ഇന്ദ്രന്റെ പുതിയ വീട്, ഈ മുറി അമ്മയ്ക്കാണെന്ന് പറച്ചിലുണ്ട്, പക്ഷെ ഞാൻ വരില്ലെന്ന ആശ്വാസം അവർക്കുണ്ട്: മല്ലിക
കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ നടി മല്ലിക സുകുമാരന് ഇഷ്ടമാണ്. മക്കളുടെയും മരുമക്കളുടെയും ജീവിതത്തെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിക്കാറുണ്ട്. മക്കളുടെ തിരക്കുകൾ മനസിലാക്കുന്ന മല്ലിക സുകുമാരൻ മക്കളോടൊപ്പമല്ല താമസിക്കുന്നത്. എന്ത് കൊണ്ട് മക്കൾക്കും മരുമക്കൾക്കുമൊപ്പം താമസിക്കുന്നില്ലെന്ന് ആരാധകരുടെ ചോദ്യം പലപ്പോഴും വരാറുണ്ട്. എന്നാൽ തനിക്കതിന് താൽപര്യമില്ലെന്നാണ് മല്ലിക സുകുമാരൻ പറയാറുള്ളത്. ഇപ്പോഴിതാ ഇതേക്കുറിത്ത് സംസാരിക്കുകയാണ് നടി.
പൂർണിമ മാത്രമല്ല സുപ്രിയക്കും സ്വന്തം അമ്മയോടാണ് കൂടുതൽ അടുപ്പമെന്ന് മല്ലിക സുകുമാരൻ പറയുന്നു. കൗമുദി മൂവീസിലാണ് പ്രതികരണം. സ്വന്തം അമ്മ വേറെ, ഭർത്താവിന്റെ അമ്മ വേറെ. രണ്ടും രണ്ട് ത്രാസിലാണ് പണ്ട് മുതലേ നമ്മുടെ സമൂഹത്തിൽ. എനിക്ക് എന്റെ അമ്മയോട് സ്വാതന്ത്ര്യത്തോടെ പറയാൻ പറ്റുന്ന കാര്യങ്ങൾ സുകുവേട്ടന്റെ അമ്മയോട് പറയാൻ പറ്റില്ല. അമ്മയെന്ത് വിചാരിക്കും എന്ന ഭയമുണ്ടാകും. അമ്മമാരാണത് തിരുത്തേണ്ടത്. കുട്ടികൾക്ക് ഭയമുണ്ടാകും.

നിന്നെ ഞാൻ പ്രസവിച്ച് വളർത്തിയത് പോലെ തന്നെ ആ രണ്ട് ആൺമക്കളെയും ആ അമ്മ വളർത്തിക്കൊണ്ട് വന്നതാണെന്ന് പെൺമക്കളോട് പറയണം. തന്റെ അമ്മ അങ്ങനെയായിരുന്നെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. അമ്മായിയമ്മയിൽ നിന്നും മരുമക്കൾ അകലം കാണിക്കുന്നത് മനപ്പൂർവമല്ല. പൂർണിമയ്ക്കും സുപ്രിയക്കും യാത്രയ്ക്ക് സഹായത്തിന് അവനവന്റെ അമ്മ കൂടെ പോകുന്ന സുഖം ചിലപ്പോൾ അമ്മായിയമ്മയുള്ളപ്പോൾ കിട്ടണമെന്നില്ല. അമ്മയറിഞ്ഞാലും സാരമില്ല, അമ്മായിയമ്മ അറിയല്ലേ എന്ന് ചിന്തിക്കുന്ന മരുമക്കളുടെ കാലമാണ്.
അവരുടേതായ ലോകം കെട്ടിപ്പടുത്ത് ഉയർത്താനുള്ള ഓട്ടത്തിലാണ് എല്ലാവരും. പിന്നെ അറിയാൻ മാത്രമുള്ള രഹസ്യമൊന്നും ഞങ്ങളുടെ കുടുംബത്തിൽ ഇല്ല. ഉണ്ടെങ്കിൽ മക്കൾ പറയും. മക്കളോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹമില്ലേ എന്ന് ഒരുപാട് പേർ ചോദിക്കും. എനിക്ക് ഒരുപാട് യാത്ര ചെയ്യാൻ വയ്യ. സുകുവേട്ടനോടൊപ്പം അമേരിക്കയിലും ജപ്പാനിലും ഓസ്ട്രേലിയയിലുമെല്ലാം ഞാൻ പോയിട്ടുണ്ട്. മക്കളുടെ യാത്രയിൽ ഒപ്പം ചേരാൻ തനിക്ക് ഇഷ്ടമല്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പുതിയ വീടിനെക്കുറിച്ചും മല്ലിക സംസാരിച്ചു. ഇത്തവണത്തെ ഓണം ഇന്ദ്രജിത്തിന്റെ വീട്ടിലായിരുന്നു. എറണാകുളത്ത് നല്ല വീട് വെച്ചിട്ടുണ്ട്. വ്യത്യസ്തമായ രീതിയേ എപ്പോഴും ഇന്ദ്രനും പൂർണിമയും സ്വീകരിക്കാറുള്ളൂ. വീടിനുപരി വലിയ സൈസായിപ്പോയെന്ന് ഞാൻ പറഞ്ഞു. എല്ലാവർക്കും മുറികളുണ്ട്.
രണ്ട് മക്കളും ഈ മുറി അമ്മയ്ക്കാണേ എന്ന് പറയും. പറച്ചിൽ കേട്ടാൽ തോന്നും ഞാനവിടെ ചെന്ന് കിടക്കുമെന്ന്. അമ്മയ്ക്ക് കിടക്കാൻ താഴയൊരു മുറിയെന്ന് പറച്ചിലൊക്കെയുണ്ട്. പക്ഷെ അമ്മ അനങ്ങാൻ പോകുന്നില്ലെന്ന് അവർക്ക് വിശ്വാസമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. വളരെ ഭംഗിയായി പണിത വീടാണ് ഇന്ദ്രജിത്തിന്റേതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും സജീവമാണ് മല്ലിക സുകുമാരൻ.


Click it and Unblock the Notifications