'അനുവിനോട് അക്കാര്യം ചോദിച്ചു, ആൺപിള്ളേർ എടുത്ത് ചവിട്ടുമോയെന്ന് തോന്നി, അവന് ദീർഘവീക്ഷണമുണ്ട് നുണ പറയില്ല'
പ്രായം എഴുപത് പിന്നിട്ടുവെങ്കിലും ന്യൂജെൻ പിള്ളേരെപ്പോലും കടത്തിവെട്ടുംപോലെ എല്ലാ കാര്യങ്ങളിലും അപ്ഡേറ്റഡാണ് നടി മല്ലിക സുകുമാരൻ. ഇപ്പോഴും സിനിമയും ടെലിവിഷൻ പ്രോഗ്രാമുകളും എല്ലാമായി താരം സജീവവുമാണ്. മക്കൾക്ക് വേണ്ടി അന്നും ഇന്നും ശക്തമായി നിലകൊള്ളുന്ന അമ്മയാണ് മല്ലിക. കഴിഞ്ഞ ദിവസം മകൻ പൃഥ്വിരാജിന് നേരെയുണ്ടാകുന്ന വിമർശനങ്ങളെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.
പൃഥ്വിരാജിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സിനിമ മേഖലയിലുള്ളവർ തന്നെയാണെന്നാണ് മല്ലിക പറഞ്ഞത്. എന്ത് തന്നെ ജീവിതത്തിൽ സംഭവിച്ചാലും സത്യം മാത്രം പറയുന്ന പ്രകൃതക്കാരനാണ് മകനെന്ന് മല്ലിക ഐസ്ബ്രേക്ക് എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജുവിന് സത്യം പറയാൻ മാത്രമെ അറിയൂ. അവന് സുഖിപ്പിക്കൽ വർത്തമാനം പറയാൻ അറിയില്ല.

അവൻ പറയുന്ന ഓരോ വാക്കും ഓരോ വാചകവും സത്യസന്ധമായിട്ടുള്ള കാര്യമാണ്. അത് ഈശ്വരന് അറിയാം. അവൻ നുണ പറയില്ല. അതിന് അവനെ കിട്ടില്ല. ആർക്കെങ്കിലും എന്തെങ്കിലും തോന്നുമോ? അതുകൊണ്ട് മാറ്റി പറയണോ എന്നതൊന്നും അവനില്ല. രാജുവിനെ അറിയാവുന്നവർക്ക് ഇക്കാര്യമെല്ലാം അറിയാം. പൃഥ്വിയെ അങ്ങനെ കിട്ടില്ലെന്ന് പ്രശസ്തരായ മുൻനിര നടന്മാർക്ക് അറിയാം.
നമ്മുടെ വ്യക്തിത്വം കളഞ്ഞിട്ട് ഒരാളോട് ചേർന്ന് നിന്നിട്ട് എന്ത് നേടാനാണ് അമ്മേ എന്നാണ് അവൻ ചോദിക്കുന്നത്. ഈ സ്വഭാവം മാറ്റരുതെന്ന് അവനോട് ഞാൻ പറയാറുണ്ട്. അവന്റെ അച്ഛനും ഇതുപോലെ തന്നെയാണ്. ഉള്ളത് ഉള്ളതുപോലെ മുഖത്ത് നോക്കി പറയും. ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നതൊന്നും വിഷയമല്ല. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നുവെന്ന് പിന്നീട് പലർക്കും തോന്നിയിട്ടുണ്ട്.
ഇത് തുടർന്നുകൊണ്ട് പോയാൽ മതി ദൈവത്തിന്റെ അനുഗ്രഹം നിനക്ക് ഉണ്ടാകുമെന്നാണ് ഞാൻ അവനോട് പറയാറ്. നുണ പറഞ്ഞ് ആരെയും വേദനിപ്പിക്കാതിരിക്കുക. ആരെയും സുഖിപ്പിച്ച് നാല് കഥകളുണ്ടാക്കി മറ്റുള്ളവരുടെ ശത്രുത വാങ്ങാതിരിക്കുക... ഇതൊക്കെ എനിക്ക് നിർബന്ധമുള്ള കാര്യമാകും. അവന് ദീർഘവീക്ഷണം ഉണ്ടെന്ന് ശരിയാണ് എന്നും മല്ലിക പറയുന്നു.
ബിഗ് ബോസ് ഷോയെ കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. എപ്പിസോഡുകൾ നിരന്തരമായി കാണുന്നയാളല്ലെങ്കിലും റീൽസിലൂടെയും മറ്റുമായി ചെറിയൊരു അവബോധം ഷോയെ കുറിച്ച് താരത്തിനുണ്ട്. ബിഗ് ബോസിലേക്ക് പോകാൻ അവസരം കിട്ടുകയാണെങ്കിൽ എന്തെങ്കിലും കൊറിക്കാൻ കൊണ്ടുപോകാൻ എനിക്ക് അനുവാദം വേണം. ഉണ്ടാക്കി തിന്നാൻ പറഞ്ഞാൽ എന്നെകൊണ്ട് നടക്കുകയില്ല. ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിട്ടില്ല. പോകാൻ ആഗ്രഹവുമില്ല. അത് കൊച്ചുപിള്ളേർക്ക് കളിക്കാനെ പറ്റു.

അല്ലെങ്കിൽ ബിഗ് ബോസ് ടീം മദേഴ്സ് ഡെയൊ മറ്റോ പ്രമാണിച്ച് ഒരു സ്പെഷ്യൽ എപ്പിസോഡ് വെക്കുകയാണെങ്കിൽ പോകാം. അല്ലാതെ ഈ പിള്ളേരെല്ലാം കിടന്ന് കളിക്കുന്നതിനൊപ്പം എനിക്ക് മത്സരിക്കാൻ പറ്റില്ല. എന്തോന്നാണ് അത്. ഭയങ്കര അടിയും പിടിയും വഴക്കുമല്ലേ. ഞാൻ അനുവിനോട് ചോദിച്ചിരുന്നു നീ എന്താണ് പെട്ടന്ന് ദേഷ്യം വന്ന് പ്രതികരിക്കുന്നതെന്ന്. അമ്മ അതെല്ലാം ഒരു കണ്ടന്റിന്റെ ഭാഗമാണെന്നായിരുന്നു മറുപടി.
നിങ്ങൾ തമ്മിൽ തല്ലിക്കോളൂവെന്ന് ബിഗ് ബോസ് ടീം പറയുമോ?. അതല്ല അമ്മാ... ഒരു കാര്യം വരുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കുമെന്ന് അവർ നോക്കുന്നതാണെന്നാണ് അനു പറഞ്ഞത്. എന്താണ് ബിഗ് ബോസ് എന്നത് ചോദിച്ച് മനസിലാക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. എന്താണ് ബേസിക്ക് വൺലൈൻ എന്നത് എനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ കണ്ടിട്ടുള്ളത് റീലും പരസ്യങ്ങളുമാണ്. ഞാൻ നോക്കുമ്പോഴെല്ലാം കൊച്ചുപിള്ളേർ തമ്മിൽ അടിയാണ്. ഞാൻ എനിക്കൊപ്പം നിൽക്കുന്നവരെ പോലും എടാ, പോടാ എന്നൊന്നും വിളിക്കാറില്ല.
ഈ പിളേളരെ ആൺപിള്ളേർ എടുത്തിട്ട് ചവിട്ടുമോ എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. അമ്മമാർ മാത്രമാണ് മത്സരാർത്ഥികൾ എങ്കിൽ ഞാൻ പോകാം. അല്ലാതെ പിള്ളേരോടൊപ്പം മത്സരിക്കാൻ ഒരിക്കലും പോകാൻ പോകുന്നില്ല. ജീവിതത്തിൽ സമാധാനം ആഗ്രഹിക്കുന്നയാളാണ് ഞാൻ. വെറുതെ ഇരിക്കുമ്പോഴെല്ലാം പ്രാർത്ഥിക്കും. ഒരുവിധം നാമജപങ്ങളെല്ലാം എനിക്ക് കാണാതെ അറിയാം എന്നും മല്ലിക പറയുന്നു.


Click it and Unblock the Notifications