കോടമ്പക്കത്ത് എരിഞ്ഞ് അടങ്ങുമായിരുന്ന ജീവിതം, പലർക്കും മല്ലികയെ ഭയമാണ്, ആദർശം പണയപ്പെടുത്താത്ത മുതിർന്ന നടി!
കലയും സാഹിത്യവും സിനിമയുമെല്ലാം കൂട്ടുപിണഞ്ഞ് കിടക്കുന്നതാണ് മല്ലിക സുകുമാരന്റെ ജീവിതം. ഒരുപാട് വളവ് തിരിവുകളിലൂടെ സഞ്ചരിച്ച് ജീവിതാനുഭവങ്ങളിലൂടെ പാഠം പഠിച്ച് വന്നവരാണവർ. ഇന്നും ആ പഠനം തുടർന്നുകൊണ്ടേയിരിക്കുന്നു. കോടമ്പക്കത്ത് എരിഞ്ഞ് അടങ്ങേണ്ടിയിരുന്ന ജീവിതം തിരിച്ച് പിടിച്ച പെൺകരുത്താണ് മല്ലിക സുകുമാരൻ. മലയാള സിനിമയിലെ വിവരവും വിദ്യാഭ്യാസവും നിലപാടുമുള്ള നായകൻ സുകുമാരൻ മോഹിച്ച് അംഗീകരിച്ച് സ്വന്തമാക്കിയതാണ് മോഹമല്ലികയെ.
കഴിഞ്ഞ ദിവസം ദിലീപിനെ കുറിച്ചും ഭഭബ സിനിമയെ കുറിച്ചും മല്ലിക പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. വിവരമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ഡയലോഗ് ഇപ്പോൾ പറയേണ്ടെന്ന് പറയുമായിരുന്നു. നിർമ്മാതാവോ സംവിധായകനോ ആയിരിക്കും ഇത് പറയിപ്പിച്ചത്.

സിനിമയ്ക്ക് വലിയ ഗുണമൊന്നുമില്ലെന്ന് ആളുകൾ പറയുന്നുണ്ട്. പൃഥ്വിരാജിന്റെ സിനിമകൾക്കെതിരെ സിനിമാ മേഖലയിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ടെന്നുമാണ് മല്ലിക സുകുമാരൻ പറഞ്ഞത്. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.
മലയാള സിനിമയിലെ ആദർശം പണയപ്പെടുത്താത്ത മുതിർന്ന നടി എന്നാണ് അഷ്റഫ് മല്ലികയെ വിശേഷിപ്പിച്ചത്. സുകുമാരനുമായി വ്യക്തിപരമായ അടുപ്പവും സ്നേഹവും എനിക്ക് ഉണ്ടായിരുന്നു. എന്റെ സിനിമയായ ഒരു മുത്തശ്ശിക്കഥയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗൗരവക്കാരനാണെങ്കിലും മല്ലിക ചേച്ചി പറയുന്നതൊക്കെ അംഗീകരിക്കുന്നയാളായിരുന്നു അദ്ദേഹം.
പ്രതിഭാധനരായ രണ്ടുപേരെ മലയാള സിനിമയ്ക്ക് നൽകിയ അമ്മയാണ് മല്ലിക. നന്ദിയില്ലാത്ത സിനിമാലോകത്ത് തന്നെ വാക്കുകൊണ്ട് പോലും സഹായിച്ചവരെ നന്ദിപൂർവം ഓർത്തും മറ്റുള്ളവരെ ഓർമിപ്പിച്ചും നിരന്തരം സംസാരിക്കുന്ന നടിയാണവർ. സുകുമാരനെപ്പോലെ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് മല്ലികയ്ക്കുമുണ്ട്. നടികളെ നിശബ്ദരാക്കുന്ന രീതികളൊന്നും മല്ലികയുടെ അടുത്ത് നടക്കില്ല.
അതുകൊണ്ട് തന്നെ പലർക്കും അവരെ ഭയമാണ്. അവരുടെ എതിർ അഭിപ്രായങ്ങൾക്കെല്ലാം യുക്തിയുണ്ടാകും. നടി ആക്രമിച്ച കേസിൽ വിധി വന്നശേഷം അവർ ഉന്നയിച്ച ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ദിലീപ് അല്ലെങ്കിൽ മറ്റൊരാളുണ്ടാകുമല്ലോ... അത് ആരാണ്?. അയാൾ മറയത്ത് നിൽപ്പുണ്ടല്ലോ. കണ്ടുപിടിക്കണ്ടേ എന്നാണ് മല്ലിക ചേച്ചി ചോദിച്ചത്.

ആദർശം പണയപ്പെടുത്താത്ത മുതിർന്ന നടി പൊതുസമൂഹത്തിലേക്കും അധികാരികളുടെ നേരെയും തൊടുത്തുവിട്ട ചോദ്യമാണ് അത്. ശത്രുക്കൾ ഉണ്ടാകുമെന്ന് ഉത്തമബോധ്യമുണ്ടായിട്ടും മല്ലികയും മക്കളും അതിജീവിതയ്ക്കൊപ്പം ഉറച്ച് നിന്നു. ഡബ്ല്യുസിസിയോട് അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും അവരുടെ തെറ്റുകളും ചൂണ്ടികാണിച്ചിരുന്നു.
അതുപോലെ അമ്മയിൽ തുടരുമ്പോഴും അവിടെ നടക്കുന്ന അനീതികൾക്ക് എതിരെ പ്രതികരിക്കുന്നവരുടെ പക്ഷത്ത് ധൈര്യപൂർവം മല്ലിക ചേച്ചി നിൽക്കാറുണ്ട്. അമ്മയിൽ നടക്കുന്ന പല അനീതികളും പൊതു ജന മധ്യത്തിൽ വിളിച്ച് പറയുന്നത് മല്ലിക ചേച്ചിയാണ്. അതുകൊണ്ട് തന്നെ അവർക്ക് എതിരെ വലിയൊരു ശത്രുനിരയും അവിടെയുണ്ട്. മല്ലിക ഒരു ലൂസ് ടോക്കറാണെന്നാണ് അമ്മയിലെ ചില അംഗങ്ങൾ പറയാറുള്ളത്.
മല്ലിക ചേച്ചിയും പുത്രന്മാരും അവരുടെ ഭാര്യമാരും അതിജീവിതയ്ക്കൊപ്പമെന്ന ഉറച്ച നിലപാട് എടുത്തപ്പോൾ ഇവരുടെയൊക്കെ വായ അടപ്പിക്കണമെങ്കിൽ ആദ്യം പൃഥ്വിരാജിനെ ഒതുക്കണമെന്ന ചാണക്യതന്ത്രം നടപ്പാക്കാൻ ശ്രമിച്ചു. മമ്മൂട്ടിയെപോലെയും മോഹൻലാലിനെപോലെയും ഇനിയും പതിറ്റാണ്ടുകൾ നിലനിൽക്കാൻ ഇപ്പോൾ സാധ്യതയുള്ള ഏകനടൻ പൃഥ്വിരാജ് ആണെന്ന് ഓർക്കണം.
വെല്ലുവിളികൾ പൃഥ്വിരാജിന് പുതുമയൊന്നുമില്ല. അതൊക്കെ ഉയരങ്ങൾ കീഴടക്കാനുള്ള ചവിട്ടുപടികളായി കണ്ട് മുന്നോട്ട് നീങ്ങുകയാണ്. സിനിമയുടെ സമസ്ത മേഖലകളിലും പൃഥ്വിരാജിന്റെ തേരോട്ടം തുടരുകയാണ്. മല്ലിക ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നുമാണ് ആലപ്പി അഷ്റഫ് പറഞ്ഞത്. പൃഥ്വിരാജ് ഇന്ന് ബോളിവുഡിൽ അടക്കം തിരക്കുള്ള അഭിനേതാവാണ്.


Click it and Unblock the Notifications











