രാജുവിന് കല്യാണം ആലോചിക്കുന്നുണ്ടോയെന്ന ചോദ്യങ്ങൾ, അത് സുപ്രിയയുടെ വീട്ടുകാരുടെ തീരുമാനം: മല്ലിക സുകുമാരൻ
സന്തോഷകരമായ വിവാഹജീവിതം നയിക്കുകയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ വിവാഹത്തോടെ കരിയർ വിട്ടു. ഇന്ന് സിനിമാ നിർമാണ രംഗത്ത് സുപ്രിയ ശ്രദ്ധ നൽകുന്നു. 2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരായത്. വിവാഹം രഹസ്യമായിരുന്നു. പിന്നീട് മാധ്യമങ്ങളെയും സിനിമാന രംഗത്തുള്ളവരെയും ക്ഷണിച്ച് എറണാകുളത്ത് റിസപ്ഷൻ നടന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പൃഥ്വിരാജ്-സുപ്രിയ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.
അന്ന് സുപ്രിയ എൻഡിടിവിയിൽ വർക്ക് ചെയ്യുകയാണ്. രാജു എന്നോട് പറഞ്ഞിരുന്നു. ഞാൻ ഈ കുട്ടിയെ കണ്ടിട്ടില്ല, എവിടെയാണെന്ന് ചോദിച്ചു. പാലക്കാടാണെന്ന് പറഞ്ഞു. നിനക്കിഷ്ടമാണെങ്കിലും കാര്യങ്ങളൊക്കെ ഉത്തരവാദിത്വത്തോടെ ചെയ്യാമെന്ന് പറഞ്ഞു. ഇന്ദ്രനെ പോലെ സോഫ്റ്റായി അല്ലല്ലോ രാജുവിന്റെ പ്രസന്റേഷൻ. എന്റെ സഹോദരൻ അമേരിക്കയിൽ നിന്ന് വന്നു. സുപ്രിയയുടെ അച്ഛനും അമ്മയും അവിടെ നിന്നും ചില വിളികൾ നടത്തുന്നുണ്ട്.

ഇത് അത്ര സീരിയസായി അവതരിപ്പിച്ച സമയമല്ല. പക്ഷെ സീരിയസാണോ എന്ന് നമുക്കറിയണമല്ലോ. രാജുവിന് കല്യാണം ആലോചിക്കുന്നുണ്ടോ എന്ന് പലരും ചോദിച്ച് തുടങ്ങിയിരുന്നു. മക്കളുടെ ശത്രുവായി ജീവിക്കാൻ ആഗ്രഹിക്കാത്ത അമ്മയാണ് ഞാൻ. അവന് എന്താണോ ആഗ്രഹമെന്നും അതിനനുസരിച്ചുള്ള പെൺകുട്ടിയാണോ എന്നും അവൻ തീരുമാനിക്കണം. നിങ്ങൾ നിങ്ങളുടെ ജീവിതമുണ്ടാക്കിയെടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
കല്യാണ ചടങ്ങ് ആ രീതിയിൽ മതി എന്നത് സുപ്രിയയുടെ വീട്ടുകാരുടെ താൽപര്യമായിരുന്നു. കാരണം വയസായ മൂന്ന് നാല് പേരുണ്ട്. വീൽ ചെയറിലായിരുന്നു. താലി കെട്ട് ചടങ്ങ് മാത്രം അവിടെ നടത്തി. കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ന്യൂസ് പുറത്ത് പോയി. പുറത്ത് മീഡിയക്കാർ വന്നു. അവരോട് താൻ കാര്യം പറഞ്ഞെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

അടുത്തിടെയും സുപ്രിയയെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. ഞാൻ അഭിനയിക്കുമ്പോൾ സുപ്രിയ ഇതെല്ലാം ചെയ്തോളണം എന്ന നിലപാട് ശക്തമായി എടുക്കുന്ന ആളാണ് പൃഥ്വിരാജ്. അക്കാര്യത്തിൽ ഇന്ദ്രജിത്തിനെ പോലെയല്ല. എന്തൊക്കെ പറഞ്ഞാലും രാജുവിന്റെ സ്വഭാവത്തിന് അതവൻ പറയും എന്നെനിക്കറിയാം. കാരണം അവൻ അച്ഛന്റെ മകനാണ്.
രാജു വ്യക്തമായി പ്ലാൻ ചെയ്യും. ആ പ്ലാൻ ചെയ്തത് പോലെ നൂറ് ശതമാനം സുപ്രിയ ചെയ്യുകയും ചെയ്യും. രാജു അറിയാതെ ചെയ്യില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. നേരത്തെയും മക്കളുടെ വിവാഹത്തെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. അച്ഛനില്ലാത്തത് കൊണ്ട് ഞാൻ ആരുടെയും അടുത്ത് ചെന്ന് എന്റെ മക്കളുടെ വിവാഹം നടത്തി തരണമെന്ന് പറഞ്ഞിട്ടില്ല. സുകുവേട്ടൻ അതെല്ലാം നോക്കിയും കണ്ടും അറിഞ്ഞും വേണ്ടത് പോലെ കരുതി വെച്ചിരുന്നു. കാശായിട്ട് ബാങ്കിൽ ഇട്ടെന്നല്ല പറയുന്നത്. പുരയിടവും മറ്റും വാങ്ങി. എന്തെങ്കിലും വിറ്റാലും സാരമില്ല, അവൾ ഒരു വിഷമം അറിയരുതെന്ന് സുകുവേട്ടൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെന്നും മല്ലിക സുകുമാരൻ അന്ന് വ്യക്തമാക്കി.
കരിയറിൽ തന്റേതായ തിരക്കുകളിലാണ് മല്ലിക സുകുമാരൻ. അതേസമയം തുടരെ സിനിമകൾ ചെയ്യാറില്ല. മുംബെെയിലാണ് പൃഥ്വിരാജും സുപ്രിയയും ഇന്ന് താമസിക്കുന്നത്. മകൾ പഠിക്കുന്നത് മുംബെെയിലാണ്. കരിയറിൽ തുടരെ സിനിമകളുമായി മുന്നേറുകയാണ് പൃഥ്വിരാജ്. എമ്പുരാൻ വലിയ വിവാദമായെങ്കിലും മികച്ച കലക്ഷൻ നേടി. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും നടൻ സിനിമകൾ ചെയ്യുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications