സദസ്സിന് അനുസരിച്ച് വസ്ത്രമിടണം, കൊച്ചുമകളെ ഓര്‍ത്ത് അഭിമാനമാണ്! ആ സര്‍പ്രൈസ് അറിയില്ലെന്ന് മല്ലിക സുകുമാരന്‍
മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ്. ഏറെ ഹൈപ്പോട് കൂടി മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മാര്‍ച്ച് 27 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ വിശേഷങ്ങളുമായി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഒപ്പം പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരനുമുണ്ട്. മകന്റെ സംവിധാനത്തിലെത്തുന്ന സിനിമയെ കുറിച്ചുള്ള ആകാംഷയിലാണ് മല്ലിക.
എല്ലാവര്‍ക്കും അറിയാനുള്ളത് എമ്പുരാന്റെ വിശേഷങ്ങളാണ്. തന്നോടും സമാനമായ ചോദ്യങ്ങളുമായി വരുന്നവരുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടി താനിവിടെ പറയുകയാണെന്നുമാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മല്ലിക വ്യക്തമാക്കുന്നത്. ഒപ്പം കൊച്ചുമകളായ പ്രാര്‍ഥനയെ കുറിച്ചും വസ്ത്രത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുന്ന നെഗറ്റീവ് കമന്റുകളെ പറ്റിയുമൊക്കെ നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഞാന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ആര്‍ക്കും അറിയേണ്ടതില്ല. എല്ലാവര്‍ക്കും എമ്പുരാനെ കുറിച്ച് മാത്രമാണ് അറിയാനുള്ളത്. എന്റെ ഫോണിലും വിളി വരുന്നത് അങ്ങനെയാണ്. ഞാനും അതിന് വേണ്ടി പ്രാര്‍ഥിക്കുകയാണ്. രാജു സംവിധാനം ചെയ്യുക മാത്രമല്ല എന്ത് കാര്യം ചെയ്താലും കണ്ടമാനം അതിലേക്ക് ഇറങ്ങി ചെ്ല്ലും. അതില്‍ നിന്നും അവനെ പൊക്കി എടുക്കാന്‍ വല്യ പാടാണ്. അതുകൊണ്ട് ശല്യപ്പെടുത്താനായി ഞാന്‍ പോകാറില്ല.
മോന്‍ എന്താ വിളിക്കാത്തെ, വീട്ടിലേക്ക് വരാത്തത് എന്നൊന്നും ചോദിക്കാറില്ല. തിരക്കാണെന്ന് എനിക്കും അറിയാം. രാത്രി വൈകി വന്ന് കിടന്നിട്ട് രാവിലെ എഴുന്നേല്‍ക്കും. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് എമ്പുരാനെ കുറിച്ച് വലിയ പ്രതീക്ഷയാണ്. അമ്മയുടെ മോന്റെ പടമെപിന്നെ റിലീസ് ദിവസം തന്നെ യുകെ അടക്കമുള്ളിടത്ത് എമ്പുരാന്റെ ടിക്കറ്റ് കിട്ടാനില്ലെന്നാണ് പറയുന്നത്. അതൊക്കെ കേൾക്കുന്പോൾ എനിക്കും മനസിൽ വലിയ സന്തോഷമാണ്. കാരണം എൻ്റെ മകനെ കുറിച്ചാണല്ലോ എല്ലാവരും ഈ പറയുന്നതെന്ന് ചിന്തിക്കും. ന്ന് പറഞ്ഞ് എന്നോട് സംസാരിക്കുന്നവരുമുണ്ട്. അതൊക്കെ സന്തോഷമാണ്. എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് വരുമെന്ന് തന്നെയാണ് ഞാനും കരുതുന്നത്.
എമ്പുരാനിലെ ഡ്രാഗണ്‍ ചിത്രമുള്ള ഷര്‍ട്ട് ധരിച്ചത് ഏത് സൂപ്പര്‍സ്റ്റാര്‍ ആണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാവരെയും പോലെ ഞാനും അതറിയാന്‍ കാത്തിരിക്കുകയാണ്. കുറച്ച് നാളുകളായി എന്നോടും ഇതേ കുറിച്ച് ആളുകള്‍ ചോദിക്കുന്നുണ്ടായിരുന്നു. എനിക്കാദ്യം മനസിലായില്ലെങ്കിലും ഞാന്‍ ഇന്ദ്രനോട് പോയി ഇതിനെ കുറിച്ച് ചോദിച്ചു. ഞാന്‍ പറയില്ല എന്നായിരുന്നു ഇന്ദ്രന്‍ പറഞ്ഞത്. അത്രയും സര്‍പ്രൈസാക്കി വെച്ചിരിക്കുന്നതാണ്. വേണമെങ്കില്‍ രാജുവിനോട് ചോദിച്ചോളാന്‍ പറഞ്ഞു.
ഇതോടെ എനിക്ക് അറിയണമെന്നില്ലെന്ന് പറഞ്ഞു. കാരണം എന്റെ പ്രായമുള്ള അമ്മൂമ്മമാരൊക്കെ രഹസ്യം സൂക്ഷിക്കാന്‍ അറിയാതെ മറ്റാരോടെങ്കിലും പറയുമോ എന്ന പേടി അവര്‍ക്കുണ്ടാവും. എന്റെ കോളേജ് ഗ്രൂപ്പിലും ഇതുപോലെയുള്ള ചോദ്യങ്ങള്‍ വരുന്നുണ്ട്. വീട്ടിലെ സൂപ്പര്‍സ്റ്റാര്‍ ഞാനാണ്. പക്ഷേ ഈ സിനിമയില്‍ ഞാനില്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയാണ് ചെയ്യുന്നതെന്നും മല്ലിക പറയുന്നു.
മോഹന്‍ലാലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും നടി സംസാരിച്ചു. ആറ് വയസ് മുതല്‍ എനിക്ക് ലാലുവിനെ അറിയാം. അത്രയും അടുപ്പം മമ്മൂട്ടിയുമായിട്ടില്ല. കാരണം സീനിയര്‍ നടനായിട്ടാണ് ഞാന്‍ മമ്മൂട്ടിയെ കാണുന്നത്. സുകുവേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മമ്മൂട്ടി. ലാലു എനിക്ക് ഇന്ദ്രന്റെ ചേട്ടനെ പോലെ പരിഗണിക്കാം. വീട്ടുകാരുമായിട്ടും അങ്ങനൊരു ബന്ധമായിരുന്നു. ലാലുവിന്റെ പോലൊരു മനസ് സിനിമയില്‍ വേറെയാര്‍ക്കുമില്ല.
അമ്മയുടെ തലപ്പത്തേക്ക് മമ്മൂട്ടിയും മോഹന്‍ലാലും വരണമെന്ന് പറയുന്നതിന് അര്‍ഥം അവരുടെ പേര് കൊണ്ടാണ്. എന്നും വന്ന് കുത്തിയിരിക്കാനല്ല പറയുന്നത്. അവര്‍ മലയാള സിനിമയുടെ യശ്ശസ് ലോകത്ത് ഉയര്‍ത്തിയവരാണ്. ബാക്കി സംഘടനയുടെ കാര്യങ്ങള്‍ നോക്കാന്‍ ഇഷ്ടം പോലെ ആളുകളുണ്ട്. പക്ഷേ എന്നും വന്ന് ചെയ്യുന്നവര്‍ക്കും തെറ്റുകള്‍ പറ്റുന്നുണ്ട്. ഒരു ഉദാഹരണം പറയാം. അടുത്തിടെ അമ്മയുടെ കുടുംബയോഗത്തില്‍ ചേച്ചി പാട്ട് പാടുന്നുണ്ടോന്ന് എന്നോട് ഒരാള്‍ ചോദിച്ചു.
അമ്മയുടെ കുടുംബയോഗമോ, ഞാന്‍ കൊച്ചിയിലുണ്ട്. എന്നിട്ട് അതെപ്പോഴാണെന്ന് അറിഞ്ഞില്ലല്ലോ എന്ന് പറഞ്ഞു. പിന്നെ ബാബുരാജാണ് അതിനൊരു മറുപടിയായി പറഞ്ഞത്. നാല് പേരുടെ ടീമിനെ ഉണ്ടാക്കി അവരോട് എല്ലാവരെയും ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ പെണ്‍കുട്ടികളാണെങ്കില്‍ അമ്മമാരെക്കാളും ആങ്ങളമാരെയായിരിക്കും താല്‍പര്യം, ഇനി ആണുങ്ങളാണെങ്കില്‍ അവര്‍ക്കും അമ്മമാരെക്കാളും പെങ്ങള്‍മാരോടായിരിക്കും സ്‌നേഹമെന്നും ഞാന്‍ തമാശയായി പറഞ്ഞു. എന്നെ ക്ഷണിക്കാത്തതില്‍ യാതൊരു പരിഭവവുമില്ല. അത്തരം തെറ്റുകള്‍ സംഭവിക്കാമെന്നും നടി പറയുന്നു.

ലൂസിഫറിന്റെ തുടക്കത്തില്‍ സുകുവേട്ടന്റെ ഫോട്ടോ കാണിച്ചിരുന്നു. അത് കണ്ടപ്പോള്‍ ശരിക്കും എനിക്ക് കണ്ണ് നിറഞ്ഞു. കാരണം സുകുവേട്ടന്‍ സിനിമ സംവിധാനം ചെയ്യാന്‍ എല്ലാം ഒരുങ്ങിയതാണ്. അതിന്റെ സ്‌ക്രീപ്റ്റ് ഒക്കെ റെഡിയായിരുന്നു. പാടം പൂത്തകാലം എന്ന് പേരിട്ടിരിക്കുന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞൊരു ചിത്രമായിരുന്നു അത്. സ്‌ക്രീപ്റ്റ് ഇപ്പോഴും ഇരിപ്പുണ്ട്. പക്ഷേ അദ്ദേഹത്തിനത് ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു.
