'ബോട്ടിൽ കയറാനുള്ള പേടികൊണ്ട് എന്റെ കഷ്ടകാലത്തിന് അന്ന് കുട്ടകത്തിൽ കയറി, അതിന് എന്തെല്ലാമാണ് പറഞ്ഞത്'
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം അകാലത്തിൽ വിടപറഞ്ഞ് പോയപ്പോൾ മല്ലിക തന്റെ രണ്ട് മക്കളേയും സിനിമയിലേക്ക് അയച്ചു. ഇന്ന് അവർ നിർമാണം, സംവിധാനം, അഭിനയം, പിന്നണി ഗാനാലാപനം തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ്. ഇന്ന് മല്ലിക സുകുമാരന്‍ എന്ന നടി അറിയപ്പെടുന്നത് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്ന ലേബലിലാണ്.
അതിന് മുമ്പ് മല്ലിക അറിയപ്പെട്ടത് സുകുമാരന്റെ ഭാര്യ എന്ന നിലയിലാണ്. അതിനും മുമ്പാണ് നടി മല്ലിക എന്ന് ആളുകൾ താരപത്നിയെ അഭിസംബോധന ചെയ്തിരുന്നത്. നാടകങ്ങളിലൂടെ അഭിനയത്തിലേക്ക് വന്ന സമയത്ത് ചില താളപ്പിഴകളൊക്കെ മല്ലികയുടെ ജീവിതത്തില്‍ സംഭിവിച്ചിട്ടുണ്ട്.

അതിനെ മറച്ചുവയ്ക്കാനൊന്നും മല്ലിക ഒരിക്കലും ശ്രമിച്ചിട്ടില്ല. ആ താളപ്പിഴകൾ മൂലം ജീവിതത്തിനുണ്ടായ സങ്കടങ്ങൾ തീർന്നത് സുകുമാരനെ വിവാഹം ചെയ്തശേഷമാണെന്ന് മല്ലിക തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മക്കൾ പാൻ ഇന്ത്യൻ റീച്ചുള്ള താരമാണെങ്കിലും മല്ലികയ്ക്ക് ഇന്നും സുകുമാരന്റെ ഭാര്യയെന്ന് അറിയപ്പെടുന്നതിലാണ് സന്തോഷവും അഭിമാനവും.
വയസ് എഴുപതിനോട് അടുത്തിട്ടും മല്ലിക അഭിനയത്തിൽ നിന്നും വിട്ടുനിന്നിട്ടില്ല. കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ ഇപ്പോഴും അഭിനയിക്കുകയും മിനി സ്ക്രീൻ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളും അതിഥിയായി മറ്റും പോകുന്നുമുണ്ട്. ഒറ്റയ്ക്കാണ് താമസവും.
മക്കൾക്കൊപ്പം താമസിച്ച് അവരുടെ സ്വകാര്യതകൾ കൂടി നഷ്ടപ്പെടുത്തുന്നതിനോട് മല്ലികയ്ക്ക് യോജിപ്പില്ല. വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അതുകൊണ്ട് തന്നെ അമ്മ മല്ലിക സുകുമാരൻ വഴിവേണം ആരാധകർക്ക് താരപുത്രന്മാരുടെ വിശേഷങ്ങൾ അറിയാൻ.
എപ്പോഴും തുറന്ന് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന മല്ലിക കൗമുദി മൂവീസിന് നൽകിയ പുതിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും തനിക്ക് പ്രളയ സമയക്ക് കിട്ടിയ പരിഹാസങ്ങളെ കുറിച്ചും സംസാരിച്ചു. ബോട്ടിൽ കയറാനുള്ള പേടികൊണ്ടാണ് തന്റെ കഷ്ടകാലത്തിന് അന്ന് കുട്ടകത്തിൽ കയറിയതെന്നും അത് കേരളം ആഘോഷിച്ചുവെന്നുമാണ് മല്ലിക പറയുന്നത്.

'ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന ഭരണാധികാരികൾ അടക്കമുള്ളവർ ഭാഷയിൽ പ്രാവീണ്യം ഉണ്ടാക്കിയെടുത്ത് നൂറ് ശതമാനം സാക്ഷരത എന്നത് വെറുതെ പറയുന്നതല്ലെന്ന് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കണം. ഇംഗ്ലീഷിൽ കടുക് വറുക്കണമെന്നല്ല ഞാൻ ഉദ്ദേശിച്ചത്. അതുപോലെ തന്നെ തെരഞ്ഞെടുത്ത ജനങ്ങളോട് ധാർമികമായ ചില ഉത്തരവാദിത്വങ്ങൾ തനിക്കുണ്ടെന്ന് വിശ്വസിച്ച് പ്രവർത്തിക്കണം ഭരണാധികാരികൾ.'
'അവരാണ് യഥാർത്ഥ ഭരണാധികാരികൾ. സഖാവ് ഇഎംഎസ് മുതൽ നിരവധി നേതാക്കൾ അത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ പാർട്ടി പറഞ്ഞാലെ പ്രവർത്തിക്കു എന്ന രീതിയിലാണ് കാര്യങ്ങൾ. ഇഎംഎസ് ഒക്കെ ജനങ്ങളോട് ഇഴുകി ചേർന്ന് പ്രവർത്തിച്ചവരാണ്. നേരിട്ട് ഫോൺ വിളിച്ച് വരെ കാര്യങ്ങൾ തിരക്കുമായിരുന്നു.'
'എനിക്കും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ വീടിരിക്കുന്ന പ്രദേശത്ത് വെള്ളം കയറിയതും ശേഷം ബോട്ടിൽ കയറാനുള്ള പേടികൊണ്ട് എന്റെ കഷ്ടകാലത്തിന് ഞാൻ അന്ന് കുട്ടകത്തിൽ കയറി എന്റെ കാറ് കിടക്കുന്ന സ്ഥലം വരെ പോയതിന് പലരും എന്നെ എന്തൊക്കയോ പറഞ്ഞു. അതിനുശേഷം ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യം പറഞ്ഞു.'
'ഉടൻ തന്നെ പരിഹാരമായി. ഏറെ നാളുകളായി ആ ഫയൽ പല ഓഫീസിസുകളിലായി കുരുങ്ങി കിടക്കുകയായിരുന്നു. ഇതെല്ലാം ഞാൻ പറയാൻ കാരണം സിനിമയിലുള്ളവരായാലും രാഷ്ട്രീയത്തിലുള്ളവരായാലും ജനങ്ങളോട് ചേർന്ന് നടന്നാൽ അവരുടെ മനസിൽ ഒരു സ്ഥാനമുണ്ടാകും', എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.


Click it and Unblock the Notifications











