പെെസയ്ക്ക് രാജു പേശിയില്ല, ലാലേട്ടന്റെ വലിയൊരു പടം എന്ന് പറഞ്ഞ് എടുത്ത് ചാടി, പക്ഷെ...; മല്ലിക സുകുമാരൻ
പൃഥ്വിരാജിന്റെ കരിയറിൽ ഏറ്റവും ചർച്ചയായതും ഏറ്റവും വിവാദമായതും എമ്പുരാൻ എന്ന സിനിമയാണ്. പൃഥ്വിരാജോ അണിയറ പ്രവർത്തകരോ വിചാരിക്കാത്ത തരത്തിൽ രാഷ്ട്രീയ വിവാദമായി എമ്പുരാൻ മാറി. സിനിമയിലെ ചില സീനുകൾ ഒഴിവാക്കി. ഇപ്പോഴിതാ എമ്പുരാൻ വിവാദങ്ങൾ പൃഥ്വിരാജിനെ വിഷമിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ദ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
എമ്പുരാൻ പൃഥ്വിരാജിന് നഷ്ടക്കച്ചവടമായോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മല്ലിക. ഇങ്ങനെയൊരു മാനസിക വിഷമം അവന് വരുമെന്ന് അവമൊരിക്കലും പ്രതീക്ഷിച്ചില്ല. സത്യസന്ധമായി ഞാൻ പറയുകയാണ്. അവനതിൽ എത്ര രൂപ കിട്ടിയെന്ന് ആന്റണിയോട് ചോദിച്ചാൽ പറഞ്ഞ് തരും. പെെസയ്ക്ക് അവൻ പേശിയിട്ടില്ല. ഇത്രയും വലിയൊരു പടം ലാൽ എടുത്ത് കയ്യിൽ കൊടുക്കുന്നു. ആന്റണി അതിന് കൂട്ടുനിൽക്കുന്നു. അതൊരു വലിയ അംഗീകാരമായാണ് രാജു എടുത്തത്. രണ്ടോ മൂന്നോ പടം മാറ്റി വെച്ചു. കാളിയനൊക്കെ എമ്പുരാന് മുമ്പ് വരേണ്ടതായിരുന്നു.

അതെല്ലാം മാറ്റി വെച്ച് ലാലേട്ടന്റെ വലിയൊരു പടം വരുന്നു എന്ന് പറഞ്ഞ് എടുത്ത് ചാടിയിട്ട് അവസാനം ഇങ്ങനെ വന്നു. എന്താ മോനെയിത് എന്ന് വിവാദങ്ങളെക്കുറിച്ച് ഞാൻ മുരളി ഗോപിയോട് നേരിട്ട് ചോദിച്ചു. വിട് ആന്റീയെന്ന് മുരളി പറഞ്ഞു. മുരളി ചെറിയ നീരസത്തോടെ ഇവർക്കൊന്നും മറുപടി അർഹിക്കുന്നില്ല എന്ന രീതിയിൽ അങ്ങ് വിടുകയായിരുന്നു.
പക്ഷെ ഞാനൊരു സ്ത്രീയല്ലേ, വിമൺസ് കോളേജ് ഗ്രൂപ്പുണ്ട്. ഖത്തറിലും ഓസ്ട്രേലിയയിലും അമേരിക്കലയിലും ലണ്ടനിലും ഒരുപാട് പേരുണ്ട്. ചേച്ചീ, അങ്ങനെയല്ല, രാജുവിനെ മാത്രം എന്താണിങ്ങനെ പറയുന്നതെന്ന ചോദ്യം അവരിൽ നിന്നും കോമൺ ചോദ്യമായി വന്നു. അങ്ങനെയാണ് താൻ പ്രതികരിച്ചത്. ഇന്നും രാജുവിനുള്ള നില പോയിട്ടില്ലെന്നാണ് ഇപ്പോൾ അവർ പറയുന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.


Click it and Unblock the Notifications