അഖിൽ മാരാർ എന്ത് കണ്ടിട്ടാണ് പറഞ്ഞത്, ബഹുമാനം പോയി, എനിക്കിന്ന് ട്രോളൻ മാത്രം: മല്ലിക സുകുമാരൻ
അഖിൽ മാരാറിനെതിരെ വിമർശനം ഉന്നയിച്ച് നടി മല്ലിക സുകുമാരൻ. പൃഥ്വിരാജിനെതിരെ ഈയടുത്ത് അഖിൽ മാരാർ സംസാരിച്ചിരുന്നു. പൃഥ്വിരാജിന്റെ നിലപാടും പ്രവൃത്തിയും വ്യത്യസ്തമാണെന്നും ദിലീപ് സംസാരിക്കുന്നതിന് പകരം പ്രവൃത്തിയിലൂടെ കാണിക്കുന്ന ആളാണെന്നുമായിരുന്നു അഖിൽ മാരാറിന്റെ പരാമർശം. ദിലീപാണ് പുതിയ ആളുകൾക്ക് അവസരം നൽകിയതെന്നും പൃഥ്വിരാജ് നടത്തിയ പല പ്രസ്താവനകളും പക്ഷെ പ്രവൃത്തിയിൽ കണ്ടിട്ടില്ലെന്നും അഖിൽ മാരാർ തുറന്നടിച്ചു. ഇതിനെതിരെയാണ് മല്ലിക സുകുമാരൻ സംസാരിച്ചത്.
ഗാലറി വിഷൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വഴിയേ പോകുന്ന ചെണ്ടയ്ക്കെല്ലാമിട്ട് അടിക്കുന്ന ഒരുത്തൻ. അവനെ ഞാൻ ആദ്യം കാണുന്നത് കൊട്ടാരക്കര ഒരു ഫങ്ഷനിൽ വെച്ചാണ്. ബിഗ് ബോസിൽ നിന്ന് വന്ന സമയമാണ്. സാമർത്ഥ്യമുള്ള ചെറുപ്പക്കാരൻ എന്ന് അവിടെ വെച്ച് ഞാൻ പരസ്യമായി പറഞ്ഞതാണ്. പക്ഷെ കൂലിവേലക്കാരനെ പോലെയൊരാൾ. സ്വന്തം അഭിപ്രായമുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്. ഇല്ല. ഭയങ്കര അഭിനേതാവാണ്. പക്ഷെ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല. അല്ലാതെ അഭിനയിക്കാൻ മിടുക്കനാണ്.

പൃഥ്വിരാജിനെതിരെ എന്ത് കണ്ടിട്ടാണ് ഇയാൾ ഈയടുത്ത കാലത്ത് പറഞ്ഞത്. കുരുതി തൊട്ട് ഇങ്ങോട്ട് പൃഥ്വിരാജ് പെെസ മുടക്കുന്ന സിനിമകളിൽ പുതിയ ആൾക്കാരാണ്. മ്യൂസിക് ഡയരക്ടേർസ്, റെെറ്റേഴ്സ്, ആർട്ടിസ്റ്റുകൾ തുടങ്ങിയവരെല്ലാം. ഒന്നും അന്വേഷിക്കേണ്ട, ആരെയെങ്കിലും സുഖിപ്പിച്ച് എന്തെങ്കിലും കാര്യ സാധിക്കാൻ വേണ്ടി പറയുന്നതാണ്.
അങ്ങനെ പറയാനാണെങ്കിൽ ഞങ്ങൾക്കും പറയാനുണ്ട്. പക്ഷെ പാവം കൊച്ചൻ ജീവിച്ച് പോയിക്കോട്ടെയെന്ന് കരുതിയാണ്. അവനെവിടെ കിടക്കുന്നു ഞാനെവിടെ കിടക്കുന്നു. എനിക്ക് 71 വയസായി. അഖിൽ മാരാറിനോട് എനിക്കുണ്ടായിരുന്ന ബഹുമാനം ഈ ലൂസ് ടോക്കിലൂടെ പോയിക്കിട്ടി. ഇപ്പോൾ ഞാൻ ഒരു ട്രോളനായാണ് കാണുന്നതെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു.


Click it and Unblock the Notifications