'എന്റെ കയ്യിൽ സ്വർണ്ണമുണ്ടായിരുന്നു... സാമ്പത്തികമായിരുന്നു പ്രശ്നം, അദ്ദേഹത്തിന്റെ വീട്ടുകാരും ഇടപെട്ടു'
മലയാളത്തിലെ പേരുകേട്ട സിനിമാ കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. അച്ഛൻ സുകുമാരൻ സഞ്ചരിച്ച വഴിയെ നീങ്ങി മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിലേക്ക് എത്തി. മക്കളുടെ വരവിനുശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, സുകുമാരന്റെ മരണശേഷമാണ് വീണ്ടും സിനിമകളും സീരിയലുകളും ചെയ്ത് തുടങ്ങിയത്. ഈ എഴുപത്തിയൊന്നാം വയസിലും അഭിനയം, ടിവിഷോകൾ എന്നിവയെല്ലാമായി മല്ലിക സജീവമാണ്.
സുകുമാരൻ ജീവിതത്തിലേക്ക് വരും മുമ്പ് പതിനൊന്ന് വർഷത്തോളം നടൻ ജഗതി ശ്രീകുമാറിന്റെ പങ്കാളിയായിരുന്നു മല്ലിക. കോളേജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തി. കുടുംബങ്ങളുടെ സമ്മതം പക്ഷെ ആ വിവാഹത്തിന് ലഭിച്ചിരുന്നില്ല. പതിനൊന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിഞ്ഞത്.

ഈ ബന്ധം വേർപെടുത്തിയ ശേഷമാണ് മല്ലിക നടൻ സുകുമാരനെ വിവാഹം ചെയ്യുന്നത്. വേർപിരിഞ്ഞശേഷം വർഷങ്ങൾക്കിപ്പുറം ഇരുവരും ഒരുമിച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായിട്ടും ആ ബന്ധം തകർന്നതിനെ കുറിച്ച് ഒരിക്കൽ മല്ലിക മനസ് തുറന്നിരുന്നു. സാമ്പത്തികമായിരുന്നു ബന്ധം തകരാൻ കാരണമായതെന്നാണ് മല്ലിക ആദ്യ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
ഭിന്നതയാണോയെന്ന് ചോദിച്ചാൽ അത്രത്തോളം ഡീറ്റെയ്ൽസിലേക്ക് പോകാൻ എനിക്ക് താൽപര്യമില്ല. പിന്നെ ഞങ്ങൾക്കിടയിലെ പ്രശ്നം ഈഗോയായിരുന്നില്ല സാമ്പത്തികമായിരുന്നു പ്രധാന പ്രശ്നം. എന്റെ കയ്യിലുണ്ടായിരുന്ന സ്വർണ്ണങ്ങൾ ആയിരുന്നു ഞങ്ങൾ ചെലവിനായി ഉപയോഗിച്ചിരുന്നത്. അതിൽ അദ്ദേഹത്തിന് കുറ്റബോധവും ഉണ്ടായിരുന്നു.
പിന്നീട് അദ്ദേഹത്തിന് സിനിമകൾ ആയി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഞങ്ങളുടെ ജീവിതത്തിൽ ഇടപെടലുകൾ ഉണ്ടാകാൻ തുടങ്ങി. എന്താണ് ഓണത്തിന് വരാത്തത്... പെങ്ങളുണ്ട്... അനിയനുണ്ട് എന്നൊക്കെ സംസാരമായി. പക്ഷെ എന്നോട് സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ വീട്ടുകാരും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ വീട്ടുകാരും ഉണ്ടായിരുന്നില്ല.
സിനിമയിൽ സജീവമായിരുന്നിട്ടും ഞാൻ വീടുമായി കോൺടാക്ട് ചെയ്തിരുന്നില്ല. പക്ഷെ എന്റെ അമ്മ അച്ഛൻ പോലും അറിയാതെ എന്റെ അമ്മാവന്റെ മകളുടെ കൂടെ പോയി കാണുമായിരുന്നു. എന്നെ പറ്റി അന്വേഷിക്കുമായിരുന്നു. അതുപോലെ അച്ഛനും അമ്മയറിയാതെ എന്റെ കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. പക്ഷെ പരസ്പരം ഇതൊന്നും പറഞ്ഞിരുന്നില്ലെന്ന് മാത്രം.

അവരെ കാണാൻ ഒറ്റയ്ക്ക് കേറി ചെല്ലാൻ മനസിന് ഒരു ഭയമായിരുന്നു എന്നാണ് മല്ലിക പറഞ്ഞ്. പ്രായത്തിന്റെ ചാപല്യത്തിലുണ്ടായ എടുത്തുചാട്ടം എന്നാണ് ജഗതി ശ്രീകുമാർ ആദ്യ വിവാഹത്തെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ പറഞ്ഞത്. ആദ്യ പ്രണയം കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു. 17 വയസ് ആയിരുന്നു അന്നത്തെ പ്രായം. 19 ആം വയസിൽ ഞാൻ ആ പ്രണയം സാഫല്യമാക്കി.
ഒരു തമാശ പ്രണയം ഒന്നും ആയിരുന്നില്ല. ആ വിവാഹം ഞാൻ വേർപെടുത്തുന്നത് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ്. ഞാൻ വീണ്ടും വിവാഹിതൻ ആവുന്നത് അറേഞ്ച്ഡ് മാരേജിലൂടെ ആയിരുന്നു. ഞാൻ എന്റെ കാമുകിയെ ചതിച്ചിട്ടില്ല. അതായിരുന്നു ഞാൻ ചെയ്ത തെറ്റ്. എനിക്ക് ഒറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളു. അതായിരുന്നു എന്റെ പ്രണയം എന്നായിരുന്നു ജഗതി പറഞ്ഞത്.
മല്ലികയുടെ മക്കൾക്കൊപ്പവും പിന്നീട് വർഷങ്ങൾക്കുശേഷം ജഗതി അഭിനയിച്ചു. ജഗതിയുമായി ബന്ധം വേർപ്പെടുത്തി സിനിമയും ഒറ്റപ്പെട്ട ജീവിതവുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് സുകുമാരൻ മല്ലികയുടെ ജീവിതത്തിലേക്ക് എത്തിയത്. അതും വലിയ ആഢംബരമില്ലാതെ നടന്ന പ്രണയ വിവാഹമായിരുന്നു. പക്ഷെ രണ്ടുപേരുടേയും കുടുംബങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. മല്ലിക നാൽപ്പതുകളിൽ എത്തിയപ്പോഴാണ് സുകുമാരൻ ഹൃദയാഘാതം മൂലം മരിച്ചത്. അന്ന് മലയാളത്തിലെ മുൻനിര താരമായിരുന്നു സുകുമാരൻ.


Click it and Unblock the Notifications











