'ആദ്യം കൊച്ചുമക്കളെ മലയാളം പഠിപ്പിക്ക്, മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികൾക്കെങ്ങനെ മികച്ച നടി ലഭിക്കുന്നു?'
മലയാള സിനിമാ-സീരിയൽ മേഖലകളിൽ സജീവമായി അമ്മ വേഷം ചെയ്യുന്നയാളാണ് മല്ലിക സുകുമാരൻ. മക്കൾ രണ്ടും സിനിമയിൽ തിരക്കുള്ളവരെങ്കിൽ അമ്മ വീട്ടിൽ വെറുതെയിരിക്കാൻ ഇഷ്‌ടപ്പെടുന്നയാളല്ല. തങ്ങളെക്കാൾ തിരക്കുള്ളയാളാണ് അമ്മ എന്നാണ് അടുത്തിടെ മൂത്തമകൻ ഇന്ദ്രജിത്ത് പറഞ്ഞത്. വീട്ടിലേക്ക് ചെല്ലും മുമ്പ് അമ്മയെ വിളിച്ചിട്ട് വേണം ചെല്ലാൻ ഇല്ലെങ്കിൽ അമ്മ ഏതെങ്കിലും ഷൂട്ടിങ് സെറ്റിലായിരിക്കുമെന്നാണ് മക്കൾ പറയാറുള്ളത്.
അമ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരൻ. ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷം കുറച്ച് വർഷങ്ങൾ മല്ലിക അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് മക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മല്ലിക അഭിനയത്തിലേക്ക് തിരികെ എത്തിയത്. മകൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം അടക്കം മല്ലികയ്ക്കുണ്ടായി.

വളരെ വിരളമായി മാത്രമാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ അവരുടെ വിശേഷങ്ങൾ അറിയണമെങ്കിൽ ഒന്നുകിൽ താരങ്ങളുടെ സോഷ്യൽമീഡിയ പേജ് പരിശോധിക്കണം. അല്ലെങ്കിൽ അമ്മ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾ പ്രത്യക്ഷപ്പെടണം. അഭിമുഖങ്ങളിൽ വളരെ നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണ് മല്ലിക. എങ്ങനെ ആളുകളെ കയ്യിലെടുക്കാം അഭിമുഖത്തിന് മുമ്പിൽ പിടിച്ചിരുത്താമെന്നത് മല്ലികയ്ക്ക് കൃത്യമായി അറിയാം.
ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ പോലെ തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്കും ആരാധകർ ഏറെയാണ്. അതേസമയം ഇപ്പോഴിതാ മല്ലിക സുകുമാരന്റെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് വൈറലാകുന്നത്. മലയാളത്തിലെ പുതിയ തലമുറയിലെ നടിമാരെ കുറിച്ചുള്ളതാണ് മല്ലികയുടെ വീഡിയോ.
മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികൾക്കെങ്ങനെയാ മികച്ച നടിക്കുള്ള അവാർഡ് ലഭിക്കുന്നതെന്നാണ് മല്ലിക സുകുമാരൻ മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ പങ്കെടുത്ത് സംസാരിക്കവെ ചോദിച്ചത്. 'ലൂസിഫർ സിനിമ ചെയ്യുന്ന സമയത്ത് പൃഥ്വി എന്റെ വീട്ടിലായിരുന്നു താമസം. കാരണം അവന്റെ വീട്ടിൽ എപ്പോഴും ഗസ്റ്റ് വരുന്നതിനാൽ എഴുത്തിലും മറ്റും ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു.'
'രാത്രി ഒരു മണി രണ്ട് മണിവരെയൊക്കെ പൃഥ്വിയും മുരളി ഗോപിയും ഇരുന്ന് ലൂസിഫറിന്റെ എഴുത്തും മറ്റും നടത്തും. എന്നോട് കട്ടൻ കാപ്പി ഇട്ട് വെക്കാൻ പറയും. ഞാൻ കൊണ്ടുവയ്ക്കും. ഷൂട്ട് തുടങ്ങും മുമ്പ് ഷോട്ട് ബൈ ഷോട്ട് സ്റ്റോറി ബോർഡ് അടക്കം അവർ റെഡിയാക്കി നന്നായി ഹോം വർക്ക് ചെയ്തിരുന്നു. പുതയി സംവിധായകനാകുമ്പോൾ ഇത്തരത്തിൽ കഷ്ടപ്പെട്ട് ഹോം വർക്ക് ചെയ്ത് തന്നെ മുന്നോട്ട് പോകണം. പഴയതൊക്കെ പോയി പുതിയ തലമുറയുടെ വെ ഓഫ് തിങ്കിങ് വേറെ വഴിക്കാണ്.'

'പക്ഷെ പുതിയ തലമുറയുടെ എല്ലാ കാര്യത്തോടും എനിക്ക് യോജിക്കാൻ പറ്റില്ല. ഇപ്പോൾ എല്ലാ താരങ്ങളും കൂട്ടുകുടുംബം മാറി അണുകുടുംബം ആയതുപോലെ ഒരു കാരവാനിൽ കേറി ഇരിപ്പായി. ഞങ്ങളൊക്കെ മരച്ചുവട്ടിൽ ഇരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ചവരാണ്. ഔട്ട്ഡോർ ഷൂട്ടിന് പോകുമ്പോൾ പണ്ടൊക്കെ ഞങ്ങൾ സ്ത്രീകളായ അഭിനേതാക്കൾ പരസ്പരം പറഞ്ഞ് ഭക്ഷണമൊക്കെ തയ്യാറാക്കിയാണ് പോയിരുന്നത്. അതിലൊക്കെ മാറ്റം വന്നു.'
'ബന്ധങ്ങളുടെ ദൃഢതയിൽ കുറവ് വന്നു. അതിൽ എനിക്കൊരു സങ്കടമുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറയിലെ പെൺകുട്ടികളായ നടിമാർക്കിടയിൽ. പുതിയ തലമുറയിലെ നടിമാർക്കിടയിൽ വളരെ ചുരുക്കം പേരാണ് സെറ്റിൽ വന്നാൽ സീനും ഡയലോഗും ചോദിച്ച് മനസിലാക്കി പഠിക്കുന്നത്. ബാക്കി എല്ലാവരും പിക്കിനിക്കിന് വരുന്നപോലെ വരും. ഡയലോഗ് പഠിക്കില്ല. അപ്പോൾ തെറ്റും. അഞ്ച് പ്രാവശ്യമെങ്കിലും തെറ്റിക്കും.'
'അങ്ങനെയുള്ള ചില കളിതമാശകളുണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക്. സിനിമയെന്ന് പറഞ്ഞാൽ എളുപ്പമാണെന്ന ചിന്തയാണ്. കുറച്ച് കാശുണ്ടാക്കാം. പിന്നെ ഒരു നല്ല കല്യാണമൊക്കെ വരും അതിനുള്ള സ്വർണമുണ്ടാക്കാം എന്നുള്ള ചിന്തയിൽ വരുന്നവരുമുണ്ട്. പെൺകുട്ടികളാണ് കുറച്ചുകൂടി ശ്രദ്ധിക്കേണ്ടത്. ആൺപിള്ളേർക്ക് അത്ര കുഴപ്പമില്ലെന്ന് തോന്നുന്നു.'
'അതുപോലെ മലയാളത്തിന്റെ എബിസിഡി അറിയാത്ത നടികൾക്കെങ്ങനെയാ മികച്ച നടിക്കുള്ള അവാർഡ് ലഭിക്കുന്നത്. അവരുടെ എക്സ്പ്രഷൻ അനുസരിച്ച് ശുദ്ധമായ മലയാളം സംസാരിക്കാൻ ഇവിടെ വേറെ പെണ്ണുങ്ങൾ ഉള്ളതുകൊണ്ടാണ് അവർക്ക് അവാർഡ് കിട്ടുന്നത്. ഇവിടെ അവാർഡ് കിട്ടുന്നത് മലയാളം ഇംഗ്ലീഷിലും തെലുങ്കിലും എഴുതി പഠിക്കുന്നവർക്കാണ്. ഞാൻ ഇത് പറയാറുള്ളതെന്നാണ്.'
'മലയാളം പഠിച്ച് അത് ശുദ്ധമായി സംസാരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നാണ്', പുതുതലമുറയിലെ നടിമാരെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞത്. വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല മല്ലികയെ ആളുകൾ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ആദ്യം കൊച്ചുമക്കളെയും മക്കളെയും മലയാളം പഠിപ്പിക്കൂവെന്നാണ് ലഭിച്ച പ്രധാന വിമർശനം.


Click it and Unblock the Notifications