ആരും ഒരക്ഷരം മിണ്ടിയില്ല, മകൻ എന്നോട് പറഞ്ഞത്; അമ്മയുണ്ടെടാ എന്ന് പറയുന്ന ആളാണ് ഞാൻ: മല്ലിക സുകുമാരൻ
എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം നടൻ പൃഥ്വിരാജിനെ ലെെം ലെെറ്റിൽ അധികം കണ്ടിട്ടില്ല. ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടൻ. വലിയ ഹെെപ്പോടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയ സിനിമയാണ് എമ്പുരാൻ. കോടികൾ കലക്ട് ചെയ്തെങ്കിലും എമ്പുരാൻ രാഷ്ട്രീയ വിവാദങ്ങളിൽ അകപ്പെട്ടു. പൃഥ്വിരാജിന്റെ സംവിധാനം പ്രതീക്ഷയ്ക്കൊത്ത് വന്നില്ലെന്ന അഭിപ്രായം വേറെ. വിവാദങ്ങളിൽ പൃഥ്വിരാജ് നിരാശനായിരുന്നെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞിരുന്നു.
പ്രശ്ന കലുഷിതമായ സാഹചര്യത്തിൽ പൃഥ്വിരാജിന് വേണ്ടി സധെെര്യം സംസാരിച്ചത് അമ്മ മല്ലിക സുകുമാരനാണ്. രാഷ്ട്രീയ വിവാദങ്ങളിലും പൃഥ്വിരാജിനെതിരെയുള്ള കുറ്റപ്പെടുത്തലുകളിലും വ്യക്തമായ മറുപടി മല്ലിക സുകുമാരൻ നൽകി. ചാനൽ ചർച്ചകളിൽ പൃഥ്വിരാജിന് വേണ്ടി സംസാരിച്ചു. മക്കൾക്കൊപ്പം ഏത് പ്രശ്നത്തിലും ഒപ്പം നിൽക്കാനുള്ള തന്റെ ആത്മധെെെര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരനിപ്പോൾ. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് പരാമർശം.

എന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ അവരോട് പോയി ജോലി നോക്കാൻ പറ, അമ്മയുണ്ടെടാ നിങ്ങൾക്ക് എന്ന് പറയുന്ന ആളാണ് ഞാൻ. അത് തന്നെയാണ് ഇതിന്റെയിടക്ക് സംഭവിച്ചതും. അതൊക്കെ കയ്യിൽ വെച്ചോ അവന് ഞാനുണ്ട് എന്ന് പറയാനുള്ള ധെെര്യവും ആർജവവും എനിക്കുണ്ട്. അത് മാറത്തുമില്ല. എന്റെ മക്കൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ഉറപ്പായും തിരിച്ച് പറയും. അതിൽ സംശയിക്കുകയേ വേണ്ട. ഈയടുത്ത കാലത്ത് ഒരു സിനിമാ സംബന്ധമായ വിഷയത്തിൽ അമ്മ അസ്സലായി പറഞ്ഞെന്ന് മകൻ പറഞ്ഞു.
അവനുള്ള സന്തോഷമെന്തെന്നാൽ ഒരാളും ആ ഇന്റർവ്യൂ നടക്കുമ്പോൾ ഒരക്ഷരം മിണ്ടിയില്ല എന്നതാണ്. എല്ലാ പാർട്ടിക്കാരുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അമ്മ സംസാരിച്ചപ്പോൾ ആരും മിണ്ടാതിരുന്നത്. അപ്പോൾ ഉള്ളിന്റെ ഉള്ളിൽ ആ സ്ത്രീ ഇങ്ങനെയൊന്നുമല്ലെന്ന സ്നേഹം അവർക്കുണ്ട്. അതുകാെണ്ടാണ് ഒരക്ഷരം മിണ്ടാതെ എല്ലാവരും കേട്ട് കൊണ്ടിരുന്നതെന്ന് മകൻ പറഞ്ഞെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

എമ്പുരാൻ വിവാദങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണാൻ പൃഥ്വിരാജ് തയ്യാറായിരുന്നില്ല. എന്നാൽ മല്ലിക സുകുമാരൻ മകനെ പിന്തുണച്ച് പ്രസ്താവന പുറത്ത് വിട്ടു. എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്.
എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും എന്നാണ് സോഷ്യൽ മീഡിയയിൽ പുറത്ത് വിട്ട പ്രസ്താവനയിൽ മല്ലിക സുകുമാരൻ ചോദിച്ചത്. ചാനൽ ചർച്ചയിൽ രാഷ്ട്രീയ നേതാക്കളെയും മേജർ രവിയെയും മല്ലിക സുകുമാരൻ വിമർശിച്ചിരുന്നു.
മോഹൻലാൽ അറിയാതെ പൃഥ്വിരാജ് എമ്പുരാനിൽ വിവാദ സീനുകൾ ഉൾപ്പെടുത്തി എന്നൊക്കെയുള്ള നുണ പറഞ്ഞു. പൃഥ്വിരാജിന് സാക്ഷാൽ സുകുമാരന്റെ അതേ സ്വഭാവമാണ്. നുണ പറഞ്ഞാൽ ഭയങ്കര വിഷമമാണ്. മേജർ രവിയേക്കാൾ വലിയ ഉദ്യോഗസ്ഥരൊക്കെ ഞങ്ങൾക്ക് ഉണ്ടെന്നേ. അദ്ദേഹത്തിന് തന്നെ അറിയാം. ആവശ്യമില്ലാതെ അവനെ നുണയനാണ് എന്നൊക്കെ പറഞ്ഞത് കഷ്ടമാണെന്നും മല്ലിക സുകുമാരൻ അന്ന് പറഞ്ഞു. കരിയറിൽ തന്റേതായ തിരക്കുകളിലാണിപ്പോൾ മല്ലിക സുകുമാരൻ. വ്യസന സമേതം ബന്ധുമിത്രാദികൾ നടിയുടെ പുതിയ സിനിമ. അനശ്വര രാജനാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications