അത് എന്റെ മരുമക്കൾക്ക് മനസിലാകണമെന്നില്ല, മക്കളുടെ സ്നേഹം അനുഭവിക്കാനും യോഗം വേണം: മല്ലിക സുകുമാരൻ
എപ്പോഴും തുറന്ന് സംസാരിക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. മക്കളെക്കുറിച്ചും അന്തരിച്ച ഭർത്താവ് നടൻ സുകുമാരനെക്കുറിച്ചും മല്ലിക സംസാരിക്കാത്ത അഭിമുഖങ്ങളില്ല. അടുത്തിടെ എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് വിവാദത്തിലായപ്പോൾ മകന് വേണ്ടി ശക്തമായി മല്ലിക സുകുമാരൻ സംസാരിച്ചു. ഭർത്താവും മക്കളുമൊത്ത് സന്തോഷകരമായി ജീവിച്ച കഴിഞ്ഞ കാലത്തെക്കുറിച്ച് എപ്പോഴും നടി ഓർക്കാറുണ്ട്.
ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ കാലഘട്ടത്തിലാണ് സുകുമാരൻ മല്ലികയുടെ ജീവിതത്തിലേക്ക് വരുന്നത്. നടൻ ജഗതി ശ്രീകുമാറുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച മല്ലിക സുകുമാരനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നു. പുതിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കുന്നുണ്ട്. വിർച്വൽമീഡിയ എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

ഞാൻ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചും പൊറുത്തും മറന്നും ആരോടും ഒന്നും പറയാതെ കഴിഞ്ഞ കാലത്ത് എന്നെ വന്ന് രക്ഷപ്പെടുത്തി ജീവിതം തന്നയാളാണ് സുകുവേട്ടൻ. മരണം കഴിഞ്ഞാലും സുകുവേട്ടൻ എന്നെ അങ്ങ് വിളിക്കുമെന്ന് അറിയാം. അടുത്ത് തന്നെ വിളിക്കും. അത്രയും എന്നെ രക്ഷപ്പെടുത്തിയ വ്യക്തിയാണ്. അതെനിക്ക് മറക്കാൻ പറ്റില്ല. എന്നെ സ്നേഹിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ തന്നു. ഞാൻ ഈ പറയുന്ന തീവ്രതയൊന്നും മരുമക്കൾക്കോ കൊച്ചുമക്കൾക്കോ മനസിലാകണം എന്നില്ല.
കാരണം അവർ ആ സെെഡ് കണ്ടിട്ടില്ല. പക്ഷെ ഒരു പരിധി വരെ എന്റെ മക്കൾക്ക് അറിയാം. അച്ഛനെങ്ങനെയാണ് അമ്മയെ നോക്കിയതെന്ന് അവർക്കറിയാം. ഒരു കാര്യത്തിലും വേദനിച്ച് കരയേണ്ടി വന്നിട്ടില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ മല്ലിക വിഷമിക്കരുതെന്ന ചിന്തയോട് കൂടി ഭയങ്കരമായി ജീവിതം പ്ലാൻ ചെയ്ത് ദീർഘ വീക്ഷണത്തോട് കൂടി എല്ലാ കാര്യങ്ങളും ചെയ്ത് വെച്ചു.

അതുകൊണ്ടാണ് ഇന്ന് മല്ലിക സുകുമാരൻ സുഖമായി ജീവിക്കുന്നത്. എനിക്കുള്ളതെല്ലാം എനിക്കുള്ളത് തന്നെയാണ്. മക്കൾ വാങ്ങിത്തന്നു എന്ന് പറയുന്നതിൽ അഭിമാനിക്കുന്ന അമ്മയാണ് ഞാൻ. അതില്ലാത്ത അമ്മമാർക്ക് എന്തും പറയാം. എന്നും വന്ന് കാണണം എന്നൊക്കെ പറയുന്നത് എന്റെയൊരു പൊസസീവ്നെസ് ആണ്. ബോംബെയിൽ നിന്നും ലണ്ടനിൽ നിന്നും വരാനാകില്ലെന്ന് എനിക്കറിഞ്ഞ് കൂടേയെന്നും മല്ലിക സുകുമാരൻ പറയുന്നു.
അടുത്തിടെ കലാമണ്ഡലം സത്യഭാമ മല്ലിക സുകുമാരനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. മക്കളുടെ ചെലവിൽ കഴിയുന്ന ആളാണ് മല്ലികയെന്ന് സത്യഭാമ പറഞ്ഞിരുന്നു. ഇതിന് പരോക്ഷ മറുപടി മല്ലിക സുകുമാരൻ നൽകുന്നുണ്ട്. എന്റെ മക്കളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധനം. ആ ഭാഗ്യം എല്ലാ അമ്മമാർക്കും കിട്ടിയെന്ന് വരില്ല. ചോദിക്കുന്നവർക്ക് പല വിവരക്കേടും ചോദിക്കാം. പക്ഷെ അത് അനുഭവിക്കാനും യോഗം വേണം.
അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ അടിച്ച് പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാൻ നോക്കുമ്പോൾ എനിക്ക് ദേഷ്യം വരും. കാരണം നമ്മൾ അറിയാത്ത കാര്യങ്ങളാണ്. നടന്ന സംഭവങ്ങൾ പറഞ്ഞോട്ടെ. രണ്ട് കല്യാണം കഴിക്കാത്തവരാണല്ലോ ഈ ഭൂമിയിലുള്ളത്. മെെക്കിന്റെ മുന്നിൽ എന്ത് തോന്നിവാസവും പറയുന്നവരെ എങ്ങനെ സമൂഹം അംഗീകരിക്കുമെന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു. മല്ലിക സുകുമാരൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർക്കെതിരെയാണ് സത്യഭാമ സംസാരിച്ചത്.
നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ സത്യഭാമ അപമാനിച്ച് സംസാരിച്ചതിനെതിരെ ഇരുവരും രംഗത്ത് വന്നിരുന്നു. എന്നാൽ മല്ലികയും ഭാഗ്യലക്ഷ്മിയും തന്നെക്കുറിച്ച് തെറ്റായി സംസാരിച്ചു എന്നാണ് സത്യഭാമ പറയുന്നത്. മല്ലിക സുകുമാരനെ അനുകൂലിച്ച് കമന്റിട്ടവരെ സത്യഭാമ ചീത്ത വിളിക്കുകയും ചെയ്തു.


Click it and Unblock the Notifications