ഒറ്റ മണിക്കൂർ മതിയല്ലോ ജീവിതം മാറി മറിയാൻ, ആരോടും വെറുപ്പോ ദേഷ്യമോ ഇല്ലാത്തവർ: മല്ലിക സുകുമാരൻ
ഈയടുത്ത് മരിച്ച നടൻ കലാഭവൻ നവാസിന്റെ ഓർമകൾ പങ്കുവച്ച് നടി മല്ലിക സുകുമാരൻ. മരണ വാർത്ത തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് മല്ലിക സുകുമാരൻ പറയുന്നു. പ്രകമ്പനം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് പോയ താൻ പിന്നീട് അറിയുന്നത് കലാഭവൻ നവാസിന്റെ മരണ വാർത്തയാണെന്ന് മല്ലിക സുകുമാരൻ പറയുന്നു.
നിങ്ങളുടെയൊക്കെ പരിപാടി കണ്ട് വീട്ടിൽ ഇരുന്ന് ചിരിക്കുന്നതല്ലാതെ എത്ര കാലം കൂടിയാണ് ഒന്നിച്ച് അഭിനയിക്കുന്നതെന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ ഷൂട്ട് കഴിഞ്ഞ് പോകാൻ നേരം നവാസ് വന്ന് ചേച്ചീ, കാണാം എന്ന് പറഞ്ഞു. 31ാം തിയതി ഞാനും പോകും എന്ന് പറഞ്ഞ് എന്നെ യാത്രയാക്കിയ ആളാണ്. തരണം ചെയ്യാനുള്ള ശക്തി രഹ്നയ്ക്ക് കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു. നല്ല കുട്ടികളാണ്. ആരോടും വെറുപ്പോ ദേഷ്യമോ ഇല്ല. എപ്പോഴും നവാസിന്റെ തമാശയും ചിരിയും കളിയും. ഒരൊറ്റ മണിക്കൂർ മതിയല്ലോ ജീവിതം മാറി മറിയാൻ. മരണ വാർത്ത കേട്ട് പറഞ്ഞത് വല്ലതും തെറ്റിപ്പോയതാണോ എന്ന് വരെ തോന്നിയെന്നും മല്ലിക സുകുമാരൻ പറയുന്നു.

ഉൾക്കൊള്ളാൻ കഴിയാത്ത, ഞെട്ടിച്ച, വാർത്ത....തെറ്റായ വാർത്ത ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു...കഴിഞ്ഞ ദിവസം,29 നു പ്രകമ്പനം ചിത്രത്തിൻ്റെ സെറ്റിൽ നിന്നും നവാസുമായി ഒന്നിച്ചുള്ള രംഗം ഷൂട്ട് കഴിഞ്ഞ് ഇറങ്ങുമ്പോൾ പതിവ് ശൈലിയിൽ തമാശ പറഞ്ഞു. ഞാൻ മടങ്ങുമ്പോഴും " എനിക്ക് രണ്ടു ദിവസം കൂടി ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കിയ മുഖമാണ് മനസ്സിൽ....ഒന്നും പറയാനോ എഴുതാനോ പറ്റുന്നില്ല...നിറകണ്ണുകളോടെ ആത്മശാന്തി നേരുന്നു, എന്നാണ് നവാസിന്റെ മരണ വാർത്തയറിഞ്ഞപ്പോൾ മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഹോട്ടൽ മുറിയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചായിരുന്നു കലാഭവൻ നവാസിന്റെ മരണം. കലാഭവൻ നവാസിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും വലിയ ഞെട്ടലായിരുന്നു മരണ വാർത്ത. അഭിനയ രംഗത്തും മിമിക്രി വേദികളിലും വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാഭവൻ നവാസിന് സിനിമാ രംഗത്തെ നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു.

കോമഡി റോളുകളിലാണ് കലാഭവൻ നവാസ് ശ്രദ്ധിക്കപ്പെട്ടത്. 51 വയസിലാണ് നടൻ ലോകത്തോട് വിട പറഞ്ഞത്. നടി രഹ്നയാണ് കലാഭവൻ നവാസിന്റെ ഭാര്യ. അന്തരിച്ച നടൻ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്, കലാഭവൻ നിയാസ്, നിസാമുദീൻ എന്നിവരാണ് സഹോദരങ്ങൾ. നവാസും നിയാസും അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗം തെരഞ്ഞെടുക്കുകയായിരുന്നു.


Click it and Unblock the Notifications