ഐസിയുവിലേക്ക് കയറിയപ്പോൾ എന്നെ നോക്കി, മക്കൾ എത്ര ലക്ഷം വേണമെങ്കിലും തരും പക്ഷെ ഞാൻ ഉപദ്രവിക്കാറില്ല; മല്ലിക!
ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിക്കുമ്പോൾ മല്ലിക സുകുമാരന് മുന്നിൽ ഒരു ശ്യൂന്യതയായിരുന്നു. ജീവിതം ഇതോടെ അവസാനിച്ചുവെന്നാണ് തനിക്ക് അന്ന് തോന്നിയതെന്ന് നടി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പറക്കുറ്റാത്ത കുഞ്ഞുങ്ങളുടെ ഭാവിയാണ് വീണിടത്ത് നിന്നും എഴുന്നേൽക്കാൻ താരപത്നിക്ക് അന്ന് കരുത്തായത്. ഇന്ന് മല്ലികയുടെ ത്യാഗവും പ്രയത്നങ്ങളും ഫലം കണ്ട് തുടങ്ങിയിരിക്കുന്നു.
കാരണം സുകുമാരന് എത്തിപ്പിടിക്കാൻ കഴിയാതെ പോയ ഉയരങ്ങൾ രണ്ട് മക്കളും അച്ഛന് വേണ്ടി നേടി എടുക്കുന്നു. അച്ഛന്റെ വേർപാട് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തിരുന്നുവെന്നത് ഇന്ദ്രജിത്തും പൃഥ്വിരാജും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സുകുമാരന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് മല്ലിക. മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അമ്പത്തിയഞ്ച് വയസിനുള്ളിൽ മരണം സംഭവിച്ചേക്കുമെന്ന് നിരന്തരം സുകുമാരൻ പറയുമായിരുന്നുവെന്നും മല്ലിക ഓർത്തെടുക്കുന്നു. മക്കൾ എവിടെ ചെന്നാലും നാല് കാലിൽ നിൽക്കണം, നന്നായി പഠിക്കണം, കള്ളം പറയരുത് എന്നൊക്കെ സുകുവേട്ടന് നിർബന്ധമായിരുന്നു. അസുഖം മാറി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി പോകാൻ തുടങ്ങുമ്പോഴാണ് പെട്ടന്ന് സുകുവേട്ടന് പുറത്ത് ഒരു വേദന വന്നത്. എഴുന്നേറ്റ് നിന്നപ്പോൾ വല്ലാതെ വന്നു.
ഉടനെ സിസ്റ്റർമാർ വീൽ ചെയർ കൊണ്ടുവന്ന് അതിൽ ഇരുത്തി ഐസിയുവിലേക്ക് കൊണ്ടുപോയി. ഐസിയുവിന്റെ ഡോർ അടയും മുമ്പ് സുകുവേട്ടൻ തല ഉയർത്തി എന്നെ നോക്കി ഒന്ന് നെടുവീർപ്പിട്ടു. ഇന്ദ്രൻ എന്റെ കൂടെയുണ്ടായിരുന്നു. അവൻ ഓടി വന്ന് അച്ഛന് എന്തോ ഉണ്ട് അമ്മേ... ഡോക്ടർ എന്നെ വിളിച്ചു... ശ്വാസം കിട്ടാൻ ബുദ്ധിമുട്ടുണ്ടമ്മേ എന്നൊക്കെ അവൻ പറഞ്ഞു.
അപ്പോഴാണ് സുകുവേട്ടൻ അവസാനം എന്നെ നോക്കിയ നോട്ടം ഞാൻ വീണ്ടും ഓർത്തെടുത്തത്. രക്ഷയില്ലെന്നുള്ള മട്ടിലായിരുന്നുവോ എന്നെ നോക്കിയതെന്ന് പിന്നീട് എനിക്ക് തോന്നി. പൊതുവെ പുള്ളി കൊഞ്ചികാണിക്കുന്ന പ്രകൃതമുള്ളയാളല്ല. തനി മലബാർ കാർന്നോരായിരുന്നു. ഒന്നും ഷോ ഓഫ് ചെയ്യാറില്ലായിരുന്നു. സുകുവേട്ടനും ഡയലോഗുകൾ പെട്ടന്ന് പഠിക്കും.
ആ സ്വഭാവമാണ് മക്കൾക്കും. അധ്യാപകനായിരുന്നതുകൊണ്ടാകും സുകുവേട്ടന് ഡയലോഗുകൾ പെട്ടന്ന് പഠിക്കാൻ പറ്റിയത്. വീട്ടിൽ ദേഷ്യപ്പെടുന്ന പ്രകൃതമില്ലായിരുന്നു അദ്ദേഹത്തിന്. ഞാനായിരുന്നു പിന്നെയും പിള്ളേരെ വഴക്ക് പറഞ്ഞിരുന്നത്. സുകുവേട്ടൻ മരിച്ചപ്പോൾ മക്കൾ പത്തിലും പന്ത്രണ്ടിലുമായിരുന്നു. എല്ലാം ഇവിടം കൊണ്ട് കഴിഞ്ഞുവെന്നാണ് അന്ന് എനിക്ക് തോന്നിയത്.

സുകുവേട്ടൻ മക്കളെ വളർത്തിതുപോലെ വളർത്താൻ എനിക്ക് പറ്റുമോ എന്നുള്ള ചിന്തയൊക്കെയായിരുന്നു. സാമ്പത്തീകം ഒരാളോട് പോലും എനിക്ക് ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. കാരണം ഞങ്ങൾക്ക് വേണ്ടതെല്ലാം അദ്ദേഹം സമ്പാദിച്ച് വെച്ചിരുന്നു. ഭയങ്കര പ്ലാനിങ്ങുള്ള മനുഷ്യനായിരുന്നു. ഞങ്ങൾ എടപ്പാളുകാരൊക്കെ അമ്പത് അമ്പത്തിയഞ്ച് വയസിൽ തട്ടിപോകുന്നവരാണെന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുമായിരുന്നു.
ഇതൊക്കെ മനസിൽ ഉണ്ടായിരുന്നതുകൊണ്ടാകും അദ്ദേഹം പലയിടത്തായി ഞങ്ങൾക്കായി ഭൂസ്വത്ത് വാങ്ങിയതെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നും. സാമ്പത്തീക സഹായം ആരോടും ചോദിക്കേണ്ടി വന്നിട്ടില്ല. ഇന്നും മക്കൾ എത്ര ലക്ഷം വേണമെങ്കിലും എനിക്ക് തരും പക്ഷെ ഞാൻ അവരെ ഉപദ്രവിക്കാറില്ല. കാരണം ഞാൻ ജോലി ചെയ്യാറുണ്ട്. എനിക്ക് സ്ഥിര വരുമാനമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
കോളേജ് പ്രൊഫസർ പദവിയിൽ നിന്നുമാണ് സുകുമാരൻ സിനിമയിലേക്ക് എത്തിയത്. കഴിഞ്ഞ തലമുറയുടെ മനസില്‍ ക്ഷോഭിക്കുന്ന യൗവ്വ നത്തിന് സുകുമാരന്റെ മുഖമായിരുന്നു. പൃഥ്വിരാജിനെ സ്ക്രീനിൽ കാണുമ്പോഴും നടൻ നിലപാടുകളും കാഴ്ചപ്പാടുകളും പറയുമ്പോഴും സുകുമാരനെ ഓർമ വരുന്നുവെന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. സംവിധാനം എന്ന സ്വപ്നവും അച്ഛന് വേണ്ടി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെ സംവിധാനത്തിൽ എത്തിയ എമ്പുരാൻ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച് കഴിഞ്ഞു.


Click it and Unblock the Notifications











