സുകുമാരൻ എന്ന നടനെ കണ്ടുമുട്ടലും വിവാഹവും; ജീവിതത്തിൽ വഴിത്തിരിവായ സമയമതായിരുന്നു; മല്ലിക
പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയായി ഇന്നറിയപ്പെടുന്ന മല്ലിക സുകുമാരൻ ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടിയായിരുന്നു. സിനിമകളിൽ കുറേക്കാലം സജീവമല്ലായിരുന്ന മല്ലിക സുകുമാരൻ ഇപ്പോൾ നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ട്. മിക്ക സിനിമകളിലും നടി ചെയ്ത കോമഡി കലർന്ന വേഷവും ശ്രദ്ധിക്കപ്പെട്ടു.
സന്തോഷമാണ് നടിയുടെ പുതിയ സിനിമ. കലാഭവൻ ഷാജോൺ, അനു സിത്താര തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. തന്റെ കുടുംബത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാലയളവിൽ താനും കുടുംബവും താമസിച്ച വീടുകളെക്കുറിച്ചാണ് മല്ലിക സുകുമാരൻ സംസാരിച്ചത്.
'അച്ഛൻ തിരുവനന്തപുരത്ത് സർവകലാശാലാ ഉദ്യോഗസ്ഥനായിരുന്നു. നാല് മക്കളാണ് ഞങ്ങൾ. ഞാൻ ഏറ്റവും ഇളയയാൾ'
'മൂന്ന് ചേച്ചിമാരും മൂത്ത ചേട്ടനും. വഴുതക്കാടുള്ള ഒരു വാടക വീട്ടിൽ താമസിക്കുമ്പോഴാണ് ഞാൻ ജനിച്ചതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ക്ലബ് മൗണ്ട് എന്നായിരുന്നു ആ വീടിന്റെ പേര്. പിന്നീട് പൂജപ്പുരയിൽ അച്ഛൻ സ്വന്തമായി ഒരു വീട് വെച്ചു. എന്റെ കൗമാരകാലം മുഴുവൻ അവിടെയാണ് ചെലവഴിച്ചത്'

'സഹോദരങ്ങളെല്ലാം വിവാഹം കഴിച്ച് പോയി. ഞാൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ജീവിതത്തിലെ വഴിത്തിരിവ്. സിനിമയിലേക്കായി ഞാൻ മദ്രാസിലെത്തി. സുകുമാരൻ എന്ന നടനെ കാണുന്നു'
'വിവാഹം കഴിച്ച് ഒന്ന് രണ്ട് വർഷത്തിനുള്ളിൽ ഞങ്ങൾ അശോക് നഗറിൽ വലിയ മൂന്ന് നില വീട് മേടിച്ചു. അന്ന് ചെറിയ തുകയെ അതിന് വന്നുള്ളൂ. പൃഥിരാജ് ജനിച്ച വർഷമാണ് ഗൃഹപ്രവേശം നടന്നത്. ഇന്ദ്രന്റെയും പൃഥിയുടെയും ബാല്യം മുഴുവൻ അവിടെയാണ്'

'ജീവിതത്തെക്കുറിച്ച് വളരെ ദീർഘ വീക്ഷണമുള്ള വ്യക്തിയായിരുന്നു സുകുമാരൻ ചേട്ടൻ. സിനിമയിൽ നിന്നുള്ള വരുമാനം അദ്ദേഹം ബുദ്ധിപരമായി വിനിയോഗിച്ചു. എന്റെ പേരിൽ ഊട്ടിയിൽ ഒരു ഫ്ലാറ്റ് വാങ്ങിച്ചു. ഞങ്ങളുടെ അവധിക്കാല വസതിയായിരുന്നു അവിടെ'
'പൃഥിക്കും ഇന്ദ്രനും അവിടെ അവധിക്കാലം ചെലവഴിക്കുന്നത് വളരെ സന്തോഷമായിരുന്നു. അന്ന് ഊട്ടിയിൽ ഒരുപാട് മലയാളം സിനിമകൾ ഷൂട്ട് ചെയ്യുമായിരുന്നു. മോഹൻലാൽ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു. വൈകുന്നേരങ്ങളിൽ ലാലും മറ്റ് സുഹൃത്തുക്കളും വീട്ടിൽ കൂടും'

'ഇന്ദ്രൻ എൻജിനീയറിങ്ങിന് ചേർന്നു പൃഥി പത്തിൽ പഠിക്കുന്നു. ആ സമയത്താണ് സുകുവേട്ടന്റെ മരണം. അമ്മ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വങ്ങൾ വർധിച്ചു. മക്കൾ ലോകം അറിഞ്ഞ് വളരണമെന്ന് സുകുവേട്ടന് നിർബന്ധമായിരുന്നു'
'പിന്നീട് രണ്ട് പേരും സിനിമകളിൽ സജീവമായി. പലയിടത്തുമുള്ള വീടുകൾ നോക്കി നടത്താനുള്ള ബുദ്ധിമുട്ട് കാരണം മദ്രാസിലെയും ഊട്ടിയിലെയും വീടുകൾ വിറ്റു. ആ പണം കൊണ്ട് തേവര ഒരു വാട്ടർ ഫ്രണ്ട് അപ്പാർട്ട്മെന്റ് വാങ്ങി'

അപ്പോഴേക്കും സിനിമാ തലസ്ഥാനം കൊച്ചിയിലേക്ക് മാറിയിരുന്നെന്നും മല്ലിക സുകുമാരൻ ഓർത്തു. മല്ലിക സുകുമാരൻ എല്ലാ അഭിമുഖങ്ങളിലും ഏറ്റവും കൂടുതൽ സംസാരിക്കാറുള്ളത് അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ചാണ്.
49ാം വയസ്സിലാണ് അപ്രതീക്ഷിതമായി സുകുമാരൻ മരിക്കുന്നത്. നടന്റെ രണ്ട് മക്കളും ഇന്ന് സിനിമാ രംഗത്ത് അറിയപ്പെടുന്ന താരങ്ങളാണ്.


Click it and Unblock the Notifications