മമ്മൂട്ടി സാറിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് മാമാങ്കം; സന്തോഷം പങ്കുവച്ച് ഇനിയ
സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം ഡിസംബര്‍ 12 നാണ് തിയേറ്ററിലെത്തുന്നത്. അതിന്റെ മുന്നോടിയായി പ്രമോഷന്‍ പരിപാടികള്‍ തകര്‍തിയായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. ചെന്നൈയില്‍ വച്ച് നടന്ന പ്രമോഷന്‍ പരിപാടിയില്‍ സിനിമയില്‍ അഭിനയിച്ച അനുഭവം ചിത്രത്തിലെ നായികമാരില്‍ ഒരാളായ ഇനിയ പങ്കുവച്ചു. മാമാങ്കത്തിലൂടെ തമിഴിലേക്ക് മടങ്ങിയെത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഇനിയ പറഞ്ഞു.

കേരളത്തിന്റെ ചരിത്രം പറയുന്ന മാമാങ്കം പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. ഡാന്‍സിലുള്ള എന്റെ കഴിവ് പ്രകടിപ്പിയ്ക്കാന്‍ ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ചിത്രത്തിലെ മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം. മാത്രമല്ല, മമ്മൂട്ടി സാറിനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് മാമാങ്കം. മൂന്ന് ചിത്രങ്ങള്‍ മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്യാന്‍ കഴിഞ്ഞതിലെ സന്തോഷവും ഇനിയ പങ്കുവച്ചു. പരോള്‍, പുത്തന്‍പണം എന്നിവയാണ് ഇനിയ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications











