എനിക്കും സുകുവേട്ടനും വലിയ സങ്കടമായി; കളിപ്പാട്ടം കണ്ട് പോയതാണ്; അതോടെ ഇന്ദ്രനെ തിരിച്ച് കൊണ്ട് വന്നു; മല്ലിക
തന്റെ കുടുംബത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടിയാണ് മല്ലിക സുകുമാരൻ. അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ച് മല്ലിക പരാമർശിക്കാത്ത അഭിമുഖങ്ങളില്ല. സുകുമാരൻ എന്ന വ്യക്തിയാണ് നഷ്ടപ്പെട്ട് പോയെന്ന് കരുതിയ തന്റെ ജീവിതം തിരിച്ച് പിടിക്കാനായതും ഇന്നത്തെ സൗഭാഗ്യങ്ങളിൽ ജീവിക്കാനായതും സുകുമാരനെന്ന വ്യക്തി കാരണമാണെന്ന് മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും സുകുമാരന്റെ ഓർമ്മകളിൽ മല്ലിക ജീവിക്കുന്നു. മക്കളായ പൃഥിരാജും ഇന്ദ്രജിത്തും ഇന്ന് സിനിമാ ലോകത്തെ മുൻനിര താരങ്ങളാണ്.
ആടുജീവിതത്തിന്റെ വിജയത്തിളക്കത്തിലാണ് പൃഥിരാജ്. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരനിപ്പോൾ. ഇന്ദ്രനെ സ്കൂളിൽ ചേർക്കേണ്ട സമയമായി. ഊട്ടിയിൽ ഒരു സ്കൂളുണ്ട്. അവിടെ ചെന്ന് ഞങ്ങൾ കണ്ടു. സിസ്റ്റർ ഓടി വന്ന്, ശ്ശൊ, എത്ര ദിവസമായി കളിപ്പാട്ടം വാങ്ങി വെച്ചിരിക്കുന്നു, മോൻ വരാത്തത് കൊണ്ട് അതൊന്നും എടുത്തതേയില്ലെന്ന് പറഞ്ഞു. സ്കൂളിലേക്കാണ് ചെല്ലുന്നതെന്ന് ഇന്ദ്രനും മറന്ന് പോയി.

വളരെ ഉത്സാഹത്തോടെ ഞങ്ങളോട് ടാറ്റ പറഞ്ഞ് കയറിയങ്ങ് പോയി. രാജു കൈക്കുഞ്ഞാണ്. ഇന്ദ്രൻ ഹോസ്റ്റലിൽ നിൽക്കുകയാണ്. ഞങ്ങൾ ഇരകൾ സിനിമയെടുക്കുമ്പോൾ ഒരു സംഭവം ഉണ്ടായി. പ്രൊഡക്ഷൻ കൺട്രോളറുടെ ജോലി കൂടെ ചെയ്ത് ഞാൻ സുകുവേട്ടന്റെ കൂടെ മുണ്ടക്കയത്തുണ്ട്. സ്കൂളിൽ നിന്നും മദ്രാസിലേക്കാണ് എഴുത്തുകൾ അയക്കുന്നത്. പെട്ടെന്ന് സ്കൂളിൽ എട്ട് ദിവസം അവധി വന്നു. കുട്ടികളൊക്കെ പോവുകയാണ്.
വേണമെങ്കിൽ ഇന്ദ്രനെ വിളിച്ച് വീട്ടിൽ കൊണ്ട് പോകാമെന്ന അറിയിപ്പ് വന്നു. ഞങ്ങൾ മദ്രാസിലെത്തി നോക്കിയപ്പോൾ മൂന്ന് ദിവസമേ ബാക്കിയുള്ളൂ. പെട്ടെന്ന് വിളിച്ച് ചോദിച്ചപ്പോൾ ആറ് ദിവസമായി മൂന്ന് കുട്ടികളേ ആ ഹോസ്റ്റലിൽ ഉള്ളൂ. എനിക്കും സുകുവേട്ടനും ഭയങ്കര സങ്കടമായിപ്പോയി. കുഴപ്പമൊന്നുമില്ല, നോക്കാൻ ആളുകളുണ്ട്. പക്ഷെ അവന്റെ കൂട്ടുകാരൊക്കെ വീട്ടിൽ പോയപ്പോഴും അവനെ വിളിക്കാൻ പറ്റിയില്ലെന്ന സങ്കടം അന്നുണ്ടായിരുന്നു.

ഇനി ഹോസ്റ്റലിൽ നിർത്തുന്നില്ലെന്ന് അന്ന് തീരുമാനിച്ചു. മറ്റൊരു സ്കൂളിൽ ചേർത്തെന്നും മല്ലിക സുകുമാരൻ ഓർത്തു. കൗമുദി മൂവീസിനോടാണ് പ്രതികരണം. മക്കളെക്കുറിച്ച് എപ്പോഴും മല്ലിക സുകുമാരൻ സംസാരിക്കാറുണ്ട്. സിനിമാ തിരക്കുകൾ കാരണം ഇവരെ കാണാൻ പറ്റാത്തതിന്റെ വിഷമവും മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. നടി പൂർണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം ചെയ്തത്. പൃഥിരാജ് മുൻ മാധ്യമപ്രവർത്തക സുപ്രിയ മേനോനെയും.
അമ്മയെ കാണാൻ ഇടയ്ക്കിടെ മക്കൾ എത്താറുണ്ട്. മക്കളോടൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളുടെ സ്വകാര്യ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇതിന് കാരണമായി നടി പറയാറുള്ളത്. സിനിമാ രംഗത്ത് മല്ലികയും സജീവ സാന്നിധ്യമാണ്. കോമഡി ചുവയുള്ള അമ്മ വേഷങ്ങളാണ് മല്ലിക കൂടുതലും ചെയ്തത്.
കുറേക്കാലം സിനിമകളിൽ നിന്ന് മാറി നിന്ന മല്ലിക ഈയടുത്ത വർഷങ്ങളിലാണ് സിനിമകളിൽ വീണ്ടും അഭിനയിച്ച് തുടങ്ങിയത്. മല്ലിക സുകുമാരന്റെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം തമാശയോടെയാണ് മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുള്ളത്


Click it and Unblock the Notifications