ഞാൻ മകനോടും ചോദിച്ചു, അത് തെറ്റിച്ചത് ആരാണ്? അവർ നാല് പേരും...; ആദ്യമായി തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
മലയാള സിനിമാ ലോകത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വിവാദത്തിലായ സിനിമയാണ് എമ്പുരാൻ. വലിയ ഹെെപ്പോടെ റിലീസ് ചെയ്ത സിനിമയുടെ ആശയം രാഷ്ട്രീയ വിവാദമായി. ചില സീനുകൾ നീക്കം ചെയ്തു. വലിയ കലക്ഷൻ നേടിയെങ്കിലും വിവാദങ്ങൾ കാരണം ഈ വിജയത്തിളക്കം മങ്ങി. വിഷയത്തിൽ ഇതുവരെയും പരസ്യ പ്രതികരണത്തിന് പൃഥ്വിരാജ് തയ്യാറായിട്ടില്ല. ശക്തമായ പ്രതികരണം നടത്തിയത് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനാണ്. ഇപ്പോഴിതാ എമ്പുരാൻ വിവാദ സമയത്ത് തനിക്കുണ്ടായ നിരാശ ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് മല്ലിക സുകുമാരൻ. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കവെയാണ് പരാമർശം.
ഇന്നും എനിക്കുള്ള വിഷമം എന്റെ മകനോടും ഞാൻ പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചത് മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, പൃഥ്വിരാജ് എന്നീ നാല് പേരും കൂടി ഒരു പ്രസ്താവന വരുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. അതായിരുന്നു ചെയ്യേണ്ടിരുന്നത്. നിങ്ങളാരും പറയുന്നതൊന്നും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല എന്ന പ്രസ്താവന. അത് തെറ്റിച്ചതിന് പിന്നിൽ രാജുവിനോടുള്ള വ്യക്തി വെെരാഗ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മോനാേട് പറഞ്ഞാൽ പോ അമ്മേ എന്ന് പറയും.

എന്താടാ അങ്ങനെയൊരു പ്രസ്താവന വരാതിരുന്നതെന്ന് ഞാൻ ചോദിച്ചു. എനിക്കറിയില്ല അമ്മേയെന്ന് അവൻ. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളൊന്നും രാജു കാണുന്നില്ല. ഞാനിട്ട പോസ്റ്റ് പോലും കാണാറില്ല. ഞാൻ വിളിച്ച് പറയും. ഇതൊക്കെ തെറ്റിദ്ധാരണയാണ്, ദയവ് ചെയ്ത് അങ്ങനെയൊന്നും ചെയ്യരുത് എന്ന പ്രസ്താവന വരേണ്ടതായിരുന്നു, അപ്പോഴേക്കും തിരുത്തണമെന്ന് പറയുന്നു. എന്തിനായിരുന്നു ഈ കോലാഹലങ്ങൾ. അത് അഞ്ജാതമായ ഏരിയ ആണ്. ആരും അറിയാതെ പൃഥ്വിരാജ് എഴുതി ചേർത്തു എന്ന് ഒരാൾ അനാവശ്യമായി പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചു. ഇനിയും പ്രതികരിക്കും.
അത് ഇനി ഏത് വലിയ കൊമ്പത്തെ ആളാണെന്ന് പറഞ്ഞാലും ഞാൻ പ്രതികരിക്കും. മക്കൾ പ്രതികരിക്കില്ലായിരിക്കും. പക്ഷെ ഞാൻ നൊന്തു പെറ്റ എന്റെ മോനല്ലേ. ഒരു അമ്മ എന്ന നിലയിൽ എനിക്കത് കൊണ്ടു. ഇവിടെ ഏതെങ്കിലും സിനിമാ സംഘടനകളോ വ്യക്തിയോ പ്രതികരിച്ചോ. ഈ അമ്മക്കാരിൽ ആരെങ്കിലും പ്രതികരിച്ചോ. ഇവരൊക്കെയല്ലേ നമ്മളോടൊക്കെ വോട്ട് ചോദിക്കുന്നത്. കുറ്റപ്പെടുത്തി പറയുകയല്ല. ഭയം കൊണ്ടാണ് പ്രതികരിക്കാത്തത്.

എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? എന്ന് മല്ലിക സുകുമാരൻ നേരത്തെ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചിരുന്നു.
എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്? പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല എന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു.


Click it and Unblock the Notifications











