ബന്ധുക്കളിൽ പലരെയും രാജുവിന് അറിയില്ല, അറിയാത്ത കസിൻസ് രാജുവിനെ വിളിച്ചാൽ: മല്ലിക സുകുമാരൻ
മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിജിന്റെയും കരിയറിലെ വളർച്ചയിൽ ഏറെ അഭിമാനിക്കുന്ന അമ്മയാണ് നടി മല്ലിക സുകുമാരൻ. മക്കളെക്കുറിച്ച് അഭിമുഖങ്ങളിൽ എപ്പോഴും നടി സംസാരിക്കാറുമുണ്ട്. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കുട്ടിക്കാലവും വളർന്ന് വന്ന രീതികളുമെല്ലാം മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ അറിഞ്ഞത്. രണ്ട് മക്കളും രണ്ട് പ്രകൃതക്കാരാണെന്നാണ് നടി പറയാറുള്ളത്. ഇന്ദ്രജിത്ത് എല്ലാവരോടും പെട്ടെന്ന് അടുക്കുന്നയാളും ഒരുപാട് സംസാരിക്കുന്നയാളുമാണ്.
എന്നാൽ പൃഥിരാജ് അടുക്കാൻ സമയമെടുക്കും. മക്കളുടെ സ്വഭാവത്തിന് ചേർന്നവരാണ് മരുമക്കളെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ പൃഥ്വിയെയും ഇന്ദ്രജിത്തിനെയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബന്ധുക്കളിൽ പലരെയും പൃഥ്വിരാജിന് നേരിട്ട് അറിയില്ലെന്ന് സുകുമാരൻ പറയുന്നു. കേരള വിഷൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

വീട്ടിലാരെങ്കിലും വന്നാൽ സുകുവേട്ടൻ രണ്ടോ മൂന്നോ വാക്ക് പറയും. സംസാരിക്കുക ഞാനായിരുന്നു. അത് പോലെയാണ് ഇന്ദ്രൻ. എല്ലാ കാര്യങ്ങളും ശാന്തതയോടെ ചോദിച്ച് മനസിലാക്കും. രാജുവിന് ധൃതിയും വെപ്രാളവുമാണ്. ആരെയെങ്കിലും അറിയാമോ. ഹരിപ്പാടാണ് ഞങ്ങളുടെ സ്വദേശം. ഹരിപ്പാടുള്ള അമ്മാവന്റെ മൂത്ത മകളൊന്നും വന്നാൽ അറിയില്ല. എല്ലാം കൂടി ഓർമയിൽ നിൽക്കുന്നില്ല, പെട്ടെന്ന് പറയെന്ന് പറയും. കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ഇപ്പോഴത്തെ തലമുറയുടെ ഏറ്റവും വലിയ കുഴപ്പമതാണ്.
ഏറ്റവും അടുത്ത ബന്ധുക്കളെ അറിയാമെന്നല്ലാതെ അതിന്റെയടുത്ത തലമുറക്കാരെ അറിയില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുഞ്ഞമ്മേ, അപ്പച്ചി എങ്ങനെയുണ്ടെന്ന് ചോദിക്കും. ഇവരും ചോദിക്കും. ഫോട്ടോയിൽ കണ്ട് ഇതാണ് ആളെന്ന് അറിയാം. അതേപോലെയാണ് സംസാരവും. സുകുവേട്ടന്റെ രീതിയാണ് രാജുവിന്. പക്ഷെ രാജുവിനോട് കാണാത്ത കസിൻസ് പോലും വിളിച്ച് ഒരു കാര്യം പറഞ്ഞാൽ അവൻ ചെയ്തിരിക്കുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

നേരത്തെ സുപ്രിയ മേനോനെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. തന്റെ ബന്ധുക്കളിൽ പലരെയും സുപ്രിയക്ക് അറിയില്ലെന്നാണ് മല്ലിക പറഞ്ഞത്. അതേസമയം മൂത്ത മരുമകൾ പൂർണിമയ്ക്ക് പല ബന്ധുക്കളെയും അറിയാമെന്നും കോൺടാക്ടുണ്ടെന്നും അന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. മക്കളോടൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. ഇതേക്കുറിച്ചും നേരത്തെ നടി സംസാരിച്ചിട്ടുണ്ട്.
മക്കളുടെ വീട്ടിൽ താമസിക്കാൻ താൽപര്യമില്ല. മാറി നിൽക്കുന്നതാണ് ബന്ധങ്ങൾ നിലനിൽക്കുന്നതിന് ഏറ്റവും നല്ലത്. മരുമക്കളും മക്കളും യാത്ര പോകുമ്പോൾ ഒപ്പം പോകാൻ താൽപര്യമില്ലേയെന്ന് ചോദിക്കുന്നവരുണ്ട്. തനിക്ക് താൽപര്യമില്ല. മരുമക്കൾ സ്വന്തം അമ്മമാരെ ഒപ്പം കൊണ്ട് പോകാറുണ്ട്. പെൺമക്കൾക്ക് സ്വന്തം അമ്മമാരോടായിരിക്കും കൂടുതൽ അടുപ്പം.
സമൂഹത്തിലെ രീതി അങ്ങനെയാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. മരുമക്കളെക്കുറിച്ച് മല്ലിക സുകുമാരൻ നടത്തുന്ന പരാമർശങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. അടുത്തിടെ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ വസ്ത്രധാരണത്തെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു. കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. വസ്ത്രധാരണം പ്രാർത്ഥനയുടെ ഇഷ്ടമാണെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി.


Click it and Unblock the Notifications