സുകുവേട്ടൻ മരിച്ച ശേഷമുള്ള വരുമാനം, കുടുംബത്തിലെല്ലാവരും 50 വയസ് വരെ, അദ്ദേഹം മുൻകൂട്ടി കണ്ടു: മല്ലിക സുകുമാരൻ
ഭർത്താവ് നടൻ സുകുമാരന്റെ മരണം മല്ലിക സുകുമാരന്റെ മനസിൽ ഇന്നും വിങ്ങലാണ്. അതേസമയം ദീർഘവീക്ഷണമുള്ള സുകുമാരൻ ഭാര്യയുടെയും മക്കളുടെയും ജീവിതം സുരക്ഷിതമാക്കിയാണ് വിട വാങ്ങിയത്. ഇതേക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്നെ കുറച്ച് കാര്യങ്ങൾ അദ്ദേഹം ഏൽപ്പിച്ചിരുന്നു. ഇടപ്പാളിൽ എല്ലാവരും ഒരു 55 വയസ് വരെയേ ആയുസുള്ളൂ കേട്ടോടീ എന്ന് അദ്ദേഹം ഇടയ്ക്ക് പറയുമായിരുന്നു. പോ സുകുവേട്ടാ എന്ന് ഞാൻ മറുപടി നൽകും. പക്ഷെ ഒരു കണക്കിന് അത് ശരിയായിരുന്നു. അദ്ദേഹത്തിന്റെ അനിയൻമാർ മരിച്ചു. സഹോദരി മരിച്ചു. അച്ഛനമ്മമാർ മരിച്ചു. ഏറ്റവും അവസാനം പോകുന്നത് സുകുവേട്ടനാണ്. അത് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നോ എന്ന് ഞാൻ ആലോചിക്കും. ഓഡിറ്ററുടെയടുത്ത് പോക്കും ഇൻകം ടാക്സ് അടയ്ക്കലുമൊന്നും ഞാൻ കണ്ടിട്ടേയില്ല.

ഒരു പഞ്ചാബി ഓഡിറ്ററാണ് നോക്കിക്കൊണ്ടിരുന്നത്. പിന്നെ തിരുവനന്തപുരത്ത് വന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പേ ഇടയ്ക്കിടെ ഓഡിറ്ററുടെയടുത്ത് പറഞ്ഞയക്കും. ഇതവിടെ കൊണ്ട് കൊടുക്ക് എന്ന് പറയും. വാടക വരുന്നത് എന്റെ അക്കൗണ്ടിലേക്ക് ആക്കി. ഇപിഎഫ്, എഫ്ഡിയായി കിടന്ന കുറച്ച് പെെസ എന്നിവയെല്ലാം ഞാനറിയാതെ അദ്ദേഹം കരുതി വെച്ചത് പോലെ. എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് ഞാനെവിടെയെങ്കിലും പോയി പെെസയില്ല എന്ന് പറയരുതല്ലോ. ഇങ്ങനെ ജീവിതത്തെ വളരെ പ്ലാൻഡായി കണ്ട വ്യക്തിയെ ഞാൻ കണ്ടിട്ടേയില്ല. അത് എന്റെ അച്ഛനും അമ്മയും മരിക്കുന്നത് വരെ പറയുമായിരുന്നു.
സുകുമാരനെ പോലെയാണ് എല്ലാവരും എങ്കിൽ സുരക്ഷിതമായിരിക്കും എന്ന്. കാരണം അത്രയും കുടുംബത്തിന്റെ സുരക്ഷിതത്വം നോക്കി എല്ലാം ഏർപ്പാട് ചെയ്തു. നേരത്തെ പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നോ അതോ നമ്മളോടുള്ള സ്നേഹം കൊണ്ടാണോ എന്ന് അറിയില്ല. മക്കളുടെയും കാര്യത്തിൽ അത് പോലെ തന്നെയായിരുന്നു. മക്കൾ പഠിക്കണം. എവിടെയെങ്കിലും കൊണ്ട് നിർത്തിയാൽ നല്ല ആൺപിള്ളേരായി നിൽക്കണം എന്ന്. കള്ളം പറയരുതെന്ന് നിർബന്ധമുള്ള കാര്യമായിരുന്നു. ഒരുപാട് പുസ്തകങ്ങൾ വാങ്ങിക്കൊണ്ട് വരും. ഇതെല്ലാം പിള്ളേരെക്കൊണ്ട് വായിപ്പിക്കും. രാജുവാണ് പുസ്തകങ്ങളുമായി കുറേക്കൂടി കൂടുതൽ അടുത്തയാൾ.
ഇന്ദ്രന് പഠിത്തം കാരണം പുസ്തകങ്ങൾ വായിക്കാനുള്ള സമയം കുറഞ്ഞ് പോയിട്ടുണ്ട്. ഇപ്പോൾ പിന്നെ രണ്ട് പേരും വലിയ ലെെബ്രറി പോലെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അമ്മയ്ക്ക് കാര്യപ്രാപ്തിയുണ്ട് എന്ന ആത്മവിശ്വാസം മക്കൾക്ക് കൊടുത്തത് സുകുവേട്ടന്റെ ട്രെയിനിംഗ് ആണ്. സുകുവേട്ടൻ മരിച്ചപ്പോൾ ഒരു മാസം എല്ലാം പോയി എന്ന് പറഞ്ഞ് വിഷമിച്ചിരുന്നു. എന്താണ് നഷ്ടപ്പെട്ടത്, അതായിരിക്കും സുകുവേട്ടൻ ഇങ്ങനെയൊക്കെ ചെയ്തത് എന്ന് ഞാൻ ചിന്തിച്ചു. ഒരുപാട് വസ്തു വാങ്ങിയിരുന്നു. ലോൺ ബാധ്യതകളൊന്നുമില്ലാതെ സേഫ് ആയിരുന്നു.
വാടകയായി വരുമാനം ലഭിച്ചിരുന്നു. 22 കടകളുണ്ട്. താഴത്തെ നിലയ്ക്ക് ഒരു വാടക. മുകളിലത്തെ നിലയ്ക്ക് ഒരു വാടക. പിന്നെ കല്യാണത്തിന്റെ വാടക. എല്ലാം കൂടെ മക്കളെ വലിയ കുഴപ്പമില്ലാതെ വളർത്താനായി. ആദ്യമായി ഞാൻ ലോൺ എടുക്കുന്നത് ഓസ്ട്രേലിയയിൽ രാജുവിനെ പഠിപ്പിക്കാനാണ്. കുറച്ച് കാലം അത് ഞാൻ അടച്ചു. പിന്നെ രാജു തന്നെ വന്ന് എല്ലാം ക്ലോസ് ചെയ്തെന്നും മല്ലിക സുകുമാരൻ പറയുന്നു.


Click it and Unblock the Notifications