ആ സമ്മാനത്തിനുള്ളില്‍ ഒരു താലിയുണ്ടായിരുന്നു! സുകുമാരനുമായി വിവാഹം കഴിച്ചതിനെ പറ്റി നടി മല്ലിക സുകുമാരന്‍
സിനിമാ ജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് സുകുമാരനെ വിവാഹം കഴിച്ചതിനെ പറ്റിയുള്ള കഥകളാണ് മല്ലിക വെളിപ്പെടുത്തിയിരിക്കുന്നത്.
പിറന്നാളിന് താലിയും മാലയും സമ്മാനമായി തന്നതിനെ പറ്റിയും വീട്ടില്‍ വന്ന് പെണ്ണ് ചോദിച്ചതിനെ പറ്റിയുമൊക്കെ മല്ലിക പറയുന്നുണ്ട്. മാത്രമല്ല അവളുടെ രാവുകള്‍ എന്ന സിനിമ പിന്നീട് തന്റെ രാവുകളായി മാറിയതിനെ പറ്റിയാണ് മനോമരയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കിയത്.

ജീവിതമൊന്ന് ചിട്ടപ്പെടുത്തണമെന്ന് കരുതിയിരിക്കുമ്പോഴാണ് സുകുമാരനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ സഹോദരിയും ഞാനും അഞ്ചാം ക്ലാസ് മുതല്‍ വുമന്‍സ് കോളേജ് വരെ ഒരുമിച്ച് പഠിച്ചവരാണ്. അവളുടെ സഹോദരനാണെന്ന നിലയില്‍ മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എങ്കിലും കൂടുതല്‍ സൗഹൃദമില്ലായിരുന്നു.
ആ സമയത്താണ് അവളുടെ രാവുകള്‍ എന്ന സിനിമ എടുക്കാന്‍ തീരുമാനിക്കുന്നത്. കുതിരവട്ടം പപ്പുവേട്ടനും സുകുവേട്ടനുമാണ് സീമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുമോന്ന് ചോദിച്ച് എന്റെ അടുത്ത് വരുന്നത്. പിന്നെ അവളുടെ രാവുകളായിരുന്നില്ല, എന്റെ രാവുകളായി അത് മാറിയെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍.
സുകുവേട്ടനെ കാണുന്നതും അടുപ്പത്തിലാകുന്നതുമൊക്കെ ആ സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം താമസിക്കുന്ന വീടിന്റെ താഴെയാണ് അന്ന് ഷൂട്ടിങ് നടക്കുന്നത്. വീട്ടുകാരില്‍ നിന്നും അകന്ന് നില്‍ക്കുന്നതിനാല്‍ അവരെ പോയി കണ്ടുടേ എന്നൊക്കെ ചോദിക്കുന്നത് പുള്ളിയാണ്. ഇനി വഴക്ക് കേട്ടാലും സാരമില്ല, വീട്ടിലേക്ക് പോകാമെന്ന് താന്‍ തീരുമാനിച്ചത് സുകുവേട്ടന്റെ വാക്ക് കേട്ടിട്ടാണെന്നാണ് മല്ലിക പറയുന്നത്.
പ്രണയത്തിന്റെ കാര്യത്തില്‍ മാന്യത കാണിച്ചുള്ള വ്യക്തിയാണ് സുകുവേട്ടന്‍. അദ്ദേഹം നേരിട്ട് എന്റെ വീട്ടില്‍ വന്ന് സംസാരിക്കുകയായിരുന്നു. ഈ കുട്ടിയെ ഇഷ്ടമാണ്. ഒരുപാട് പൊട്ടന്‍ഷ്യല്‍ ഉള്ളവളാണ്. എനിക്ക് വേറൊന്നും പ്രശ്‌നമില്ല. സുകുമാരനെ സുകുമാരനായി പിടിച്ച് നിര്‍ത്താന്‍ ഇതുപോലെയുള്ള ആളുകളെയാണ് ആവശ്യമെന്ന് പറഞ്ഞു. എനിക്കും ഇഷ്ടമാണെന്ന് മനസിലായതോടെ അച്ഛനും ചേട്ടനും സംസാരിച്ച് തീരുമാനിച്ചു.

അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചിട്ടാണ് കല്യാണം നടത്തിയത്. മൂന്ന് ആഴ്ചയോളം കഴിഞ്ഞിട്ടാണ് എല്ലാവരും അറിയുന്നത്. അവിടുന്ന് മദ്രാസിലേക്ക് പോയി. മക്കളും ജനിച്ചു. എല്ലാ കാര്യങ്ങളും വളരെ പ്ലാന്‍ ചെയ്ത് ചെയ്യുന്ന സ്വഭാവമാണ് സുകുവേട്ടന്റേത്. രാജുവും ഏകദേശം അതുപോലെയാണെന്നാണ് എല്ലാവരും പറയുന്നത്.
കാത്തിരുന്ന നിമിഷം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വിവാഹത്തെ കുറിച്ച് പുള്ളി എന്നോട് സംസാരിച്ചത്. 'അടുത്തയാഴ്ച ഞാന്‍ വീട്ടിലേക്ക് വരും. നമ്മള്‍ തമ്മിലുള്ള കല്യാണമാണ്. കാര്യങ്ങളൊക്കെ ഞാന്‍ അവതരിപ്പിക്കും. താന്‍ കേട്ടോണ്ട് നിന്നാല്‍ മതിയെന്നൊക്കെ പറഞ്ഞു. ഇതിനിടയില്‍ എന്റെ പിറന്നാളിന് ഒരു സമ്മാനം തന്നു. ഒരു മാലയായിരുന്നു.
സമ്മാനങ്ങളൊന്നും താരത്ത ആളാണല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴല്ലെ നമ്മള്‍ ഇങ്ങനെയൊക്കെ ആയതെന്ന് പറഞ്ഞ് അത് തന്നിട്ട് പോയി. ശേഷം തുറന്ന് നോക്കിയപ്പോഴാണ് അതിലൊരു മാലയില്‍ താലി കോര്‍ത്തിട്ടിരിക്കുന്നത് കാണുന്നത്. അത് കണ്ട് ശരിക്കും ഞെട്ടിപ്പോയെന്നാണ് മല്ലിക പറയുന്നത്.


Click it and Unblock the Notifications