പാലക്കാട് തൊട്ട് ക്ഷണിക്കാൻ തുടങ്ങിയെന്ന് മല്ലിക സുകുമാരൻ; സ്വന്തം ഫങ്ഷനാണെന്ന് തോന്നിയില്ലെന്ന് പൃഥ്വി
സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു പൃഥിരാജിന്റെ വിവാഹം. 2011 ലാണ് പൃഥ്വിരാജ് സുപ്രിയ മേനോനെ പാലക്കാട് വെച്ച് വിവാഹം ചെയ്യുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് സുപ്രിയയും പൃഥ്വിരാജും. അധികമാരെയും വിളിക്കാതെ വിവാഹം ചെയ്യാനായിരുന്നു രണ്ട് പേർക്കും താൽപര്യം. ഇപ്പോഴിതാ പൃഥ്വിരാജിന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. വിവാഹം പാലക്കാട്ടെ റിസോർട്ടിൽ വെച്ച് നടത്തിയതിന് കാരണമുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.
സുപ്രിയക്ക് വീൽ ചെയറിലുള്ള ഒന്ന് രണ്ട് അമ്മൂമ്മമാരുണ്ട്. ആണും പെണ്ണുമായി ഒരു മോളേ ഉള്ളൂ. അവർക്ക് കല്യാണത്തിന് വരണം. പക്ഷെ യാത്ര ചെയ്യാൻ പറ്റില്ല. ഏതെങ്കിലും അമ്പലത്തിൽ പോയി താലി കെട്ടി പിന്നെ ഒരു പാർട്ടി നടത്തിയാൽ മതിയെന്ന് തീരുമാനിച്ചു. അമ്പലം വേണ്ട, അതിനേക്കാൾ തിരക്കായിരിക്കും എന്ന് പറഞ്ഞ് പാലക്കാട്ടെ റിസോർട്ടിൽ വളരെ വേണ്ടപ്പെട്ട കുറച്ച് പേരെ വിളിച്ച് ചടങ്ങ് നടത്തി. 50-60 പേരെയുള്ളൂ. അത്ര പേരേ അവിടെ പറ്റൂ.

വയ്യാതിരുന്ന എല്ലാവരും അവിടെ വന്ന് കുട്ടികളെ അനുഗ്രഹിച്ചു. അത് കഴിഞ്ഞ് ഇറങ്ങിയപ്പോൾ രണ്ട് വണ്ടി നിറയെ മീഡിയക്കാരാണ്. അതുവരെ ഇങ്ങനെയൊരു സംഭവമുണ്ടെന്ന് വലിയ പബ്ലിസിറ്റി ഞങ്ങൾ കൊടുത്തിരുന്നില്ല. പക്ഷെ മാധ്യമമല്ലേ അറിയാതിരിക്കുമോ. നിങ്ങൾ നല്ല പണിയാണല്ലോ കാണിച്ചത്. ആരെയും വിളിച്ചില്ലല്ലോയെന്ന് അവർ ചോദിച്ചു. ആര് പറഞ്ഞ് വിളിക്കുന്നില്ലെന്ന്, ഇത് അമ്മൂമ്മമാർക്ക് വേണ്ടിയാണ്. നിങ്ങളെ രണ്ടാം തിയതി എറണാകുളത്ത് ക്ഷണിക്കുന്നു, എല്ലാ അനിയൻമാരും എത്തണം എന്ന് ഞാൻ പറഞ്ഞു.
വിവാഹത്തിന് ക്ഷണിച്ച പ്രമുഖരെല്ലാം എറണാകുളത്തെ ഹോട്ടലിൽ നടന്ന റിസപ്ഷന് വന്നിരുന്നെന്നും മല്ലിക സുകുമാരൻ ഓർത്തു. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. കുഞ്ഞാലിക്കുട്ടി സാഹിബ് വെള്ളിയാഴ്ച ജുമയ്ക്ക് പോകുന്നതിനാൽ വരാനാകില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം വന്ന് കല്യാണം തീരുന്നത് വരെ ഇരുന്നു. മാണി സർ എവിടെയോ ആയിരുന്നു അദ്ദേഹം വന്നു. ഞാൻ പാലക്കാട് തൊട്ട് ക്ഷണിക്കാൻ തുടങ്ങിയതാണ്.

ആരെയൊക്കെ നേരിട്ട് പോയി ക്ഷണിച്ചോ അവരെല്ലാവരും വന്നെന്നും മല്ലിക സുകുമാരൻ ഓർത്തു. അതേസമയം സ്വകാര്യമായി അധികം ആളില്ലാതെ നടത്തിയ വിവാഹ ചടങ്ങാണ് തനിക്കും സുപ്രിയക്കും പ്രിയപ്പെട്ടതെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിവാഹമെന്നത് കുടുംബത്തിന് ഒരു അനുഭവവും സന്തോഷവുമാണ്. അത് വലുതാകുന്തോറും നമ്മുടെ ഫങ്ഷൻ അല്ലാതാകും.
വേറെ ആരുടെയോ ഫങ്ഷനാണ് നമ്മൾ അതിന്റെ ഭാഗമാകുന്നു എന്ന് തോന്നിപ്പോകുമെന്ന് പൃഥ്വിരാജ് തുറന്ന് പറഞ്ഞു. എന്റെ കല്യാണം അധികമാരെയും അറിയിക്കാതെ കുടുംബത്തെ മാത്രം വിളിച്ചാണ് നടത്തിയത്. അമ്പത് പേരോളമേ വിവാഹത്തിനുണ്ടായിരുന്നുള്ളൂ. അതിന് ശേഷം എറണാകുളത്ത് പത്ത് പതിനായിരം ആൾക്കാർ കൂടി ഫങ്ഷൻ നടത്തി. ആ ഫങ്ഷനെക്കുറിച്ച് ഒരു ഓർമയും തനിക്കോ സുപ്രിയക്കോ ഇല്ലെന്നും പൃഥ്വിരാജ് അന്ന് പറഞ്ഞു.


Click it and Unblock the Notifications