അദ്ദേഹത്തിന്റെ മക്കളടക്കം കണ്ടുപഠിക്കണം; അമേരിക്കയിലും ദാസേട്ടന്റെ രീതികൾ; മല്ലിക സുകുമാരൻ
ഗാനഗന്ധർവനായ യേശുദാസിന് ബഹുമാന്യ സ്ഥാനമാണ് സംഗീത ലോകം നൽകുന്നത്. പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള യേശുദാസിന് പ്രശംസയ്ക്കൊപ്പം പലപ്പോഴും ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. യേശുദാസിന്റെ സാന്നിധ്യം പുതിയ ആളുകൾക്ക് അവസരമില്ലാതാക്കുന്നു, പുതിയ ഗായകർ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. ഗായകന്റെ മുൻകോപവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. യേശുദാസിന്റെ പെരുമാറ്റ രീതികളിൽ അതൃപ്തി പ്രകടിപ്പിക്കുന്നവർ ഏറെയാണ്.
ഇപ്പോഴിതാ യേശുദാസിനെ പിന്തുണച്ച് കൊണ്ട് സംസാരിക്കുകയാണ് നടി മല്ലിക സുകുമാരൻ. യേശുദാസിന് പകരം വെക്കാൻ മറ്റൊരാളില്ലെന്ന് മല്ലിക സുകുമാരൻ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ഇളം തലമുറ ദാസേട്ടനെ കണ്ട് പഠിക്കണം. അദ്ദേഹത്തെക്കുറിച്ച് പലതരം വിമർശനങ്ങൾ പറയുന്നവരും മക്കളുമടക്കം കണ്ട് പഠിക്കണം. ഒരു ജീവിതചര്യയുണ്ട്. സംഗീതത്തിന് വേണ്ടി 100 ശതമാനം സമർപ്പിക്കുന്നു. ചില ഭക്തരെ പോലെയാണ്. ഏത് നേരവും സംഗീതം. ഇപ്പോൾ അദ്ദേഹം അമേരിക്കയിലാണ്.

എന്റെ സഹോദരനൊക്കെ അടുത്ത് താമസമുണ്ട്. എല്ലാവരും പറയുന്നത് അവിടെയും ഇത് തന്നെയാണെന്ന് എല്ലാവരും പറയുന്നത്. കഴിയുന്ന സമയത്തൊക്കെ പാടും. എന്തെങ്കിലുമൊക്കെ പാടി റെക്കോഡ് ചെയ്ത് അയച്ച് കൊടുക്കും. എനിക്ക് കൊച്ച് കുട്ടികളോട് പറയാനുള്ളത് ചുമ്മാതെ എല്ലാവരും യേശുദാസ് എന്ന വ്യക്തിയെ പൊക്കുകയല്ല. അദ്ദേഹത്തിന്റെ പ്രൊഫഷണൽ കമ്മിറ്റ്മെന്റുണ്ട്.
കഴിവ് വളർത്തി വലുതാക്കി പടർന്ന് പന്തലിച്ച് ഇത്രത്തോളം കൊണ്ട് വന്നിരിക്കുമ്പോൾ പെട്ടെന്ന് യേശുദാസ് വഴിമാറി കൊടുത്തേ കൊച്ചു പിള്ളേർ വരട്ടെ എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. അതൊന്നും ഒരു മനുഷ്യനും തീരുമാനിക്കാൻ പറ്റില്ല. അതൊക്കെ ദൈവികമായ തീരുമാനങ്ങളാണ്. അത് ദാസേട്ടനായാലും ചിത്രയായാലും. തമാശയും കളിയും ചിരിയും വേണം.

പക്ഷെ ഉള്ളിന്റെ ഉള്ളിൽ സംഗീതമാണ് പ്രധാനമെങ്കിൽ അതിന് വേണ്ടി തപസിരിക്കുന്ന ഒരാളെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങനെയുള്ളവരെ തുടച്ച് നീക്കാൻ മനുഷ്യർക്ക് കഴിയില്ല. ഇത്രയും വയസായിട്ടും ദാസേട്ടൻ പാടുന്നത് കേൾക്കുമ്പോൾ ചിലപ്പോൾ കണ്ണ് നിറയാറുണ്ട്. മക്കളെയും അതേ പോലെ പരിശീലിപ്പിച്ചെന്ന് കേട്ടിട്ടുണ്ട്. അച്ഛനെ പോലെ മക്കളും കമ്മിറ്റഡാണോ എന്നെനിക്ക് അറിയില്ല. ദാസേട്ടനെ പോലെ ചിത്രയും സംഗീതത്തെ ആരാധിക്കുന്ന വ്യക്തിയാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിക്കാത്ത നടിയാണ് മല്ലിക സുകുമാരൻ. ഇതിന്റെ പേരിൽ തന്നെ ഇഷ്ടമില്ലാത്തവരും ഉണ്ടെന്ന് മല്ലിക സുകുമാരൻ പറയാറുണ്ട്. കഴിഞ്ഞ ദിവസം സ്ത്രീകൾ ഉന്നയിക്കുന്ന പീഡന പരാതിയെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞത് ചർച്ചയായി. ഒന്നോ രണ്ടോ പ്രാവശ്യം മോശം അനുഭവം ഉണ്ടാകുന്നത് മനസിലാക്കാം. എന്നാൽ വീണ്ടും വീണ്ടും പോയ ശേഷം പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് മല്ലിക സുകുമാർ തുറന്ന് പറഞ്ഞു. മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരാജിനെയും കുറിച്ച് മല്ലിക സുകുമാരൻ മിക്ക അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. സിനിമാ രംഗത്ത് മല്ലിക സുകുമാരൻ ഇന്ന് സജീവമാണ്.


Click it and Unblock the Notifications











