രണ്ട് പെൺകുട്ടികളെ ചേച്ചിക്ക് ആലോചിച്ച് കൂടായിരുന്നോയെന്ന് ചോദിക്കാറുണ്ട്; കുടുംബത്തിന്റെ പ്രതികരണം: മല്ലിക
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താര കുടുംബം മല്ലിക സുകുമാരന്റേതാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം എപ്പോഴും ജനശ്രദ്ധ ലഭിക്കുന്നവർ. ഇളയ മകൻ പൃഥിരാജ് കരിയറിലെ ഏറ്റവും മികച്ച സമയത്താണിപ്പോഴുള്ളത്. ഇതും താര കുടുംബത്തെ ലൈം ലൈറ്റിൽ എപ്പോഴും സജീവമാക്കുന്നു. മക്കളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന അമ്മയാണ് മല്ലിക സുകുമാരൻ. ഇരുവരുടെയും ഇന്നത്തെ ഉയർച്ചയിൽ വലിയ അഭിമാനം നടിക്കുണ്ട്.
മക്കളുടെ കുടുംബ ജീവിതത്തെക്കുറിച്ചും മല്ലിക സുകുമാരൻ സംസാരിക്കാറുണ്ട്. രണ്ട് പേർക്കും അവരെ മനസിലാക്കുന്ന, സ്വഭാവത്തിനിണങ്ങുന്ന ഭാര്യമാരെയാണ് ലഭിച്ചതെന്ന് നടി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മക്കളുടെ വിവാഹം നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും വിവാഹത്തിന് മറ്റാരുടെയും സഹായം തനിക്ക് ചോദിക്കേണ്ടി വന്നിട്ടില്ലെന്ന് മല്ലിക സുകുമാരൻ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

ആദ്യം ഇന്ദ്രജിത്ത് വന്ന് ഇങ്ങനെയൊരു കുട്ടിയുടെ കാര്യം പറഞ്ഞു. അപ്പോഴാണ് പൂർണിമയെ ഞാൻ കാണുന്നത്. എൻഡിടിവിയിൽ വർക്ക് ചെയ്യുന്ന ഒരു കുട്ടിയുണ്ടെന്ന് പൃഥ്വിരാജും പിന്നീട് വന്ന് പറഞ്ഞു. കല്യാണം കഴിച്ച് കഴിഞ്ഞിട്ടാണ് ഇന്ദ്രന് നല്ല ജോലിയൊക്കെ കിട്ടുന്നത്. അതുവരെ അവന് വലിയ ജോലിയെന്ന് പറയാനൊന്നും ഇല്ലായിരുന്നു. രണ്ട് പെൺപിള്ളേരെ ചേച്ചിക്ക് ആലോചിച്ച് കൂടായിരുന്നോ എന്ന് എല്ലാവരും ചോദിക്കും. എന്തിനാണത്.
മക്കൾ ആരെയെങ്കിലും വിളിച്ച് കൊണ്ട് വരാൻ അത്ര മോശക്കാരൊന്നുമല്ല. അത്യാവശ്യം അവർക്ക് ചേരുന്ന, ബുദ്ധിപരമായും മാനസികമായും അവരുമായി ഐഡിയകൾ പങ്കുവെക്കാൻ അവരോടൊപ്പം നിൽക്കുന്ന രണ്ട് പെൺകുട്ടികളെ തന്നെ അവർ കണ്ടുപിടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. മക്കളുടെ കല്യാണം വന്നപ്പോൾ എന്റെ വീട്ടിൽ നിന്നുൾപ്പെടെ എല്ലാവരും ചോദിച്ചത് അതിനുള്ള സംഭവങ്ങളൊക്കെ കയ്യിലുണ്ടോ എന്നാണ്.

ഉണ്ടെന്ന് താൻ പറഞ്ഞെന്നും മല്ലിക സുകുമാരൻ ഓർത്തു. അച്ഛനില്ലാത്തത് കൊണ്ട് ഞാൻ ആരുടെയും അടുത്ത് ചെന്ന് എന്റെ മക്കളുടെ കല്യാണം നടത്തി തരണമെന്ന് പറഞ്ഞിട്ടില്ല. എന്റെ സുകുവേട്ടൻ അതെല്ലാം നോക്കിയും കണ്ടും അറിഞ്ഞും വേണ്ടത് പോലെ കരുതി വെച്ചു. കാശായിട്ട് ബാങ്കിൽ ഇട്ടെന്നല്ല. അവിടെയിവിടെയായി പുരയിടവും മറ്റും വാങ്ങി.
എന്തെങ്കിലും വിറ്റാലും സാരമില്ല, അവൾ ഒരു വിഷമം അറിയരുതെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെന്നും മല്ലിക സുകുമാരൻ പറയുന്നു. ഭർത്താവ് അന്തരിച്ച നടൻ സുകുമാരനെക്കുറിച്ച് മല്ലിക സംസാരിക്കാത്ത അഭിമുഖങ്ങളില്ല. നഷ്ടപ്പെട്ട് പോയെന്ന് കരുതിയ ജീവിതം തനിക്ക് തിരികെ തന്നത് സുകുമാരനാണെന്നാണ് മല്ലിക സുകുമാരൻ പറയാറുള്ളത്.
സിനിമാ രംഗത്ത് മല്ലിക സുകുമാരൻ ഇപ്പോഴും സജീവമാണ്. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം അടുത്തിടെ മല്ലിക ചെയ്തു. മകൻ പൃഥ്വിരാജിനൊപ്പം ഒന്നിലേറെ സിനിമകൾ ചെയ്തു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും മല്ലിക സുകുമാരൻ ശ്രദ്ധേയ വേഷം ചെയ്തു. ടെലിവിഷൻ രംഗത്തും നടി സാന്നിധ്യമറിയിക്കുന്നു.


Click it and Unblock the Notifications