മരുമക്കൾ അവരോട് കൂടുതൽ കെയർ എടുത്തേക്കും, മനസിലാക്കാനുള്ള ബുദ്ധി എനിക്ക് വേണം: മല്ലിക സുകുമാരൻ
കുടുംബത്തെക്കുറിച്ച് സംസാരിക്കാനിഷ്ടപ്പെടുന്നയാളാണ് നടി മല്ലിക സുകുമാരൻ. മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വളർച്ചയിൽ അങ്ങേയറ്റം അഭിമാനിക്കുന്ന അമ്മ. മക്കളുടെ തിരക്ക് മനസിലാക്കുന്ന അമ്മയാണ് മല്ലിക സുകുമാരൻ. ഭർത്താവ് സുകുമാരൻ മരിച്ച ശേഷം മല്ലിക സുകുമാരൻ രണ്ട് മക്കളെയും ഒറ്റയ്ക്ക് വളർത്തി. സിനിമയിലെ തുടക്ക കാലത്ത് ഇവർക്ക് സംരക്ഷണം നൽകി. ഇന്നിപ്പോൾ മക്കൾ അറിയപ്പെടുന്ന താരങ്ങളായി മാറിക്കഴിഞ്ഞു.
ഇന്ദ്രന് വേണ്ടും രാജുവിന് വേണ്ടതും അവരുടെ കൂട്ടുകാരിയെ പോലെ ഒപ്പം നിന്ന് ചെയ്തിട്ടുള്ള അമ്മയാണ് ഞാൻ. പിന്നെ മരുമക്കൾ വന്ന് കയറി. നമ്മൾ അവരുടെ സ്വഭാവമൊന്നും നിരീക്ഷിക്കേണ്ട കാര്യമില്ല. സ്വന്തം അമ്മയോട് തോന്നുന്ന അതേ സ്നേഹം ഒരു ഡിഗ്രി പോലും കുറയാതെ എന്നോട് തോന്നിയിട്ടുണ്ടെന്ന് ഞാൻ കരുതിയാൽ ഞാൻ മണ്ടിയാണ്. കൊച്ചിലേ മുതൽ അവരെ വളർത്തിക്കൊണ്ട് വരുന്നത് അമ്മയാണ്. അവരോട് കുറച്ച് കൂടുതൽ കെയർ എടുത്തെന്നിരിക്കും.

അവർക്കൊരു പനി വന്നാൽ എല്ലാം കളഞ്ഞ് കൂടെ പോയി നിൽക്കും. അതേസമയം എനിക്ക് പനി വരുമ്പോൾ ബോംബെയിലുള്ള കുഞ്ഞിനോട് ഇങ്ങ് വാ എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ. ഇത് മനസിലാക്കാനുള്ള ബുദ്ധി എനിക്ക് വേണം. പിന്നെ എന്റെ അത്രയും തിരുവനന്തപുരം സുപ്രിയക്ക് അറിയില്ല. കൊച്ചിയും അറിയില്ല. പിന്നീട് വന്ന് അവിടെ താമസിച്ച കുട്ടിയല്ലേ. പൂർണിമ കാലത്ത് എട്ട് മണിക്കേ പ്രാണയുടെ കാര്യങ്ങളിലേക്ക് കടക്കും. എനിക്ക് തന്നെ കഷ്ടം തോന്നും. വരയ്ക്കലും ഡിസെെനിംഗുമാെക്കെയായി. ഇതിനിടയിൽ കൂടെ മോളെ, എനിക്കൊരു ചുമ ഒന്ന് വരുമോ എന്ന് ചോദിക്കേണ്ട കാര്യമെന്താണ്.
ഞാനത്രയ്ക്കും ഒന്നുമറിയാത്ത പൊട്ടിയാണെങ്കിൽ ഓക്കെ. ഇന്ന് തിരുവനന്തപുരത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ കയറി പോകാൻ എനിക്കെന്റെ മക്കളുടെ മേൽവിലാസം ആവശ്യമില്ല. എനിക്കെന്റെ ചേട്ടനെ വിളിച്ച് പറഞ്ഞാൽ മതി. കുടുംബബന്ധമെന്ന് പറഞ്ഞാൽ മക്കളായാലും മരുമക്കളായാലും ഒരു സ്ഥാനം കൊടുത്ത് നിർത്തുന്നതാണ് അമ്മയ്ക്ക് എപ്പോഴും ബുദ്ധി. അമിതമായി കയറി ഇടപെടുമ്പോഴാണ് ബന്ധങ്ങൾക്ക് വിലയില്ലാതാകുന്നത്. ഞാനിങ്ങനെ നിൽക്കുന്നത് കൊണ്ട് എന്റെ പിറന്നാളിന് ഇന്ത്യയിൽ എവിടെയാണെങ്കിലും മക്കൾ വരും. സുകുവേട്ടന്റെ ആണ്ട് ബലി ഒരിക്കലും മുടക്കാറില്ല.
ആരും അറിഞ്ഞില്ലെങ്കിലും രാത്രിയിലെ ഫ്ലെെറ്റിന് വന്ന് രാവിലെ ബലിയിട്ട് പ്രാർത്ഥിക്കും. എല്ലാ പൂജയും ചെയ്യും. ഞാൻ കാപ്പിയുണ്ടാക്കി കൊടുക്കും. കഴിക്കും. ഉച്ചയ്ക്കത്തെ ഫ്ലെെറ്റിന് തിരിച്ച് പോകും. ഇത്രയൊക്കെ പോരെ. ഞാൻ ആഘോഷിക്കണം, പുണ്യ കർമ്മം ചെയ്യണം എന്ന് പറയുന്ന ദിവസങ്ങളിലൊക്കെ എന്റെ മക്കൾ എന്നോടൊപ്പമുണ്ട്. ഞാൻ എപ്പോഴും ചെന്ന് പിള്ളേരെ ചൊറിഞ്ഞ് കൊണ്ടിരുന്നാൽ നാളെ മരുമക്കൾ അമ്മ പറഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ നാളെ ചേട്ടൻ എന്റെ കൂടെ അവിടെ വന്നേനെ എന്ന് സങ്കടപ്പെടും. അവർ അവരുടേതായ ജീവിതം ഉണ്ടാക്കിയെടുക്കട്ടെ. നമുക്ക് പോയി കാണുന്നതല്ലേ സന്തോഷമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications

