദിച്ചാൽ അയാളും മറുപടി പറയാനാകാതെ വിഷമിക്കും. കാരണം രണ്ടുപേരും ഇന്ന് ഇന്ത്യൻ സിനിമയിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന രണ്ട് ഇതിഹാസങ്ങളായി മാറി കഴിഞ്ഞു. അത് മാത്രമല്ല ഇരുവരുടെയും സ്ഥാനം സ്വന്തമാക്കി ആ സ്ഥാനത്തേക്ക് കയറിവരാൻ ഇതുവരെയും യുവതലമുറയിലെ ഒരു താരത്തിനും സാധിച്ചിട്ടില്ല.
മോഹൻലാലും മമ്മൂട്ടിയും ചെയ്ത് വെച്ചിട്ടുള്ള പ്രകടനങ്ങളുടെ ഒരു പകുതി പോലും ചെയ്യാൻ മലയാളത്തിലെ ഒരു യുവതാരങ്ങൾക്കും ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് സിനിമാപ്രേമികൾ പൊതുവെ പറയാറുള്ളത്. സന്മനസ്സുള്ളവർക്ക് സമാധാനം, നിർണയം പോലുള്ള സിനിമകൾ കണ്ടാൽ ലാലേട്ടനെ പോലെ ഒരു നടൻ മലയാളത്തിൽ ഇല്ലെന്ന് തോന്നി പോകും.

അതുപോലെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ അടക്കമുള്ള സിനിമകൾ കണ്ടാൽ മമ്മൂക്കയെ പോലെ വോയ്സ് മോഡുലേഷനിൽ അഭിനയിക്കുന്ന നടൻ വേറെ ഇല്ലെന്ന് തോന്നും. രണ്ടു പേരും ഒരിക്കലും താരതമ്യം ചെയ്യാൻ പോലും സാധിക്കാത്ത തരത്തിൽ ഇതിഹാസങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു.
അടുത്തിടെയായി നിരവധി ഫ്ലോപ്പുകൾ നൽകിയിട്ടും മോഹൻലാൽ എന്ന നടനെ മലയാളികൾക്ക് മനസറിഞ്ഞ് തള്ളിപ്പറയാൻ സാധിക്കാത്തതിന് കാരണവും അദ്ദേഹം നേരത്തെ ചെയ്ത് വെച്ച മറ്റ് മനോഹരമായ കഥാപാത്രങ്ങൾ മനസിൽ തങ്ങി നിൽക്കുന്നത് കൊണ്ടാണ്. മമ്മൂട്ടിയുടെ കാര്യത്തിലും സിനിമാപ്രേമികളുടെ സ്ഥിതി ഇതുതന്നെ.
ഇരുവരുടെയും കഴിവിനെ വിലയിരുത്താൻ പോലും തങ്ങൾക്ക് യോഗ്യതയില്ലെന്ന് ചിന്തിച്ച് താരങ്ങളുടെ മികച്ച സിനിമകൾ വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറായിട്ടുള്ള ഒരു വിഭാഗം ആരാധകരുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുമായും മോഹൻലാലുമായും തനിക്ക് എത്തരത്തിലുള്ള ആന്മബന്ധമാണുള്ളതെന്ന് നടി മല്ലിക സുകുമാരൻ പറയുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്.
എന്റെ അമ്മ സൂപ്പറാ എന്ന മഴവിൽ മനോരമയിലെ പരിപാടിയിൽ അതിഥിയായി വന്നപ്പോഴാണ് മലയാളത്തിലെ സൂപ്പർ താരങ്ങളെ കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചത്. 'രണ്ടുപേരെയും ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് ശരിയായ ഉത്തരമല്ല. പക്ഷെ രണ്ടുപേരോടും രണ്ട് തരത്തിലുള്ള മറക്കാനാവാത്ത ബന്ധമുണ്ട് എനിക്ക്.'

ലാലു അഞ്ച് വയസുള്ളപ്പോൾ മുതൽ ഞങ്ങളുടെ വീട്ടുമുറ്റത്ത് ഓടി നടന്ന് കളിച്ച് വളർന്ന കുഞ്ഞാണ്. ഞങ്ങൾ അടുത്ത് അടുത്തായിരുന്നു താമസിച്ചിരുന്നത്. മമ്മൂട്ടിയോട് ഒരു ബഹുമാനമാണുള്ളത്. പല ഘട്ടങ്ങളിലും മമ്മൂട്ടിയോട് അഭിപ്രായം ചോദിക്കുന്നതും അത്യാവശ്യഘട്ടങ്ങളിൽ ഞങ്ങൾക്ക് സഹായമാവുകയും ചെയ്തിട്ടുണ്ട്.'
'മമ്മൂട്ടിയോട് അഭിപ്രായം ചോദിച്ചാൽ ആത്മാർത്ഥമായി ഉത്തരം പറയും. അന്ന് അഭിപ്രായം ചോദിക്കുന്ന സമയത്ത് അതിന് അഭിപ്രായം പറയാനുള്ള പ്രായമൊന്നും അന്ന് ലാലുവിന് ആയിട്ടില്ല. ലാലുവിനെ ഞങ്ങൾ എപ്പോഴും ഒരു കുഞ്ഞായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴും ലാലുവിനോട് സീരിയസായി ഒരു കാര്യം പറയുമ്പോൾ ഞാൻ ചെന്ന് പറഞ്ഞാൽ എങ്ങനെയാ എന്നുള്ള ചിന്തയൊക്കെ വരും.'
'ലാലുവിനോട് ഉള്ളത് ഒരു കുടുംബബന്ധവും മമ്മൂട്ടിയോട് ഒരു ആത്മാർത്ഥ സുഹൃത്ത് ബന്ധവുമാണുള്ളതെന്നുമാണ്', മല്ലിക സുകുമാരൻ പറഞ്ഞത്. ബ്രോ ഡാഡിയിൽ മോഹൻലാലിന്റെ അമ്മ വേഷം ചെയ്തത് മല്ലിക സുകുമാരൻ ആയിരുന്നു.
അതേസമയം പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍.


Click it and Unblock the Notifications