'ഓണത്തിന് മക്കളെ കണ്ടില്ലെങ്കിൽ സങ്കടം തോന്നാറില്ല, പല സംഭവങ്ങളും കാണുമ്പോൾ സ്ത്രീകളോട് പുച്ഛം തോന്നാറുണ്ട്'
എഴുപതുകളിൽ എത്തിയെങ്കിലും അഭിനയത്തിൽ സജീവമാണ് മല്ലിക സുകുമാരൻ. സിനിമ സെറ്റുകളും സീരിയൽ സെറ്റുകളും അഭിമുഖങ്ങളുമായി തിരക്ക് നിറഞ്ഞ ജീവിതം. മക്കൾ അതിസമ്പന്നരും സൂപ്പർസ്റ്റാറുകളുമായിയെങ്കിലും വിശ്രമ ജീവിതം നയിക്കുന്നതിനോട് മല്ലികയ്ക്ക് താൽപര്യമില്ല. ഈ പ്രായത്തിലും ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് തന്നെയാണ് താമസവും യാത്രകളുമെല്ലാം. സുകുമാരൻ വിടപറഞ്ഞിട്ട് 29 വർഷങ്ങൾ പിന്നിട്ടുവെങ്കിലും അദ്ദേഹത്തോടുള്ള മല്ലികയുടെ പ്രണയത്തിന് ഇന്നും ഇരുപതുകളുടെ ചെറുപ്പമാണ്.
എല്ലായിടത്തും മക്കളെക്കാൾ കൂടുതൽ സുകുമാരനെ കുറിച്ചാണ് മല്ലിക വാചാലയാകാറുള്ളത്. ഓണത്തിന് മക്കളെ കണ്ടില്ലെങ്കിൽ തനിക്ക് സങ്കടം തോന്നാറില്ലെന്നും തന്റെ ഭർത്താവ് നൽകിയ ഓർമകൾക്കൊപ്പം ജീവിക്കുന്നതിലാണ് കൂടുതൽ സന്തോഷമെന്നും മല്ലിക പോട്രേയ്റ്റ് ബൈ ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പെൺകുട്ടി പിറന്നാൽ ഇടാനുള്ള പേരൊക്കെ ഞാൻ പ്ലാൻ ചെയ്ത് വെച്ചിരുന്നു.

അപ്പോഴാണ് സുകുവേട്ടൻ പറഞ്ഞത് അദ്ദേഹം പേര് കണ്ട് വെച്ചിട്ടുണ്ടെന്ന്. പെൺകുട്ടിയാണെങ്കിൽ ഗംഗയെന്ന പേരിടാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്. ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ പേരുകൾ മക്കൾക്ക് ഇടുന്നുവെന്ന് പറഞ്ഞപ്പോൾ ഇതൊക്കെ എഴുതാൻ ബുദ്ധിമുട്ടല്ലേയെന്ന് ഞാൻ ചോദിച്ചിരുന്നു. ആർക്കും അധികം ഇല്ലാത്ത പേര് മക്കൾക്ക് ഇടണമെന്ന് സുകുവേട്ടനുണ്ടായിരുന്നു.
സുകുവേട്ടനെ പറ്റി പറയുമ്പോൾ അഭിമാനവും സന്തോഷവും അതിനേക്കാൾ ഉപരി അദ്ദേഹത്തോട് എനിക്ക് ഒരു ആരാധനയുണ്ടെന്നതും വളരെ ശരിയായ കാര്യമാണ്. കാരണം ഇരുപത് വർഷക്കാലത്തോളം എന്നെ ഉള്ളം കയ്യിൽവെച്ച് രാജകുമാരിയെപ്പോലെയാണ് അദ്ദേഹം കൊണ്ടുനടന്നിരുന്നത്. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്തായിപ്പോകുമായിരുന്നുവെന്ന് എനിക്ക് തന്നെ അറിയില്ല.
ഇപ്പോൾ വരുന്ന ഓരോ കഥകളും കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് അവിടെ നിന്നെല്ലാം എന്നെ രക്ഷപ്പെടുത്തിയത് സുകുവേട്ടനല്ലേയെന്ന്. അദ്ദേഹം ഒരു വീട് വാങ്ങിച്ചാലോ, പുരയിടം വാങ്ങിച്ചാലോ എല്ലാത്തിലും എന്നെ കൂടി ഭാഗമാക്കും. അദ്ദേഹം ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം പറയുമ്പോഴാണ് പലതും ഞാൻ അറിയുന്നത്. ആരും ചിന്തിക്കാത്ത വഴികളിലൂടെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്തിരുന്ന ആളാണ്.
അതുകൊണ്ട് തന്നെ പിള്ളേരെ ഒരു ഓണത്തിന് കണ്ടില്ലെങ്കിലോ ഏതെങ്കിലും വിശേഷ ദിവസം കണ്ടില്ലെങ്കിലോ എനിക്ക് ഒരു സങ്കടവുമില്ല. സുകുവേട്ടൻ ഉണ്ടായിരുന്ന സമയത്ത് എങ്ങനെയായിരുന്നുവെന്നത് ഓർമിച്ച് കഴിയാനാണ് എനിക്കിഷ്ടം. അദ്ദേഹം എവിടെ ഷൂട്ടിങിന് പോയാലും ഓണമാണെങ്കിൽ വെളുപ്പാൻ കാലത്തെങ്കിലും വീട്ടിൽ ഓടിയെത്തും.