അക്കാലത്ത് മക്കളുടെ നാടകം കാണാന്‍ സ്‌കൂളില്‍ പോയിരുന്നു. ഇവന്മാര്‍ സിനിമയിലേക്ക് തന്നെ വരും മല്ലികേ എന്നാണ് സുകുവേട്ടന്‍ അന്ന് പറഞ്ഞത്. നമ്മള്‍ സിനിമയിലല്ലേ, അവര്‍ക്കും പഠനത്തിന് ശേഷം താല്‍പര്യമുണ്ടെങ്കില്‍ അവിടെ തന്നെ വരട്ടേ എന്ന് ഞ്ങ്ങള്‍ രണ്ടാളും ചിന്തിച്ചു. അതുപോലെ തന്നെ അവര്‍ക്കും അതിനോട് താല്‍പര്യമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളൊക്കെ രണ്ടാളും വായിക്കാറുണ്ടെന്നും മല്ലിക പറയുന്നു.
കൊച്ചുമകള്‍ പ്രാര്‍ഥനയെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണെന്ന് എല്ലായിപ്പോഴും പറയും. അവളും ഈ സിനിമയില്‍ പാടുന്നുണ്ട്. ഇങ്ങനൊരു അവസരമുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ അവള്‍ വലിയ സന്തോഷത്തിലായിരുന്നു. പൃഥ്വിയുടെ സ്വഭാവത്തിന് എല്ലാ കാര്യങ്ങളും തുറന്ന് പറയില്ല, ഔട്ട്‌ലൈന്‍ മാത്രമേ അവന്‍ പറയൂ. അതിന്റെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നെങ്കിലും അവളിപ്പോള്‍ സന്തോഷത്തിലാണ്.
കൊച്ചുമകള്‍ ഇടുന്ന വസ്ത്രം വിമര്‍ശിക്കപ്പെടുന്നതിനെ കുറിച്ചും നടി സംസാരിച്ചു. വീട്ടിലും പൊതുസ്ഥലത്തും കല്യാണങ്ങളിലും തുടങ്ങി ഓരോയിടത്തും നമ്മള്‍ ഇടുന്ന വേഷത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ആളുണ്ടാവും. ഇതെന്ത് വേഷം ധരിച്ചാണ് വന്നിരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളുടെ ഇടയിലേക്ക് ആയിരിക്കും പുതിയ ഫാഷനുമായി കുട്ടികള്‍ വരിക. അങ്ങനത്തെ വസ്ത്രം ധരിക്കരുതെന്നല്ല ഞാന്‍ പറയുന്നത്. ഓരോ സദസ്സിന് അനുസരിച്ച് വേണം വേഷം തിരഞ്ഞെടുക്കാന്‍.
ഗോവയില്‍ പോയി കുളിക്കാന്‍ നേരത്ത് സാരി ഉടുത്ത് കടലില്‍ ഇറങ്ങാന്‍ പറ്റില്ല. അവിടെ അതിന് ചേരുന്ന വസ്ത്രമിടാം. അത് ചോദിക്കാന്‍ ആരും വരില്ല. അതുപോലെ ഒരുപാട് ആളുകള്‍ വരുന്ന സ്ഥലത്ത് അങ്ങനെ ചെന്നാല്‍ എങ്ങനെയിരിക്കും. അതാണ് സദസ്സ് അറിഞ്ഞ് പെരുമാറണമെന്ന് പറയാന്‍ കാര്യം.
ഇടയ്ക്ക് വിദേശത്തേക്കും മറ്റുമൊക്കെ പോകുമ്പോള്‍ ഞാന്‍ സാരി ഉടുത്ത് കയറാനുള്ള ബുദ്ധിമുട്ട് കാരണം ചുരിദാര്‍ ധരിക്കാറുണ്ട്. യാത്രയുടെ കംഫര്‍ട്ട് നോക്കിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ പിന്നീട് നാട്ടില്‍ ഒന്ന് രണ്ടിടത്തും അതുപോലെ ചുരിദര്‍ ഇട്ടതോടെ ഇവരിത് സ്ഥിരമാക്കിയോ എന്ന ചോദ്യം വന്നു. അതിന് കാരണം മല്ലികയെ അവരൊക്കെ സ്ഥിരമായി സാരിയില്‍ കാണുന്നത് കൊണ്ടാണ്. അല്ലാതെ നമ്മളത് ഇടരുതെന്ന് തീര്‍ത്ത് പറയുന്നതല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications