പൃഥ്വിരാജ് സംവിധാനം ചെയ്യുമ്പോൾ വിളിച്ചാൽ...; ഇന്ദ്രജിത്ത് ഒരുപാട് മാറി; മല്ലിക സുകുമാരൻ പറയുന്നു
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിനടുക്കുകയാണ്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളാണ് പൃഥ്വിരാജും മോഹൻലാലും. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന എമ്പുരാനിൽ വലിയ താരനിര അണിനിരക്കുന്നുണ്ട്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ എമ്പുരാനും പൃഥ്വിരാജുമാണ് ചർച്ച. പൃഥ്വിരാജിന്റെ ഇന്നത്തെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മ മല്ലിക സുകുമാരനാണ്. മകൻ കരിയറിൽ തുടക്ക കാലത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് മല്ലിക സുകുമാരൻ തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സംവിധായകനായ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. കൗമുദി മൂവീസിലാണ് നടി മനസ് തുറന്നത്. പൃഥ്വി ഒരു പടം സംവിധാനം ചെയ്യാൻ തീരുമാനിച്ച് കഴിഞ്ഞാൽ അതിന് പിന്നിൽ ഒരുപാട് ഹാർഡ് വർക്ക് ചെയ്യും. സത്യം പറഞ്ഞാൽ ഫോണിൽ വിളിക്കാൻ പോലും എനിക്ക് പേടിയാണ്. കാരണം അവന്റെ സംസാരമൊക്കെ പെട്ടെന്നായിരിക്കും. എന്തോ കാര്യമായ ടെൻഷനിലാണെന്ന് അപ്പോൾ നമുക്കറിയാം. നാളെ ഞാൻ തിരുവനന്തപുരം വരെ പോകുകയാണ് എന്നൊക്കെ പറഞ്ഞ് ഞാൻ പെട്ടെന്ന് വെക്കും.

കാരണം ആ സംസാരവും ചോദ്യത്തിന്റെ ധൃതിയും കാണുമ്പോൾ നമുക്കറിയാമല്ലോ. അത് മനസിലാക്കി നിൽക്കുകയെന്നതാണ് എന്റെ പോളിസി. മോഹൻലാലും ആന്റണി പെരുമ്പാവൂരുമെല്ലാം എന്റെ കുഞ്ഞിനെ പറ്റി നല്ലത് പറഞ്ഞു. അതിൽ വളരെ സന്തോഷമുണ്ടെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. ഈ പടത്തിൽ ഒരു നടനുണ്ട് എന്റെ വീട്ടിൽ നിന്ന്. വേറാരുമല്ല എന്റെ മൂത്ത മോൻ ഇന്ദ്രജിത്ത്. സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും ചോദിക്കരുത് എല്ലാം സസ്പെൻസ് ആണെന്ന് പറഞ്ഞു. അതിന് ശേഷം രണ്ട് മക്കളോടും ഒന്നും ചോദിക്കാറില്ല.
ജനറലായി വല്ലതുമാെക്കെ പറയും. കഴിഞ്ഞ ദിവസം സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടെങ്കിൽ ഇത്തവണ ഖുറേഷി എബ്രഹാമിനെ കാണാം എന്നൊക്കെ പറയും. അതല്ലാതെ ഒന്നും പറയില്ല. അമ്മ പാവമാ അമ്മൂമ്മയുടെ സ്വഭാവമാ എവിടെയെങ്കിലും വെച്ച് വിളിച്ച് കൂവുമെന്ന് പറയും. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും സ്വഭാവത്തിലെ വ്യത്യാസത്തെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിച്ചു.

ഇന്ദ്രനും ഞാനും ഒരു പോലെയാണ്. അറിയാത്ത ആളുകളോട് പോലും ഒരുപാട് സംസാരിക്കും. പൃഥ്വിരാജ് അച്ഛനെ പോലെയാണ്. അധികം സംസാരിക്കില്ല. പക്ഷെ ഇന്ദ്രനും ഇപ്പോൾ ഒരുപാട് മാറി. പാവം അവനും ജോലി ചെയ്ത് ഒരുപാട് പേരെ കാണാനും മറ്റും തുടങ്ങിയപ്പോഴാണ് അറിയുന്നത് എത്രയോ അറിയാത്തവർ വരുമെന്ന്.
ഇപ്പോഴത്തെ കുട്ടികൾ ഒരുപാട് കഴിവുള്ളവരാണ്. ഇന്ദ്രന്റെ ഇളയ മകൾ നക്ഷത്ര എന്റെ പെറ്റാണ്. അവളൊക്കെ എത്ര നന്നായാണ് സംസാരിക്കുന്നതെന്നും മല്ലിക സുകുമാരൻ പറയുന്നു. എമ്പുരാൻ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന വിശ്വാസം എനിക്കുണ്ട്. അത്രയും കഷ്ടപ്പാട് എന്റെ മകന് സംവിധായകനെന്ന നിലയിലുണ്ട്. അത് പോലെ എല്ലാ സൗകര്യങ്ങളും പെെസയുടെ കണക്ക് നോക്കാതെ ചെയ്ത് ഏർപ്പാട് ചെയ്ത് കൊടുക്കുന്ന പ്രൊഡ്യൂസറും രാപകൽ ഉറക്കം പോലും ശരിയാകാതെ സഹകരിക്കുന്ന നായകനും. ഈ കോംബിനേഷനിൽ ഒരു പോരായ്മയും വരാൻ സാധ്യതയില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു. മാർച്ച് 27 നാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി എമ്പുരാൻ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications