എനിക്ക് കൊള്ളി വെക്കേണ്ട മകനാണ്, എന്ത് പക്ഷപാതിത്വം കാണിച്ചെന്നാണ് പറയുന്നത്? മല്ലിക സുകുമാരൻ
മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കാര്യത്തിൽ വലിയ അഭിമാനമാണ് മല്ലിക സുകുമാരന്. രണ്ട് പേരെയും ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിൽ അമ്മയ്ക്ക് വലിയ പങ്കുണ്ട്. പഠിക്കുന്ന കാലത്താണ് ഇവരുടെ പിതാവ് സുകുമാരൻ മരിക്കുന്നത്. പിന്നീടിങ്ങോട്ട് പൃഥ്വിയെയും ഇന്ദ്രജിത്തിനെയും വളർത്തിയതും പഠിപ്പിച്ചതുമെല്ലാം മല്ലിക സുകുമാരൻ ഒറ്റയ്ക്കാണ്. പൃഥ്വിരാജ് കരിയറിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് മല്ലിക സുകുമാരൻ ഒന്നിലേറെ തവണ സംസാരിച്ചിട്ടുണ്ട്. സംഘടനകൾ പൃഥ്വിക്കെതിരെ തിരിഞ്ഞ കാലഘട്ടം നടി മറന്നിട്ടില്ല.
അതേസമയം പൃഥ്വിയെക്കുറിച്ച് സംസാരിക്കുന്നത് പോലെ ഇന്ദ്രജിത്തിനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാറില്ലെന്ന് ഇന്ദ്രജിത്തിന്റെ ആരാധകരിൽ ചിലർക്ക് പരാതിയുണ്ട്. ഇതേക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് മല്ലികയിപ്പോൾ. കൗമുദി മൂവീസിലാണ് നടി വിമർശനത്തോട് പ്രതികരിച്ചത്.

മക്കളുടെ കാര്യത്തിൽ ചേച്ചി കുറച്ച് പക്ഷപാതം കാണിക്കുന്നു എന്ന് അടുത്ത കാലത്ത് ഒരു കമന്റ് കണ്ടു. എനിക്ക് വാസ്തവത്തിൽ ചിരി വന്നു. എന്ത് കണ്ടിട്ടാണ് ഞാൻ ഇന്ദ്രജിത്തിനോട് പക്ഷപാതപരമായി പെരുമാറുന്നെന്ന് പറയുന്നത്. ഇന്ദ്രൻ ആരാണെന്ന് നിങ്ങൾക്കറിയില്ലേ. ഞാൻ ചത്ത് കഴിഞ്ഞാൽ കൊള്ളി വെക്കേണ്ട മോൻ ആണവൻ. അവനെ എനിക്ക് മാറ്റി നിർത്താൻ പറ്റുമോ. അവനാണ് എന്റെ ആദ്യത്തെ സന്തതി. പക്ഷപാതപരമായി പെരുമാറി എന്നൊന്നും ഒരു അമ്മയോട് പറയരുതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
ഇന്ദ്രജിത്തിന് വലിയൊരു ഓഡിയൻസുണ്ട്. പക്ഷെ പിആർ വർക്കൊന്നും ചെയ്യാറില്ല. ഞാൻ ചോദിക്കാറുണ്ട്. വരാനുള്ളത് വരും അമ്മേയെന്ന് പറയും. അവന് വലിയ ആശങ്കയില്ല. ഇന്ന് തമിഴിലും തെലുങ്കിലുമുൾപ്പെടെ ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ടെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.
മീശ മാധവനിലെ വില്ലൻ കഥാപാത്രം അവന് എന്തൊരു പേരുണ്ടാക്കി കൊടുത്തു. നമ്മുടെ പെർഫോമൻസ് പ്രേക്ഷകർ ഓർക്കുന്നത് വലിയ കാര്യമാണെന്ന് മല്ലിക സുകുമാരൻ പറയുന്നു.

ഇന്ദ്രൻ എന്നെ പോലെയാണ്. ആരെയെങ്കിലും കണ്ടാൽ ഞങ്ങൾ രണ്ട് പേരും കുറച്ച് കൂടുതൽ സംസാരിക്കും. രാജുവിന് സുകുമാരൻ സാറുടെ രീതിയാണ്. അടുത്ത് വരാൻ അഞ്ച് പത്ത് മിനുട്ടെടുക്കും. പക്ഷെ അടുപ്പമായിക്കഴിഞ്ഞാൽ ഒരുപാട് സംസാരിക്കും. സപ്രിയ കേരളത്തിൽ താമസമാകുന്നത് പൃഥിരാജിനെ കല്യാണം കഴിച്ച ശേഷമാണ്. പാലക്കാടാണ് സ്വദേശം എന്നൊക്കെ പറഞ്ഞെങ്കിലും അവരാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ബോംബെയിലും ഡൽഹിയിലുമായിരുന്നെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി.
ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ വസ്ത്രധാരണത്തെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിക്കുന്നുണ്ട്. കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിക്ക് പത്ത് പതിനാറ് വയസായി. വസ്ത്ര ധാരണം അവരുടെ ഇഷ്ടമാണെന്ന് മല്ലിക വ്യക്തമാക്കി. ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ധരിച്ചെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. അതേസമയം ശ്രദ്ധിക്കണമെന്ന് താൻ പറയാറുണ്ടെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. കുടുംബ കാര്യങ്ങളെക്കുറിച്ച് മിക്കപ്പോഴും മല്ലിക സുകുമാരൻ രസകരമായി സംസാരിക്കാറുണ്ട്.


Click it and Unblock the Notifications