പിള്ളേരുണ്ടായശേഷം ഉറപ്പായും തിരുവോണത്തിന് കുടുംബത്തോടൊപ്പം ഉണ്ടാകാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്റെ പിറന്നാളിനും മറക്കാതെ ഓർമിച്ച് വീട്ടിൽ വരും. പക്ഷെ അദ്ദേഹത്തിന്റെ പിറന്നാളിന് അമ്പലത്തിൽ പോക്കോ ഒന്നും തന്നെയില്ല. പിന്നെ എന്റെ നിർബന്ധത്തിനും സന്തോഷത്തിനുമായി എല്ലാ ക്ഷേത്രങ്ങളിലും ഒപ്പം വരും. പക്ഷെ ഷർട്ടൊക്കെ ഊരി നിന്ന് തൊഴുന്ന പരിപാടിയില്ല. പുറത്ത് നിന്ന് പ്രാർത്ഥിക്കുമെന്നും മല്ലിക പറയുന്നു.
ഇപ്പോഴും അദ്ദേഹത്തോടുള്ള പ്രണയം മനസിലുണ്ട്. നിർവചിക്കാൻ ആകാത്ത വികാരമാണ് പ്രണയം. രണ്ടുപേർ തമ്മിലുള്ള ഇൻഫാക്ചുവേഷനെ ദിവ്യപ്രേമമായി അവതരിപ്പിക്കുന്ന കാലമാണ് ഇപ്പോഴത്തേത്. അതൊന്നുമല്ല പ്രണയം. നട്ടിൽ ഇപ്പോൾ നടക്കുന്ന പല സംഭവങ്ങളും കാണുമ്പോൾ സ്ത്രീകളോട് പുച്ഛം തോന്നാറുണ്ട്. ഇത് പറഞ്ഞതിന്റെ പേരിൽ സ്ത്രീ വിരോധിയാണെന്ന് കരുതരുത്.
ഒരു പവിത്രത വേണം. പവിത്രതയോടെ മനസും മറ്റും സൂക്ഷിക്കാനുള്ള കഴിവ് പെൺകുട്ടികൾക്കാണ് ഭഗവാൻ തന്നിരിക്കുന്നത്. സുകുവേട്ടൻ എനിക്ക് തന്ന സ്നേഹവും കാര്യങ്ങളും ആലോചിക്കുമ്പോൾ ജീവിതത്തിൽ ഒരു സ്ത്രീക്കും ഇതുപോലൊരു ഭാഗ്യം കിട്ടില്ലെന്ന വിശ്വാസമാണ് എനിക്ക്. സുഖിപ്പിക്കൽ പരിപാടി ഇല്ലാതെ തന്നെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ കണ്ട് അറിഞ്ഞ് ചെയ്തിരുന്നു അദ്ദേഹം എന്നും മല്ലിക കൂട്ടിച്ചേർത്തു.


Click it and Unblock the Notifications