പൃഥിയുടെ സിനിമകളിൽ ഇപ്പോഴും സുകുവേട്ടന്റെ സാന്നിധ്യം; പലരും എന്നോടും ചോദിക്കാറുണ്ട്; മല്ലിക
മലയാള സിനിമാ ലോകത്തെ സിനിമാ കുടുംബം ആയാണ് മല്ലിക സുകുമാരനും മക്കളും അറിയപ്പെടുന്നത്. അന്തരിച്ച ഭർത്താവ് സുകുമാരൻ മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടൻ, മക്കളായ പൃഥിരാജും ഇന്ദ്രജിത്തും ഇന്ന് കരിയറിൽ തങ്ങളുടേതായ നിലയിൽ സ്ഥാനം നേടി മരുക്കളിൽ പൂർണിമ ഇന്ദ്രജിത്ത് അഭിനയ രംഗത്തേക് തിരിച്ചു വന്നിരിക്കുന്നു.
സുപ്രിയ മേനോൻ സിനിമാ നിർമാണ രംഗത്തും സജീവം. തന്റെ കുടുംബ വിശേഷങ്ങൾ എപ്പോഴും മല്ലിക സുകുമാരൻ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. പൃഥിയുടെയും ഇന്ദ്രജിത്തിന്റെയും രസകരമായ കഥകൾ മല്ലിക സുകുമാരനിലൂടെ ആണ് പ്രേക്ഷകർ അറിയാറ്.

ഗോൾഡ് എന്ന സിനിമയിലാണ് മല്ലിക സുകുമാരനും പൃഥിരാജും ഒരുമിച്ച് അഭിനയിച്ചിരിക്കുന്നത്. പൃഥിരാജിന്റെ സിനിമകളിൽ നടന്റെ കഥാപാത്രത്തിന്റെ അച്ഛനായും മറ്റും സുകുമാരന്റെ ഫോട്ടോ ഉപയോഗിക്കാറുണ്ട്. ബ്രോ ഡാഡി ഉൾപ്പെടെയുള്ള സിനിമകളിൽ അന്തരിച്ച നടൻ സുകുമാരന്റെ ഫോട്ടോ ഉപയോഗിച്ചിരുന്നു. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. സിനിമയിലെ ഭർത്താവായി സുകുമാരന്റെ ഫോട്ടോ തന്നെ ഉപയോഗിക്കുന്നത് തനിക്കിഷ്ടമാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

'പല പടങ്ങളിലും മോന്റെ അച്ഛനായി വരുമ്പോൾ സുകുവേട്ടന്റെ ഫോട്ടോ ആണ് വെക്കാറ്. ഞാൻ അഭിനയിക്കുമ്പോഴും പലരും ചോദിക്കും ചേച്ചീ ഭർത്താവിന്റെ പടമായി സുകുവേട്ടന്റെ പടം തന്നെ വെച്ചോട്ടെ എന്ന്. സത്യം പറഞ്ഞാൽ എനിക്കത് ഇഷ്ടമാണ്. കാരണം സിനിമയിൽ സങ്കടമോ സന്തോഷമോ അഭിനയിക്കേണ്ടപ്പോൾ സുകുവേട്ടന്റെ മുഖത്ത് നോക്കുമ്പോൾ സന്തോഷവും വരും സങ്കടവും വരും. ബ്രോ ഡാഡിയിൽ ഇത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി'

'അത് പോലെ ഗോൾഡിൽ വന്നപ്പോൾ ഞങ്ങൾ അമ്മയും മകനുമായാണ്. അപ്പോഴും സുകുവേട്ടൻ ഉണ്ട്. ഇവരുടെ കൊച്ചിലേയുള്ള ഫോട്ടോയൊക്കെ അവർ വരച്ച് കൊണ്ട് പോയി. രാജുവിന് കഞ്ഞി വിളിമ്പിക്കാെടുക്കുന്ന സീൻ ചെയ്യുമ്പോൾ എനിക്ക് അതൊക്കെ തന്നെയാണ് ഓർമ്മ വന്നത്. നമ്മളുടെ വീട്ടിനകത്ത് ഇരുന്ന് മോന് കഞ്ഞി വിളമ്പിക്കൊടുക്കുന്നു എന്ന ഫീലിൽ തന്നെയാണ് ഞാൻ അഭിനയിച്ചത്'

'അൽഫോൻസ് ഒരുപാട് വാചക കസർത്തുള്ള ആളല്ല. പക്ഷെ ക്രാഫ്റ്റ് അറിയാവുന്ന ചെറുപ്പക്കരനാണെന്ന് അറിയാം. പ്രേമം എന്ന സിനിമയൊക്കെ ഞാൻ ടിവിയിലും തിയറ്ററിലും ആയി രണ്ട് പ്രാവശ്യം കണ്ടു. രാജുവിനും ഇന്ദ്രനും അതെ. നമ്മുടെ വീട്ടിലെ ഇളയ പയ്യനെ പോലെ വളരെ കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കുന്നയാളാണ് അൽഫോൻസ്, ഭയങ്കര കംഫർട്ടബിൾ ആയിരുന്നു ഞാൻ ഒരു ബഹളങ്ങളും ഇല്ല. എല്ലാവരും വേണ്ടപ്പെട്ടവരായിരുന്നു,' മല്ലിക സുകുമാരൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഏറെക്കാലമായി പ്രേക്ഷകർ കാത്തിരുന്ന അൽഫോൻസ് പുത്രൻ സിനിമ ഗോൾഡ് റിലീസ് ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പൃഥിരാജ്, നയൻതാര, മല്ലിക സുകുമാരൻ തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരന്നു. ഒരു പ്രൊമോഷനും ഇല്ലാതെ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനം മികച്ച കലക്ഷൻ നേടിയെങ്കിലും പിന്നീട് ഗോൾഡിന് ഇത് നിലനിർത്താൻ കഴിഞ്ഞില്ല.


Click it and Unblock the Notifications











