'പല കുടുംബത്തിലെ ഒരു അംഗമാകാൻ എന്നെ കിട്ടില്ല, സുഖമില്ലാതെ ഇരിക്കുന്നയാളല്ലേ, രക്ഷപ്പെട്ടുവെന്ന് അവർ പറഞ്ഞു'
മുഖവുര ആവശ്യമില്ലാത്ത ഒരു താരകുടുംബം അതാണ് നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയിൽ സജീവം. മക്കൾ രണ്ടും അറിയപ്പെടുന്ന നായകന്മാർ. മരുമക്കളിൽ ഒരാൾ അഭിനേതാവും ഫാഷൻ ഡിസൈനറും എങ്കിൽ മറ്റൊരാൾ ചലച്ചിത്ര നിർമ്മാതാവും മുൻ ബിബിസി മാധ്യമപ്രവർത്തകയും. മൂന്ന് കൊച്ചുമക്കളിൽ രണ്ടുപേർ സിനിമയിലെത്തി.
ഒരാൾ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോൾ അമ്മയ്ക്ക് സിനിമയും സീരിയലും വഴങ്ങും എന്നായി. ചെറിയ വേഷം പോലും മികവിറ്റതാക്കുന്ന മല്ലിക സുകുമാരന്റെ സിനിമയിലെ വേഷങ്ങൾ പലതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു.

ഇപ്പോൾ മക്കളെക്കാൾ തിരക്കാണ് അമ്മ മല്ലികയ്ക്ക്. നാൽപ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മല്ലികയ്ക്ക് ഭർത്താവ് സുകുമാരനെ നഷ്ടപ്പെടുന്നത്. അവിടെ നിന്ന് പിന്നീട് ഇങ്ങോട്ട് മല്ലികയുടെ മനോധൈര്യം കൊണ്ടാണ് രണ്ട് ആൺമക്കളും പഠിച്ചതും ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. തന്റെ ജീവിതത്തിലെ അനുഗ്രഹമാണ് ഭർത്താവ് സുകുമാരൻ എന്നാണ് മല്ലിക എപ്പോഴും പറയാറുള്ളത്.
സുകുമാരൻ ജീവിതത്തിലേക്ക് കടന്ന് വരും മുമ്പ് മല്ലിക ജഗതി ശ്രീകുമാറിന്റെ ഭാര്യയായിരുന്നു. ആ ബന്ധം പാതിവഴിയിൽ അവസാനിച്ചപ്പോഴാണ് സ്വർഗം പോലൊരു ജീവിതം മല്ലികയ്ക്ക് സുകുമാരൻ വെച്ച് നീട്ടിയത്. ജഗതി ശ്രീകുമാർ ആദ്യ വിവാഹത്തെ കുറിച്ച് പലപ്പോഴും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.
എന്നാൽ മല്ലിക ആ കഴിഞ്ഞ കാലത്തെ കുറിച്ച് അധികമൊന്നും സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ കാലത്തെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അന്നത്തെ പക്വത കുറവ് കൊണ്ട് തനിക്കൊരു അബദ്ധം പറ്റിയെന്നാണ് സുകുമാരൻ ജീവിതത്തിലേക്ക് വരും മുമ്പുള്ള കാലഘട്ടത്തെ കുറിച്ച് സംസാരിക്കവെ മല്ലിക പറഞ്ഞത്.
'ആ വിഷയത്തിലേക്ക് ഒരുപാട് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം സുഖമില്ലാതെയാൾ ഇരിക്കുകയല്ലേ. അങ്ങനെയുള്ള ആളുകളുടെ കാര്യങ്ങൾ പറയുന്നത് എനിക്ക് പ്രയാസമാണ്. ഞാൻ അത് പറയുന്നതും ശരിയല്ല. ആ സബ്ജക്ടിനെ കുറിച്ച് ഞാൻ അധികം പറയാറില്ല. എന്തൊക്കെ പറഞ്ഞാലും ജീവിതമെന്ന് പറയുന്നത് എനിക്ക് എന്റെ കുടുംബമാണ്. അത് എന്റേത് മാത്രമായിരിക്കണം.'

'അല്ലാതെ പല കുടുംബത്തിലെ ഒരു അംഗമാകാൻ എന്നെ കിട്ടില്ല. അതുകൊണ്ട് എനിക്ക് വിഷമമുണ്ടായി. പക്ഷെ ഞാൻ ആരോടും സങ്കടവും പരാതിയും പറഞ്ഞിട്ടില്ല. പണ്ട് എന്നാലും മല്ലിക അത് ചെയ്തല്ലോയെന്ന് പറഞ്ഞവർ ഇപ്പോൾ നിങ്ങൾക്ക് എന്തോ ദൈവാദീനമുണ്ട് കെട്ടോ നിങ്ങൾ രക്ഷപ്പെട്ടതാണെന്ന് പറഞ്ഞ് തുടങ്ങി. അത് മതിയെനിക്ക്. ഈ പറഞ്ഞവർ തന്നെ തിരുത്തി പറഞ്ഞല്ലോ. അങ്ങനൊരു അവസരം ദൈവം തന്നല്ലോ അതല്ലേ അനുഗ്രഹം.'
'നമ്മളെന്തിനാണ് വാദിക്കാനും വഴക്കുണ്ടാക്കാനും പോകുന്നത്', എന്നാണ് ആദ്യത്തെ വിവാഹ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോന്നതിനെ കുറിച്ച് സംസാരിച്ച് മല്ലിക സുകുമാരൻ പറഞ്ഞത്. 'എന്റെ ആദ്യ പ്രണയം കോളേജിൽ പഠിക്കുമ്പോഴായിരുന്നു. ഒരു 17 വയസായിരുന്നു അന്നത്തെ പ്രായം. 19 ആം വയസിൽ ഞാൻ ആ പ്രണയം സാഫല്യമാക്കി.'
'ഒരു തമാശ പ്രണയം ഒന്നുമായിരുന്നില്ല. ആ വിവാഹം ഞാൻ വേർപെടുത്തുന്നത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ്. ഞാൻ വീണ്ടും വിവാഹിതനാവുന്നത് അറേഞ്ച്ഡ് മാരേജിലൂടെയായിരുന്നു. ഞാൻ എന്റെ കാമുകിയെ ചതിച്ചിട്ടില്ല. അതായിരുന്നു ഞാൻ ചെയ്ത തെറ്റ്.'
'എനിക്ക് ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്റെ പ്രണയം എന്റെ പ്രണയമെന്നാണ്', ജഗതി ശ്രീകുമാർ ആദ്യ വിവാഹത്തെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ പറഞ്ഞത്. 2012 മാർച്ചിൽ കോഴിക്കോട് വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റശേഷം ജഗതി ശ്രീകുമാർ ചികിത്സയും വിശ്രമവുമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.


Click it and Unblock the Notifications